പ്രവാസിയുടെ ഭാര്യയുമായുള്ള ഓട്ടോ ഡ്രൈവറുടെ ബന്ധം കൊലപാതകത്തിൽ കലാശിച്ചു

പ്രവാസിയുടെ ഭാര്യയുമായുള്ള ഓട്ടോ ഡ്രൈവറുടെ ബന്ധം കൊലപാതകത്തിൽ കലാശിച്ചു; പ്രതികൾ അറസ്റ്റിൽ

കൊല്ലം ചിന്നക്കടയിൽ കൊട്ടെഷൻ സംഘം ഓട്ടോ ഡ്രൈവർ സിയാദിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ അഞ്ചു പേർ പോലീസ് പിടിയിലായി. സംഭവത്തിൽ ഒരു പ്രവാസിയെയും ബന്ധുക്കളെയും പോലീസ് സംശയിക്കുന്നതായി റിപ്പോർട്ടുകളുണ്ട്.

അവിവാഹിതനായ സിയാദും പള്ളിത്തോട്ടം സ്വദേശിയായ പ്രവാസിയുടെ ഭാര്യയും തമ്മിൽ അടുപ്പത്തിലായിരുന്നു. അക്കാലത്ത് വീട്ടിൽ നിന്നിറങ്ങിപ്പോയി പ്രവാസിയുടെ ഭാര്യ സിയാദിനൊപ്പം രണ്ടാഴ്ച്ചയോളം കഴിയുകയും ചെയ്തിരുന്നു.


ഒടുവിൽ ഭർത്താവും ബന്ധുക്കളും ഇടപ്പെട്ട് യുവതിയെ തിരിച്ചു കൊണ്ടുപോവുകയും കൗൺസിലിംഗിന് വിധേയയാക്കുകയും ചെയ്തു. വീടുമാറി താമസിച്ചിട്ടും യുവതിയും സിയാദും തമ്മിലുള്ള അവിഹിതബന്ധം തുടരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാവാം പ്രവാസിയും ബന്ധുക്കളും ഇയാൾക്കെതിരെ കൊട്ടേഷൻ കൊടുത്തതെന്ന് പോലീസ് അനുമാനിക്കുന്നു. യുവതിയുടെ അമ്മാവൻ ഉൾപ്പെടെ പത്തു പേർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

ഞായറാഴ്ച്ച രാത്രി 12:30 ക്ക് ഓട്ടം കഴിഞ്ഞു വരികയായിരുന്ന സിയാദിനേ ആഡംബര ബൈക്കുകളിൽ പിന്തുടർന്ന് വന്ന അക്രമിസംഘം ചിന്നക്കട ഉഷ തീയറ്റർ ജംഗ്ഷനിൽ വച്ച് കുത്തുകയും വെട്ടുകയും ചെയ്തു. രക്ഷപ്പെടാൻ വേണ്ടി മഹാറാണി മാർക്കറ്റ് ഭാഗത്തേക്ക് വണ്ടി തിരിച്ച സിയാദിന്റെ ഓട്ടോ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. പിന്നാലെ വന്ന കൊലയാളികൾ മരണം ഉറപ്പാക്കിയിട്ടാണ് സ്ഥലം വിട്ടതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.

ഓട്ടോ മറിയുന്ന ശബ്ദം കേട്ട പൂക്കടക്കാരാണ് പോലീസിൽ വിവരമറിയിച്ചത്. പോലീസെത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. കഴുത്തിന് പിറകിലേറ്റ വെട്ടും കുത്തുമാണ് മരണകാരണമായത്. ഹോക്കി സ്റ്റിക്ക് കൊണ്ടുള്ള അടിയിൽ ഇയാളുടെ വാരിയെല്ലുകൾ തകർന്നിരുന്നതായും പോലീസ് പറഞ്ഞു.

ബീച്ച് റോഡ് മുതൽ സിയാദിന്റെ ഓട്ടോയെ പിന്തുടരുന്ന ബൈക്കുകളുടെ സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഓട്ടോ അപകടത്തിൽപ്പെട്ട സ്ഥലത്ത് വച്ച് ഹോക്കിസ്റ്റിക്കും, പഴ്സും ഒരു മൊബൈൽ ഫോണും പോലീസ് കണ്ടെടുത്തിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*