കൊട്ടിയൂരിൽ ഇന്ന് രോഹിണി ആരാധന,ആലിംഗന പൂജ

ആരാധനകളിൽ നാലാമത്തെയും,അവസാനത്തെയും,പ്രധാന ആരാധനയുമായ രോഹിണി ആരാധന ആലിംഗന പുഷ്പാഞ്ജലി ഇന്ന്.
ദക്ഷയാഗ കാലത്ത് പിതാവ് നടത്തുന്ന യാഗം കാണാൻ സതി ദേവി കൈലാസത്തിൽ നിന്ന് ഭൂതഗണങ്ങളോടൊപ്പം കൊട്ടിയൂരിലെത്തി. പിതാവായ ദക്ഷൻറ്റെ അപമാനത്താൽ സതി ദേവി യാഗാഗ്നിയിൽ ചാടി ദേഹ ത്യാഗം ചെയ്തു.ഇതറിഞ്ഞ പരമശിവൻ വിരഹ ദുഃഖത്താലും,കോപിഷ്ടനായും സംഹാര താണ്ഡവമാടി തിരുജട നിലത്തെറിഞ്ഞു വീരഭദ്ര സ്വാമിയെയും,തൃക്കണ്ണിൽ നിന്ന് ഭദ്ര കാളിയെയും സൃഷ്ട്ടിച്ച്‌ ഭൂതഗണങ്ങളോടൊപ്പം കൊട്ടിയൂർ ദക്ഷയാഗ ഭൂമിയിലേക്ക് അയച്ചു. ഭൂതഗണങ്ങൾ ദക്ഷയാഗം അടിച്ച് തകർത്തു.യാഗമുനിയായ ഭൃഗത് മുനിയടക്കമുള്ളവരുടെ താടിയും മുടിയും പിഴുതെറിഞ്ഞു.വീരഭദ്ര സ്വാമി തൻറ്റെ വാളാൽ ദക്ഷൻറ്റെ തലയറുത്ത് യാഗാഗ്നിയിൽ എറിഞ്ഞു.ഭദ്ര കാളി ദക്ഷൻറ്റെ കഴുത്തിലെ ചോര കുടിച്ചു.
പരമശിവൻറ്റെ സംഹാര താണ്ഡവത്താൽ ഈരേഴ് ലോകവും ഞെട്ടി വിറച്ചു.ഭൂമിയിൽ സർവ്വ നാശവും സംഭവിച്ചു.ഉഗ്ര താപത്താൽ ഹിമാലയം ഉരുകിയൊലിച്ചു.ഇത് കണ്ട ദേവന്മാർ ഞെട്ടി വിറച്ചു.അവർ ബ്രഹ്മാവിനെ ചെന്ന് കണ്ടു കാര്യം പറഞ്ഞു ; പരമശിവൻറ്റെ കോപം അടക്കിയില്ലെങ്കിൽ ഭൂമിയിൽ സർവ്വ നാശം സംഭവിക്കുമെന്ന്.അപ്പോൾ ബ്രഹ്മാവ് പറഞ്ഞു പരമശിവൻറ്റെ കോപം തണുപ്പിക്കാൻ ഒരാൾക്കേ സാധിക്കൂ അത് സാക്ഷാൽ മഹാവിഷ്ണുവാണ്.ബ്രഹ്മാവിൻറ്റെ ഉപദേശ പ്രകാരം ദേവൻമാർ മഹാവിഷ്ണുവിനെ കണ്ടു കാര്യം ബോധിപ്പിച്ചു.മഹാവിഷ്ണു കൈലാസത്തിൽ എത്തി കോപത്താലും,വിരഹ ദുഃഖത്താലും സംഹാര താണ്ഡവമാടുന്ന പരമശിവനെ കെട്ടി പിടിച്ച് ആലിംഗനം ചെയ്തു ആശ്വസിപ്പിച്ചു.പരമശിവൻ കോപം അടക്കി ശാന്തനായി.ഈ ചടങ്ങിനെ അനുസ്മരിച്ചാണ് വൈശാഖ മഹോത്സവത്തിന് അക്കരെ കൊട്ടിയൂർ മണിത്തറയിൽ രോഹിണി ആരാധന നാൾ നടക്കുന്ന ആലിംഗന പൂജ.


