കുഞ്ഞിനെ കെട്ടിടത്തിൽ ഉപേക്ഷിച്ച് അമ്മ തീവണ്ടിക്കുമുന്നില്‍ ചാടി; കുഞ്ഞ് മരിച്ചനിലയില്‍
തിരൂര്‍: കൈക്കുഞ്ഞിനെ പഴയൊരു കെട്ടിടത്തില്‍ ഉപേക്ഷിച്ച് തീവണ്ടിക്കുമുന്നില്‍ ചാടി അമ്മയുടെ ആത്മഹത്യാശ്രമം. കുഞ്ഞിനെ പിന്നീട് കണ്ടെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
കണ്ണൂര്‍ സ്വദേശിയായ പ്രജിഷ(38)യാണ് തിങ്കളാഴ്ച രാത്രി തിരൂര്‍ റെയില്‍വേസ്റ്റേഷനു സമീപം തീവണ്ടിക്കുമുന്നില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ചത്. പരിക്കേറ്റ ഇവരെ ആദ്യം തിരൂര്‍ താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കുടുംബപ്രശ്നമാകാം കാരണമെന്നു കരുതുന്നു.
നാട്ടുകാര്‍ക്ക് ലഭിച്ച ഫോണ്‍നന്പറില്‍ വിളിച്ചപ്പോഴാണ് കൂടെ കുഞ്ഞുള്ള വിവരം അറിയുന്നത്. തുടർന്ന് നാട്ടുകാരും അഗ്നിരക്ഷാസേനയും പോലീസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് ജില്ലാ മെഡിക്കല്‍ സ്റ്റോറിനടുത്തുള്ള പഴയ കെട്ടിടത്തില്‍ കുഞ്ഞിനെ കണ്ടെത്തിയത്. ഉടന്‍ തിരൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞ് മരിച്ചിരുന്നു. മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലാണ്. കുഞ്ഞിനെ ഉപേക്ഷിച്ച് അമ്മ ആത്മഹത്യയ്ക്കു ശ്രമിച്ചതാണെന്ന് പോലീസ് പറഞ്ഞു.
സംഭവത്തെക്കുറിച്ച് തിരൂര്‍ പോലീസ് അന്വേഷണമാരംഭിച്ചു.
Leave a Reply