സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം: ഇന്ന് കെ.എസ്.യുവിന്റെ വിദ്യാഭ്യാസ ബന്ദ്

സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം: ഇന്ന് കെ.എസ്.യുവിന്റെ വിദ്യാഭ്യാസ ബന്ദ്

ലാത്തിചാര്‍ജില്‍ പ്രതിഷേധിച്ച് കെ എസ് യു ഇന്ന് സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് നടത്തും. ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കുവാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ കെ എസ് യു സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാര്‍ച്ചിലാണ് സംഘര്‍ഷമുണ്ടായത്.

മാര്‍ച്ച് ഉദ്ഘാടനം ചെയ്ത കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ സ്ഥലത്ത് നിന്നും മടങ്ങിയതിന് തൊട്ടുപിന്നാലെയാണ് വിദ്യാര്‍ത്ഥികളും പോലീസും തമ്മില്‍ സംഘര്‍ഷമുണ്ടായത്. ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞതോടെയാണ് ഉന്തുംതള്ളും ആരംഭിച്ചു. തുടര്‍ന്ന് അക്രമാസക്തരായ പ്രവര്‍ത്തകരെ പിരിച്ചു വിടാന്‍ പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയും ലാത്തി ചാര്‍ജ് നടത്തുകയുമായിരുന്നു.

ഏറ്റുമുട്ടലില്‍ കെ.എസ്.യു. സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത്തിനും വനിതാപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ പത്തുപേര്‍ക്കും പരിക്കേറ്റു. നേതാക്കളായ റിങ്കു പടിപ്പുരയില്‍, ജഷീര്‍ പള്ളിവേല്‍, അരുണ്‍ രാജേന്ദ്രന്‍, ശ്രീലാല്‍, നബില്‍ കല്ലമ്പലം, അനീഷ് ആന്റണി, സുബിന്‍ തുടങ്ങിയവരും പരിക്കേറ്റവരില്‍ ഉള്‍പ്പെടുന്നു. ഇവരെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ പോലീസ് കെഎസ്യു പ്രവര്‍ത്തകര്‍ക്ക് നേരെ നടത്തിയത് ക്രൂരമായ നരനായാട്ടാണെന്നും ലാത്തി ഒടിയും വരെ സംസ്ഥാന അധ്യക്ഷന്‍ കെഎം അഭിജിത്തിനെ പോലീസ് മര്‍ദ്ദിച്ചെന്നും കെ എസ് യു സംസ്ഥാന കമ്മറ്റി ആരോപിച്ചു. പുരുഷ പോലീസുകാരാണ് വനിതാപ്രവര്‍ത്തകരെ മര്‍ദിച്ചതെന്നും കെ.എസ്.യു. പ്രവര്‍ത്തകര്‍ ആരോപിച്ചു. പോലീസിന്റെ ക്രൂരമായ നടപടിക്കെതിരെ ഇന്ന് കെഎസ്യു വിദ്യാഭ്യാസ ബന്ദ് ആചരിക്കുമെന്ന് സംസ്ഥാന അധ്യക്ഷന്‍ കെഎം അഭിജിത്ത് അറിയിക്കുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply