136 കോടിയുമായി കുന്നത്തുകളത്തില്‍ ജ്വല്ലറി ഉടമ മുങ്ങി; കോടതി റിസീവറെ നിയമിച്ചു; പരാതികളുടെ എണ്ണം 1000 കവിഞ്ഞു

136 കോടിയുമായി കുന്നത്തുകളത്തില്‍ ജ്വല്ലറി ഉടമ മുങ്ങി; കോടതി റിസീവറെ നിയമിച്ചു; പരാതികളുടെ എണ്ണം 1000 കവിഞ്ഞു

നിക്ഷേപകരില്‍ നിന്നു കോടികള്‍ പിരിച്ചെടുത്ത് ഒളിവില്‍പോയ കുന്നത്തുകളത്തില്‍ ഉടമകള്‍ക്കെതിരെ പൊലീസ് ലുക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. കുന്നത്തുകളത്തില്‍ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ചെങ്ങന്നൂരിലെ വന്‍കിട സ്വര്‍ണക്കടയും അടച്ചുപൂട്ടി. സ്ഥാപനത്തിനു മുന്നില്‍ പോലീസ് കാവല്‍ ഏര്‍പ്പെടുത്തി.

136 കോടി രൂപയുടെ കടബാധ്യതയെ തുടര്‍ന്നാണു കുന്നത്തുകളത്തില്‍ ഗ്രൂപ്പ് അടച്ചുപൂട്ടിയത്. ഇവര്‍ ഹൈക്കോടതിയില്‍ പാപ്പര്‍ ഹര്‍ജിയും നല്‍കിയിരുന്നു. കടബാധ്യതയെ തുടര്‍ന്നു പൂട്ടിയ കുന്നത്തുകളത്തില്‍ സ്ഥാപനങ്ങളുടെ ചെങ്ങന്നൂരിലെ സ്വര്‍ണക്കടയില്‍ ജീവനക്കാരന്റെ 30 പവന്‍ നഷ്ടപ്പെട്ടതായി പോലീസില്‍ പരാതി ലഭിച്ചു.
മുളക്കുഴ കാരയ്ക്കാട് പുത്തന്‍കളീയ്ക്കല്‍ വീട്ടില്‍ പി.എസ്. മോഹന(55)ന്റെ സ്വര്‍ണമാണ് നഷ്ടപ്പെട്ടത്. സ്വര്‍ണസമ്പാദ്യ പദ്ധതിയില്‍ നിക്ഷേപമായി സ്വര്‍ണം നല്‍കിയാല്‍ ആവശ്യപ്പെടുന്ന സമയത്ത് പുതിയ ഫാഷനിലുള്ള സ്വര്‍ണാഭരണങ്ങള്‍ നല്‍കാമെന്ന വാഗ്ദാനത്തിലാണു നിക്ഷേപം സ്വീകരിച്ചത്.

സ്വര്‍ണം വീടുകളില്‍ സൂക്ഷിക്കുന്നതിനെക്കാള്‍ സുരക്ഷിതമായി തങ്ങളുടെ ലോക്കറില്‍ സൂക്ഷിക്കുമെന്നും ഉടമസ്ഥര്‍ വിശ്വസിപ്പിച്ചിരുന്നതായി പരാതിയില്‍ പറയുന്നു. ആകെയുള്ള സമ്പാദ്യമാണ് നഷ്ടമായതെന്നും അദ്ദേഹം പറഞ്ഞു. 136 കോടി രൂപയുടെ കടബാധ്യതയെ തുടര്‍ന്നാണു കുന്നത്തുകളത്തില്‍ ഗ്രൂപ്പ് കോടതിയില്‍ പാപ്പര്‍ ഹര്‍ജി നല്‍കിയത്.
സ്ഥാപനങ്ങള്‍ അടച്ചുപൂട്ടിയതും പണം നഷ്ടമായതും പുറത്തറിഞ്ഞതോടെ നിരവധി പേരാണു സ്ഥാപനം തിരക്കിയെത്തുന്നത്. ഉടമസ്ഥര്‍ ദിവസങ്ങള്‍ക്ക് മുമ്പേ സ്വര്‍ണക്കടയില്‍ ഉണ്ടായിരുന്ന ആഭരണങ്ങള്‍ പല കാരണങ്ങള്‍ പറഞ്ഞ് കടത്തിയതായി ജീവനക്കാര്‍ പറയുന്നു.

സ്വര്‍ണ സമ്പാദ്യ പദ്ധതിയിലൂടെ കോടിക്കണക്കിന് രൂപ ചെങ്ങന്നൂരില്‍നിന്നു പിരിച്ചെടുത്തിട്ടുള്ളതായും ഇടപാടുകാര്‍ പറയുന്നു. സ്വര്‍ണ ചിട്ടി നിക്ഷേപങ്ങള്‍ തുടങ്ങിയ വകയിലാണു ചെങ്ങന്നൂരില്‍നിന്ന് ഇവര്‍ പണം പിരിച്ചിരുന്നത്. ഇതിനിടെ, സ്ഥാപനത്തിനെതിരായ പരാതികളുടെ എണ്ണം 1000 കവിഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*