കണ്ണൂർ തളിപ്പറമ്പിന് അടുത്തുള്ള കുറുമാത്തൂർ ഇല്ലത്തെ ബ്രാഹ്മണ ശ്രഷ്ട്ടൻറ്റെ ജന്മാവകാശമാണ്.രോഹിണി ആരാധനയുടെ തലേ ദിവസം കാർത്തിക നാൾ കുറുമാത്തൂർ നമ്പൂതിരിയും പാരികർമികളും മണത്തണ കുണ്ടൻ മഹാവിഷ്ണു ക്ഷേത്രത്തിൽ ദർശനം നടത്തി ആക്കൽ തറവാട്ടിൽ കഴിയുന്നു.
രോഹിണി ആരാധന ദിവസം രാവിലെഅക്കരെ കൊട്ടിയൂരിലെത്തി ആക്കൽ കയ്യാലയിൽ വിശ്രമിക്കുന്നു.
ഉച്ച പൂജക്ക്‌ മുഹൂർത്തമറിയിച്ച് പാലക്കുന്നം നമ്പൂതിരി രാശി വിളിച്ചാൽ ആക്കൽ കയ്യാലയിൽ നിന്നും കുറുമാത്തൂർ നമ്പൂതിരി മണിത്തറയിലേക്ക് പ്രവേശിക്കുന്നു.കുറുമാത്തൂർ നമ്പൂതിരി മണിത്തറയിൽ കയറുന്നതോടെ വാദ്യ ഘോഷങ്ങൾ തുടങ്ങും.ഈ അസുലഭാവസരം കാണാൻ ഹരിഗോവിന്ദ
കീർത്തനങ്ങളോടെ തിരുവഞ്ചിറക്കും,മണിത്തറക്കും ചുറ്റും ഭക്തജങ്ങളും,ക്ഷേത്ര ജീവനക്കാരും നിറയും.
കുറുമാത്തൂർ നമ്പൂതിരി മുഖമണ്ഡപത്തിൽ എത്തിയാൽ ഉഷകാമ്പ്രം നമ്പൂതിരി എതിരേറ്റു മണിത്തറയിൽ കയറ്റി തിരുത്തുന്നു.
മണിത്തറയിൽ ഉഷകാമ്പ്രംനമ്പൂതിരിയും,പനയൂർ നമ്പൂതിരിയും താഴെ പാലക്കുന്നം നമ്പൂതിരിയും പരികർമികളാണ്.
ആയിരം കുടം അഭിഷേകം കഴിഞ്ഞിരിക്കുന്ന ശിവലിംഗത്തിൽ ഉഷകാമ്പ്രം നമ്പൂതിരി നൽകുന്ന തുളസി കതിർ മന്ത്രങ്ങളോടൊപ്പം അർപ്പിക്കുകയും പാലക്കുന്നം നമ്പൂതിരി നൽകുന്ന തീർത്ഥവും അർപ്പിക്കുന്നു.ഈ പൂജ തുടർന്ന് കൊണ്ടിരിക്കും മണിത്തറയിലെ ശിവലിംഗം ഇരിക്കുന്ന പടു കുഴി മൂടത്തക്ക രീതിയിൽ തുളസിക്കതിർ വന്നു കഴിഞ്ഞാൽ മണിത്തറയിൽ മുട്ട് കുത്തി കമിഴ്ന്നു കിടന്നുകൊണ്ട് ഇരുകൈകൾ കൊണ്ടും ശിവലിംഗത്തെ കെട്ടി പിടിച്ച് ആലിംഗനം ചെയ്തു കൊണ്ട് മിനുട്ടുകളോളം ഈ പൂജ തുടരുന്നു.ശമിക്ക് ഭഗവാനെ എന്ന് പറഞ്ഞു കരഞ്ഞു കൊണ്ട് എഴുന്നേറ്റു വരുന്നു. ഈ അവസരത്തിൽ വാദ്യ മേളങ്ങൾ മുറുകുന്നു.എല്ലാവരും ഗോവിന്ദ ഹരിഗോവിന്ദ മന്ത്രങ്ങൾ ഉരുവിടുന്നു പ്രകൃതി പോലും നിശ്ചലമാകുന്നു അവസരം. കോപിഷ്ട്ടനും,വിരഹ ദുഃഖത്താലും ഇരിക്കുന്ന കൊട്ടിയൂരപ്പനെ ആ ഒരു നിമിക്ഷം മഹാവിഷ്ണുവിൻറ്റെ സാന്നിദ്ധ്യമുള്ള  നമ്പൂതിരി ആശ്വസിപ്പിക്കുന്ന ചടങ്ങ്.

ഒരു ദിവസം കൊട്ടിയൂരപ്പന് പൂജ ചെയ്യുന്ന 5 തറവാട്ടിലെ നമ്പൂതിരിമാർക്ക് പോലും ഇതുപോലൊരു അവസരമില്ല.രോഹിണി ആരാധന ആലിംഗന പൂജക്ക്‌ വേണ്ടി മാത്രംഒരു നമ്പൂതിരി വരുന്നു. ആലിംഗന പൂജ കഴിഞ്ഞു മണിത്തറയിൽ നിന്ന് ഇറങ്ങി ആക്കൽ കൈയ്യാലയിൽ പോയി വിശ്രമിക്കുന്ന നമ്പൂതിരിക്ക് വിശേഷാൽ ആരാധന സദ്യ നടത്തും.കുറുമാത്തൂർ തറവാട്ടിൽ പുല,വാലായ്മ,ആരെങ്കിലും മരിച്ച ദിവസം,മിഥുനമാസത്തിലെ രോഹിണി നാൾ വന്നാലും കൊട്ടിയൂരിൽ ആലിംഗന പൂജ നടത്തില്ല. ആലിംഗന പൂജ കഴിഞ്ഞാൽ പൊന്നിൻ ശീവേലി നടക്കും.കൊട്ടിയൂരപ്പൻറ്റെ സ്വർണകുടം,വെള്ളികുടം,വെള്ളി വിളക്ക്,വെള്ളി തളിക,മറ്റു വിശിഷ്ട പൂജാ പാത്രങ്ങൾ എന്നിവ ശിവേലിയെ അനുഗമിക്കും.
കുടിപതികൾ,വാളാശന്മാർ,കാര്യത്ത് കൈക്കോളന്മാർ,പാട്ടാളി എന്നിവർക്ക് കോവിലകം കൈയ്യാലയിൽ ആരാധന സദ്യ നടത്തും.
കണ്ണൂർ – പേരാവൂരിന് അടുത്തുള്ള വെക്കളം കരോത്ത് നായർ തറവാട്ടിൽ നിന്ന് വ്രത ശുദ്ധിയോടെ കറന്നെടുക്കുന്ന പശുവിൻ പാൽ 3 മുളംകുറ്റിയിലാക്കി വാട്ടിയ വാഴയില കൊണ്ട് വായ പൊതിഞ്ഞു കവൂൾ നാരു കൊണ്ട് കെട്ടി ആചാര കുടയുമായി ഓംകാരത്തോടെ കാൽനടയായി സന്ധ്യയോടെ കൊട്ടിയൂരിലെത്തുന്ന പാലമൃത് തേടൻ വാര്യർ കൂത്ത് വിളക്കുമായി സ്വീകരിച്ച് സന്നിധാനത്ത് എത്തിക്കും.
പാലമൃത് മറ്റു വിശിഷ്ട വസ്തുക്കൾ ചേർത്ത് പഞ്ചഗവ്യവും,കളഭവും,നവകാഭിഷേകവും അത്താഴ പൂജക്ക്‌ മുൻപായി അഭിഷേകം ചെയ്യും.
കോട്ടയം രാജ്യ വംശത്തിലെ പടിഞ്ഞാറേ കോവിലകം വകയാണ് രോഹിണി ആരാധന നടക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*