കെഎസ്ആര്‍ടിസി താല്‍ക്കാലിക ജീവനക്കാര്‍ വീണ്ടും സമരത്തിലയ്ക്ക്: 21ന് സെക്രട്ടേറിയേറ്റിന് മുന്നില്‍ ശയന പ്രദക്ഷിണം നടത്തും

പിരിച്ചുവിട്ട കെഎസ്ആര്‍ടിസി താല്‍ക്കാലിക ജീവനക്കാര്‍ വീണ്ടും സമരത്തിലേയ്ക്ക്. ഈ മാസം 21ന് എംപാനല്‍ കൂട്ടായ്മ സെക്രട്ടേറിയേറ്റിന് മുന്നില്‍ ശയന പ്രദക്ഷിണം നടത്തും. തൊഴിലാളി യൂണിയനുകളും സര്‍ക്കാരും വഞ്ചിച്ചെന്നാണ് ഇവരുടെ ആരോപണം. ഏകദേശം 3,861 കണ്ടക്ടര്‍ക്കാണ് ജോലി നഷ്ടപ്പെട്ടത്.

സര്‍വ്വീസില്‍ നിന്ന് പിരിച്ചുവിട്ടതിനെതിരെ നിയമ പോരാട്ടം നടക്കുമ്പോഴും സമരത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണ് എംപാനല്‍ കൂട്ടായ്മ.

പിരിച്ചുവിട്ട നടപടി അശാസ്ത്രീയമെന്നാരോപിച്ച് സുപ്രീംകോടതിയില്‍ എംപാലനലുകാര്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. ലോംഗ് മാര്‍ച്ചുള്‍പ്പെടെ നടത്തിയിട്ടും സര്‍ക്കാരും തൊഴിലാളി സംഘടനകളും ഒറ്റപ്പെടുത്തിയെന്നാരോപിച്ചാണ് അടുത്ത ഘട്ടം സമരം.

കെഎസ്ആര്‍ടിസിയിലെ യൂണിയനുകള്‍ ആത്മാര്‍ത്ഥമായ സമീപനമല്ല സ്വീകരിക്കുന്നത്. പലരും ഇനിയൊരു സര്‍ക്കാര്‍ ജോലി കിട്ടാനുളള പ്രായപരിധി മാനദണ്ഡത്തിന് പുറത്തുളളവരാണ്. ഈ സാഹച്യത്തില്‍ പിരിച്ചുവിടപ്പെട്ടവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരമോ പുനരധിവാസമോ നല്‍കണമെന്നും കൂട്ടായ്മ ആവശ്യപ്പെടുന്നു.

അതിനിടെ വലിയ നഷ്ടത്തിലാണെങ്കില്‍ കെഎസ്ആര്‍ടിസി അടച്ചുപൂട്ടിക്കൂടേ എന്ന് സുപ്രീംകോടതി ഇന്ന് ചോദിച്ചു. താല്‍കാലിക ജീവനക്കാരുടെ പെന്‍ഷന്‍ സംബ്ധിച്ച കേസിലാണ് കോടതി പരാമര്‍ശം.

താല്‍കാലിക ജീവനക്കാര്‍ക്ക് സേവന കാലാവധി കണക്കാക്കി പെന്‍ഷന്‍ നല്‍കണമെന്ന് കേരള ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ കെ എസ് ആര്‍ ടി സിയാണ് സുപ്രീംകോടതിയില്‍ എത്തിയത്.

നിലവില്‍ 4000 കോടിയിലധികം നഷ്ടമാണെന്ന് കെഎസ്ആര്‍ടിസിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. താല്‍കാലിക ജീവനക്കാര്‍ക്ക് കൂടി പെന്‍ഷന്‍ നല്‍കേണ്ടിവന്നാല്‍ പ്രതിമാസം 400 കോടി രൂപയുടെ അധിക ബാധ്യത വരും.

ഇത് താങ്ങാനാവില്ലെന്ന് കെ എസ് ആര്‍ടിസി ലോടതിയെ അറിയിച്ചപ്പോഴാണ് എങ്കില്‍ അടച്ചുപൂട്ടിക്കൂടേ എന്ന കോടതിയുടെ ചോദ്യം. കേസ് വിശദമായ വാദത്തിനായി വ്യാഴാഴ്ചത്തേക്ക് മാറ്റിവെച്ചു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*