യാത്രക്കാരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്താന്‍ ശ്രമിച്ച മൂവര്‍ സംഘം അറസ്റ്റില്‍

യാത്രക്കാരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്താന്‍ ശ്രമിച്ച മൂവര്‍ സംഘം അറസ്റ്റില്‍

കൊല്ലം ഹൈവേയില്‍ യാത്രക്കാരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്താന്‍ ശ്രമിച്ച മൂവര്‍ സംഘം അറസ്റ്റില്‍. ആലപ്പുഴ തോട്ടപ്പള്ളി സ്വദേശികളായ അര്‍പ്പിത് നായര്‍, മിഥില്‍ രാജ്, ശ്രീജിത്ത് എന്നിവരെയാണ് ഓച്ചിറ പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു അറസ്റ്റ്.

എറണാകുളത്ത് വൈറ്റിലയില്‍ പോയശേഷം തിരികെ വരികയായിരുന്ന കോയിവിള സ്വദേശി പ്രകാശും, ഭാര്യയും, ബന്ധുക്കളായ മൂന്ന് സ്ത്രീകളും ഉള്‍പ്പെടുന്നവര്‍ സഞ്ചരിച്ച കാറ് തടഞ്ഞാണ് കവര്‍ച്ചയ്ക്ക് ശ്രമം നടന്നത്.

പ്രകാശ് ഓടിച്ചിരുന്ന വാഹനത്തെ ആലപ്പുഴ ഭാഗത്ത് നിന്നും ആഢംബര കാറില്‍ പിന്‍തുടര്‍ന്ന സംഘം പലയിടത്ത് വച്ചും കാര്‍ തടയാന്‍ ശ്രമിച്ചു. ഇതോടെ കൃഷ്ണപുരത്ത് എത്തിയ പ്രകാശ് ഓച്ചിറ പൊലീസിനെ വിവരം അറിയിച്ചു. പിന്നീട് ഓച്ചിറ ജംഗ്ഷനില്‍ വന്‍ സന്നാഹവുമായി അണി നിരന്ന പൊലീസ് മൂവര്‍ സംഘം സഞ്ചരിച്ച വാഹനം തടഞ്ഞു അവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ഇവരില്‍ നിന്നും പൊലീസ് കണ്ടെടുത്ത എയര്‍ പിസ്റ്റല്‍ രാത്രി കാലങ്ങളില്‍ യാത്രക്കാരെ ഭീഷണിപ്പെടുത്തി കവര്‍ച്ചയ്ക്ക് ഉപയോഗിക്കുന്നതാണോ എന്ന് പരിശോധിച്ചു വരികയാണ്. പിടിയിലായ മൂവരും മദ്യ ലഹരിയിലായിരുന്നു. ഇവര്‍ സഞ്ചരിച്ച കാര്‍ പൊലീസ് കസ്റ്റഡിയിലാണ്. എയര്‍ ഗണിന് ലൈസന്‍സ് ആവശ്യമില്ലെങ്കിലും ഇത് വാങ്ങിയത് അംഗീകൃത ആര്‍മറിയില്‍ നിന്നാണോ എന്ന് പൊലീസ് പരിശോധിക്കും.

ഗുജറാത്തില്‍ ജനിച്ചു വളര്‍ന്ന അര്‍പ്പിത് നായര്‍ അര്‍ബുദ രോഗത്തിന് ചികിത്സയിലാണ്. രോഗത്തിന്റെ പിടിയിലായതിനാല്‍ വീട്ടുകാര്‍ നല്‍കിയ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്തു കുഴപ്പങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നുവെന്ന വിവരമാണ് പൊലീസിന് ലഭിച്ചത്. ഇവര്‍ക്കെതിരെ ആലപ്പുഴയില്‍ കേസുകള്‍ എന്തെങ്കിലും ഉണ്ടോയെന്ന് അന്വേഷിച്ചും വരികയാണ്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment