കെഎസ്ആര്‍ടിസി എം പാനല്‍ ഡ്രൈവര്‍മാരെ പിരിച്ചുവിടല്‍: മെയ് 15 വരെ സാവകാശം അനുവദിച്ചു

കെഎസ്ആര്‍ടിസി എം പാനല്‍ ഡ്രൈവര്‍മാരെ പിരിച്ചുവിടല്‍: മെയ് 15 വരെ സാവകാശം അനുവദിച്ചു

കെഎസ്ആര്‍ടിസി എം പാനല്‍ ഡ്രൈവര്‍മാരെ പിരിച്ചുവിടണമെന്ന വിധി നടപ്പാക്കാനായി ഈ മാസം 15 വരെ ഹൈക്കോടതി സമയം അനുവദിച്ചു. കെഎസ്ആര്‍ടിസി നല്‍കിയ ഉപ ഹര്‍ജിയിലാണ് ഡിവിഷന്‍ ബഞ്ചിന്റെ ഉത്തരവ്.

1565 താത്കാലിക ഡ്രൈവര്‍മാരെ ഏപ്രില്‍ 30 നകം പിരിച്ചുവിടാനായിരുന്നു നേരത്തത്തെ ഉത്തരവ്. താത്കാലിക ഡ്രൈവര്‍മാരെ പിരിച്ചുവിടണമെന്ന ഉത്തരവിനെതിരെ കെഎസ്ആര്‍ടിസി നല്‍കിയ അപ്പീല്‍ സുപ്രീം കോടതി തിങ്കളാഴ്ച്ച പരിഗണിക്കും.

കേസ് സുപ്രീം കോടതിയുടെ പരിഗണനയിലായതിനാല്‍ അന്തിമ തീരുമാനം വരുന്നത് വരെ താത്കാലിക ഡ്രൈവര്‍മാരെ പിരിച്ചിവിടില്ലെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞിരുന്നു. 2013 ലെ പിഎസ് സി റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടവരുടെ ഹര്‍ജി പരിഗണിച്ചായിരുന്നു ഹൈക്കോടതി ഉത്തരവ്.

പി എസ് സി റാങ്ക് പട്ടിക നിലവിലുള്ളപ്പോള്‍ താല്ക്കാലിക നിയമനം അംഗീകരിക്കാനാകില്ല എന്നായിരുന്നു കോടതി നിലപാട്. നേരത്തെ എം പാനല്‍ കണ്ടക്ടര്‍മാരുടെ കാര്യത്തില്‍ എടുത്ത അതേ നിലപാട് ഹൈക്കോടതി ആവര്‍ത്തിക്കുകയായിരുന്നു.

താത്കാലിക കണ്ടക്ടര്‍മാരെ പിരിച്ചുവിടാനുള്ള ഹൈക്കോടതി ഉത്തരവ് നടപ്പാക്കിയാല്‍ സംസ്ഥാനത്ത് പ്രതിദിനം അറന്നൂറോളം സര്‍വ്വീസുകള്‍ മുടങ്ങുന്ന സഹാചര്യമുണ്ടാകുമെന്നും ഗതാഗത മന്ത്രി പറഞ്ഞിരുന്നു.

എന്നാല്‍ താത്കാലിക ഡ്രൈവര്‍മാരെ പിരിച്ചുവിടുന്നതില്‍ സാവകാശം തേടുന്നതിനപ്പുറം സര്‍ക്കാരിനും കെഎസ്ആര്‍ടിസിക്കും ഒന്നും ചെയ്യനാകില്ലെന്നാണ് നിയമ വിദഗ്ദരുടെ വിലയിരുത്തല്‍.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply