തടാകത്തിലൊരു ക്ഷേത്രം: സസ്യാഹാരിയായ മുതല
അനന്തപുരം ശ്രീ അനന്തപത്മനാഭ ക്ഷേത്രം
കുളിച്ചശേഷം തൊഴുക എന്നത് ഹൈന്ദവ വിശ്വാസത്തിന്റെ ഭാഗമാണ്. അതുകൊണ്ടൊക്കെത്തന്നെ മിക്ക ക്ഷേത്രങ്ങള്‍ക്ക് സമീപവും കുളമോ തടാകമോ ഉണ്ടാകും. കേരളത്തിലെ ഭൂരിഭാഗം ക്ഷേത്രങ്ങളുടെയും പശ്ചാത്തലത്തില്‍ ജലാശയങ്ങളുണ്ട്. എന്നാല്‍ കാസര്‍കോട് ജില്ലയില്‍ കുമ്പളക്ക് സമീപത്തായുള്ള അനന്തപുരം ശ്രീ അനന്തപത്മനാഭ ക്ഷേത്രം ഇതില്‍ നിന്നൊക്കെ വ്യത്യസ്തമാണ്. തടാകത്തിന്റെ നടുവിലായി സ്ഥിതി ചെയ്യുന്നു എന്നുള്ളതാണ് അനന്തപുരം ക്ഷേത്രത്തിന്റെ വലിയ പ്രത്യേകത.
കേരളത്തില്‍ ഇത്തരത്തിലുള്ള ഏക ക്ഷേത്രമാണിത്. തിരുവനന്തപുരത്തുള്ള പ്രശസ്തമായ അനന്തപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ മൂലസ്ഥാനമായും ഈ ക്ഷേത്രം അറിയപ്പെടുന്നു. മനോഹരമായ തടാകത്തിന് നടുവിലായി ആകര്‍ഷണീയമായ വാസ്തുവിദ്യയോടെയുള്ള അനന്തപുരം ക്ഷേത്രം സഞ്ചാരികളുടെ ഇഷ്ടതാവളം കൂടിയാണ്. മറ്റനേകം സവിശേഷതകള്‍കൊണ്ടും ശ്രദ്ധേയമാണ് ഈ ക്ഷേത്രം. ക്ഷേത്ര തടാകത്തില്‍ കാലങ്ങളായുള്ള ‘ബബിയ’ എന്ന മുതലയും ഏറെ പ്രശസ്തമാണ്. ഒത്തിരി സവിശേഷതകള്‍ ഈ മുതലക്കുമുണ്ട്.
കുമ്പള-ബദിയടുക്ക പാതയില്‍ നായിക്കാപ്പില്‍ നിന്ന് ഒരു കിലോമീറ്റര്‍ തെക്കോട്ട് സഞ്ചരിച്ചാല്‍ അനന്തപുരം ക്ഷേത്രത്തിലെത്താം. നാല് ഭാഗവും കുന്നുകള്‍ കൊണ്ട് ആവരണം ചെയ്യപ്പെട്ട ഭൂപ്രദേശത്താണ് ക്ഷേത്രമുള്ളത്. ഏകദേശം മൂന്ന് മീറ്റര്‍ ഉയരത്തില്‍ സര്‍പ്പക്കെട്ട് മാതൃകയിലാണ് ക്ഷേത്രത്തിന്റെ ചുറ്റുമതില്‍. ചുവന്ന കല്ലുകൊണ്ട് തീര്‍ത്ത പുരാതന ശൈലിയിലുള്ള ഇത്തരം മതിലുകള്‍ കേരളത്തിലെ അപൂര്‍വ്വം ക്ഷേത്രങ്ങളില്‍ മാത്രമേയുള്ളൂ. ഈ നിര്‍മ്മാണ ശൈലി പണ്ട് കാലത്തെ മഹാക്ഷേത്രങ്ങളുടെ അടയാളമായിരുന്നുവെന്ന് പറയപ്പെടുന്നു.
പ്രകൃതി കെട്ടിയ കോട്ട പോലെയുള്ള പാറക്കല്ലുകള്‍ രക്ഷാകവചം പോലെ ക്ഷേത്രത്തിന്റെ പശ്ചാത്തലത്തിലുണ്ട്. വിശാലമായ കറുത്ത പാറക്കല്ലിന്റെ മധ്യത്തില്‍ തടാകമുണ്ടാക്കി അതിന്റെ നടുവിലാണ് ക്ഷേത്രം പണിതിരിക്കുന്നത്. 100 ത100 അടി വിസ്തൃതിയുള്ളതാണ് ഇവിടത്തെ തടാകം. നമസ്‌ക്കാര മണ്ഡപത്തേയും ഗോപുരത്തേയും ബന്ധിപ്പിക്കുന്ന ചെറിയൊരു പാലമുണ്ട്. ഇതുവഴി തടാകത്തിലേക്ക് കടക്കാനാവും. മിനുസമേറിയതും മനോഹരവുമായ നാല് കല്‍ത്തൂണുകളാണ് നമസ്‌ക്കാരമണ്ഡപത്തിന്റെ മേല്‍ക്കൂരയെ താങ്ങി നിര്‍ത്തുന്നത്.
ക്ഷേത്ര മണ്ഡപത്തിന്റെ മേല്‍ത്തട്ട് അലങ്കരിച്ചിക്കുന്ന എണ്ണച്ചായചിത്രങ്ങളും മരം കൊണ്ടുള്ള കൊത്തുപണികളും അഴകാര്‍ന്ന കാഴ്ചയാണ്. ആര്യഭട്ടന്‍, കനകദാസര്‍, പുരന്ദര ദാസര്‍, മീരാഭായി, ഗുരു രാഘവേന്ദ്ര, രാമകൃഷ്ണ പരമഹംസര്‍, വിവേകാനന്ദന്‍ തുടങ്ങിയ ആദ്ധ്യാത്മികാചാര്യരുടെ ചിത്രങ്ങളാണ് ഇവിടെ ആലേഖനം ചെയ്യപ്പെട്ടിട്ടുള്ളത്. അതോടൊപ്പം വില്വംമംഗല സ്വാമികളുടെ കാലം മുതല്‍ കാഞ്ചികാമകോടി ശ്രീ ജയേന്ദ്രസരസ്വതികളുടെ ക്ഷേത്ര സന്ദര്‍ശനം വരെയുള്ള വിശേഷ സംഭവങ്ങള്‍ ഇവിടെ ക്രമമായി ചിത്രീകരിച്ച് വെച്ചിട്ടുണ്ട്. ഇവിടെയെത്തുന്ന വിശ്വാസികള്‍ക്ക് ഇരുന്ന് കുളിക്കാനുള്ള സൗകര്യപ്രദമായ രീതിയില്‍ ഒരു കുളമുണ്ടെങ്കിലും അത് സ്വകാര്യവ്യക്തികളുടെ അധീനതയിലാണ്.
കവാടത്തോട് ചേര്‍ന്നുള്ള ബലിക്കല്ല് ക്ഷേത്രത്തിന്റെ പുരാതനശൈലിയിലുള്ള സൗന്ദര്യത്തിന് മാറ്റുകൂട്ടുന്നു. തടാകത്തിന്റെ തെക്ക്പടിഞ്ഞാര്‍ ഭാഗത്തായി ഗോശാലകൃഷ്ണ ദേവാലയം എന്ന പേരില്‍ കാലങ്ങള്‍ക്ക് മുമ്പ് ക്ഷേത്രമുണ്ടായിരുന്നതായി പറയപ്പെടുന്നു. തടാകത്തിന് നടുവിലായി ക്ഷേത്രം സ്ഥിതി ചെയ്യുന്നതിനാല്‍ സരോവര ക്ഷേത്രമെന്നും അനന്തപുരം ക്ഷേത്രത്തെ വിളിക്കുന്നുണ്ട്. ക്ഷേത്രക്കുളത്തില്‍ എല്ലായ്‌പ്പോഴും വെള്ളമുണ്ടാവും. ഇവിടെയാണ് ‘ബബിയ’എന്ന പേരിലുള്ള മുതല അധിവസിക്കുന്നത്. തടാകത്തിന്റെ വടക്ക് ഭാഗത്തായി മുതലയുടെ വാസസ്ഥലമായ രണ്ട് ഗുഹകളുണ്ട്. പകല്‍ സമയങ്ങളില്‍ മുതല ഈ ഗുഹയിലായിരിക്കും ഉണ്ടാവുക. ക്ഷേത്രത്തിലെത്തുന്നവര്‍ക്ക് അപൂര്‍വ്വമായി മാത്രമേ മുതലയെ കാണാന്‍ സാധിക്കൂ. മുതലയെ കണ്‍കുളിര്‍ക്കെ കണ്ട് സന്തോഷം പൂണ്ടവരുമുണ്ട്.
ഇപ്പോഴുള്ള മുതലക്ക് മുമ്പ് മറ്റൊരു മുതല ക്ഷേത്രക്കുളത്തില്‍ ഉണ്ടായിരുന്നുവെന്ന് പഴമക്കാര്‍ പറയുന്നു. ‘ബബിയാ’ എന്ന് വിളിച്ചാല്‍ ഈ മുതല വേഗത്തില്‍ വിളികേട്ട ഭാഗത്തേക്ക് ഓടിവരുമായിരുന്നുവത്രെ. ബ്രിട്ടീഷ് സൈന്യത്തിന്റെ താവളമായിരിക്കെ 1945ല്‍ അവര്‍ മുതലയുടെ പ്രത്യേകത അറിയുകയും ‘ബബിയാ’ എന്ന് വിളിച്ചപ്പോള്‍ ആളുകള്‍ക്ക് അരികിലേക്കെത്തിയ മുതലക്ക് സൈന്യത്തിലൊരാള്‍ തോക്കെടുത്ത് നിറയൊഴിക്കുകയുമായിരുന്നുവെന്നും പറയുന്നു. ഈ മുതലയുടെ ശവശരീരം മനുഷ്യനെ സംസ്‌ക്കരിക്കുന്നത് പോലെ എല്ലാ ചടങ്ങുകളോടും കൂടി ക്ഷേത്രത്തിന് പുറത്തെ അഗ്‌നികോണില്‍ ദഹിപ്പിക്കുകയായിരുന്നുവത്രെ.
വര്‍ഷങ്ങള്‍ക്ക് ശേഷം മറ്റൊരു മുതല ക്ഷേത്രക്കുളത്തില്‍ പ്രത്യക്ഷപ്പെട്ടെന്നാണ് ഇവിടത്തുകാരുടെ വിശ്വാസം.
ക്ഷേത്രക്കുളത്തില്‍ നിലവിലുള്ള ഈ മുതലയും ‘ബബിയ’ എന്ന പേരിലാണ് വിളിക്കപ്പെടുന്നത്. കഴിഞ്ഞ ആറുപതിറ്റാണ്ടിലേറെയായി ഇത് ഇവിടെയുണ്ട്. ക്ഷേത്രത്തിലെ പൂജാരിമാര്‍ നല്‍കുന്ന നിവേദ്യച്ചോര്‍ മാത്രമാണ് ഈ മുതലയുടെ ഭക്ഷണം. കഴിഞ്ഞ അറുപത് വര്‍ഷങ്ങള്‍ക്കിടെ മനുഷ്യരെയൊന്നും ഉപദ്രവിച്ചിട്ടില്ലത്രെ. സസ്യാഹാരം മാത്രം കഴിക്കുന്ന, അക്രമാസക്തിയൊന്നും കാട്ടാത്ത ബബിയയെ അത്ഭുതത്തോടെയാണ് വിശ്വാസികള്‍ കാണുന്നത്. ക്ഷേത്ര പൂജാരി കുളത്തില്‍ കുളിക്കുന്നതിനിടെ അബദ്ധത്തില്‍ മുതലയെ ചവിട്ടിയ സന്ദര്‍ഭങ്ങള്‍ പലതവണ ഉണ്ടായി. അപ്പോഴൊക്കെയും മുതല മയക്കത്തില്‍ നിന്നുണര്‍ന്ന് ഒരു വശത്തേക്ക് നീങ്ങി ഗുഹയിലേക്ക് പോകുമത്രെ. മുതലയുമായി ബന്ധപ്പെട്ട ഒട്ടേറെ കഥകളും ഇവിടെയുള്ളവര്‍ക്ക് പറയാനുണ്ട്. ഇപ്പോഴുള്ള മുതല നേരത്തെയുണ്ടായിരുന്ന മുതലയെപ്പോലെ മനുഷ്യരോട് പെട്ടെന്ന് ഇണങ്ങാറില്ല. തന്റെ പൂര്‍വ്വികനെ വെടിവെച്ച് കൊന്ന വര്‍ഗത്തോടുള്ള പിണക്കം കൊണ്ടാണിതെന്നാണ് ഇവിടത്തുകാര്‍ അനുമാനിക്കുന്നത്.
തടാക മധ്യേയുള്ള ക്ഷേത്രം, സസ്യാഹാരിയായ മുതലയുടെ സാന്നിധ്യം എന്നിവക്ക് പുറമെ വിഗ്രഹ നിര്‍മ്മാണ രീതിയും അനന്തപുരം ക്ഷേത്രത്തെ വേറിട്ട് നിര്‍ത്തുന്നു. സാധാരണ ക്ഷേത്രങ്ങളില്‍ ലോഹം, മരം, മണ്ണ് മുതലായ ദ്രവ്യങ്ങളിലുണ്ടാക്കുന്ന വിഗ്രഹങ്ങള്‍ ഉപയോഗിക്കുമ്പോള്‍ കടുശര്‍ക്കരയോഗ വിഗ്രഹങ്ങളാണ് ഇവിടെയുള്ളത്. പുരാതനമായ ഈ ശൈലി അതി വിരളമായേ നിലവിലുള്ളൂ. പേര് പോലെത്തന്നെ കഠിനമായ നിര്‍മ്മാണ ശൈലിയാണ് ഇതിന്റേത്. ഒട്ടുമിക്ക പ്രധാനക്ഷേത്രങ്ങളിലെയും വിഗ്രഹങ്ങള്‍ ഈ ശൈലിയിലാണ്. അനന്തപുരം ക്ഷേത്രത്തിലെ പുരാതന വിഗ്രഹങ്ങളെല്ലാം കടുശര്‍ക്കരയോഗത്തിലുള്ളതാണ്.
ഈ രീതിയില്‍ 1200 വര്‍ഷങ്ങള്‍ വരെ പഴക്കമുള്ള വിഗ്രഹങ്ങള്‍ ഇവിടെയുണ്ടായിരുന്നുവത്രെ. 1976ല്‍ നടന്ന നവീകരണ കലശത്തിന്റെ ഭാഗമായി പുരാതന വിഗ്രഹങ്ങള്‍ ശ്രീ കോവിലില്‍ നിന്നെടുത്ത് ജലാധിവാസം ചെയ്യുകയും ഈ സ്ഥാനത്ത് പഞ്ചലോഹ വിഗ്രഹങ്ങള്‍ സ്ഥാപിക്കുകയും ചെയ്തു. ഗരുഡന്റെയും ഹനുമാന്റെയും ശിലയില്‍ തീര്‍ത്ത വിഗ്രഹങ്ങളും ഇവിടെ സ്ഥാപിച്ചു. കലശത്തിന് ശേഷം കണ്ട ദോഷപരിഹാരത്തിനായി പ്രശ്‌നം നടത്തിയപ്പോള്‍ വിഗ്രഹമാറ്റം പ്രധാന ദോഷമായി കണ്ടുവത്രെ. പൂര്‍വ്വസ്ഥിതിയില്‍ കടുശര്‍ക്കരപാകത്തില്‍ തന്നെ വിഗ്രഹം നിര്‍മ്മിക്കണമെന്നും നിര്‍ദ്ദേശിക്കപ്പെട്ടു. പിന്നീട് അഷ്ടമംഗല്യ പ്രശ്‌നം നടത്തിയെങ്കിലും നേരത്തെ കണ്ട ദോഷങ്ങള്‍ തന്നെ ആവര്‍ത്തിച്ചു. പഞ്ചലോഹ വിഗ്രഹം മാറ്റിയേ തീരൂ എന്ന് ഇതോടെ ബോധ്യമായി.
എന്നാല്‍ ഇത്തരം വിഗ്രഹങ്ങള്‍ നിര്‍മ്മിക്കുന്ന ശില്‍പിയെ കണ്ടെത്താന്‍ ബന്ധപ്പെട്ടവര്‍ നന്നേ പാടുപെട്ടു. കോട്ടയം വേലാപറമ്പിലെ പരമേശ്വരന്‍ നമ്പൂതിരി എന്ന പ്രഗത്ഭനായ വാസ്തുശില്‍പിയെ കുറിച്ചറിഞ്ഞതോടെ അവരെ കണ്ട് കാര്യങ്ങള്‍ ധരിപ്പിച്ചു. അദ്ദേഹത്തിന്റെ ഉപദേശമനുസരിച്ച് ക്ഷേത്ര ഭാരവാഹികള്‍ ബ്രഹ്മമംഗലത്തെ ശ്രീ സുബ്രഹ്മണ്യ ആചാരിയെക്കണ്ടു. അവരുടെ മേല്‍നോട്ടത്തിലാണ് ഏറെ പരിശ്രമത്തിനൊടുവില്‍ കടുശര്‍ക്കരയോഗ വിഗ്രഹം തീര്‍ത്തത്. 64 ആയുര്‍വേദ ഔഷധങ്ങള്‍ ഉള്‍പ്പെടെ 108 വസ്തുക്കള്‍ ഉപയോഗിച്ചാണ് കടുശര്‍ക്കരയോഗ വിഗ്രഹം തീര്‍ത്തത്. തല, ശരീരം, കൈകാലുകള്‍ തുടങ്ങിയ ബാഹ്യ ഭാഗങ്ങള്‍ക്കൊപ്പം ആന്തരിക ഭാഗങ്ങളും ഉണ്ടെന്നതാണ് കടുശര്‍ക്കരയോഗ വിഗ്രഹങ്ങളുടെ പ്രത്യേകത. ഔഷധങ്ങള്‍ക്ക് പുറമെ ത്രിവേണി സംഗമത്തിലെ ചുവന്ന കല്ല്, കറുപ്പ് കല്ല്, കാവിക്കല്ല്, ഭാരതപ്പുഴയുടെ ആഴം കൂടിയ പ്രദേശങ്ങളിലുള്ള പ്രത്യേക തരം മണ്ണ്, ചന്ദനത്തിരി, സുഗന്ധവ്യഞ്ജനങ്ങള്‍ തുടങ്ങിയവയും ഇതിനായി ഉപയോഗിക്കും.
എത്തിച്ചേരാനുള്ള വഴി
കുംബ്ലയിലേക്ക് മംഗലാപുരത്തുനിന്നും ബസ്സ്, ട്രെയിൻ, ടാക്സി എന്നിവ ലഭ്യമാണ്.ഈ അടുത്ത കാലത്ത് ക്ഷേത്രം നവീകരിച്ച് കൂടുതൽ ഭംഗിയാക്കിയിട്ടുണ്ട്. വിദൂര സ്ഥലങ്ങളിൽ നിന്നും വരുന്നവർക്ക് വേണ്ടത്ര സൗകര്യങ്ങൾ ഇവിടെ ഇല്ല എന്ന ഒരു പോരായ്മ ഉണ്ട്. കേരളത്തിന്റെ തെക്ക് ഭാഗത്തുനിന്നു വരുന്നവർക്ക് കാസർഗോഡിൽ നിന്നും സീതാംഗോളി വഴി ഇവിടെ എത്തിച്ചേരാൻ സൗകര്യമുണ്ട്. അതാണ് എളുപ്പ മാർഗ്ഗം.
Leave a Reply