ഇന്ത്യ വിടേണ്ടി വന്നാല്‍ ആശ്രയം മരണം മാത്രം

പൗരത്വ ബില്‍ പാസാക്കിയതോടെ ഭീതിയുടെ മുള്‍മുനയില്‍ വയനാട്ടിലെ റോഹിന്‍ഗ്യന്‍ കുടുംബങ്ങള്‍. നാല്‌ വര്‍ഷമായി വയനാട്ടില്‍ കഴിയുന്ന രണ്ട്‌ കുടുംബങ്ങളാണ്‌ പലായനഭീതി നേരിടുന്നത്‌. ഇന്ത്യയില്‍നിന്നും പോകേണ്ടി വന്നാല്‍ മരണമല്ലാതെ മറ്റുവഴിയില്ലെന്ന്‌ ഇവര്‍ വിലപിക്കുന്നു.

മ്യാന്‍മറില്‍നിന്നും 2013ല്‍ ഇന്ത്യയിലെത്തിയ അമാനുള്ളയുടെയും മുഹമ്മദ്‌ ഇല്യാസിന്റെയും കുടുംബങ്ങളാണ്‌ പകച്ചുനില്‍ക്കുന്നത്‌. അറുപത്തിമൂന്നുകാരനായ അമീനുള്ള ഭാര്യയും അഞ്ച്‌ മക്കളോടുമൊപ്പമാണ്‌ വയനാട്ടില്‍ കഴിയുന്നത്‌. ഇരുപത്തിയാറുകാരനായ ഇല്യാസിനൊപ്പം ഭാര്യ ഗുല്‍ബഹാറും ഒന്നരവയസ്സുകാരി മകള്‍ ഫാത്തിമയും സഹോദരന്‍ മുഹമ്മദ്‌ സുബൈറുമുണ്ട്‌ . ഭാര്യ പൂര്‍ണ ഗര്‍ഭിണിയാണ്‌. കല്‍പ്പറ്റ മുട്ടിലില്‍ വാടക ക്വാര്‍ട്ടേഴ്‌സുകളിലാണ്‌ ഇവര്‍ കഴിയുന്നത്‌.

യുഎന്‍ അഭയാര്‍ഥി പട്ടികയില്‍ ഉള്‍പ്പെട്ടവരും യുഎന്‍ തിരിച്ചറിയല്‍ രേഖ(യുഎന്‍എച്ച്‌സിആര്‍) ഉള്ളവരുമായതിനാലാണ്‌ അഭയം നല്‍കിയതെന്ന്‌ ജില്ലാ പൊലീസ്‌ അധികൃതര്‍ വ്യക്തമാക്കി. പൗരത്വനിയമ ഭേദഗതിയിലൂടെ അതിര്‍ത്തി രാജ്യങ്ങളില്‍നിന്നുള്ള മുസ്ലിം കുടിയേറ്റക്കാര്‍ക്ക്‌ ഇന്ത്യന്‍ പൗരത്വം ലഭിക്കില്ല. ഇതാണ്‌ ഇവരുടെ ആശങ്ക.

കൂലിപ്പണിയെടുത്താണ്‌ ഇല്യാസ്‌ കുടുംബം പുലര്‍ത്തുന്നത്‌. അമീനുള്ളയും ഭാര്യ ഫുല്‍സാനയും രോഗബാധിതരാണ്‌. ജോലിയെടുക്കാന്‍ കഴിയില്ല. മറ്റുള്ളവരുടെ സഹായത്താലാണ്‌ ജീവിതം. മൂന്ന്‌ മക്കള്‍ വയനാട്ടിലെതന്നെ അനാഥാലയത്തിലാണ്‌. രണ്ട്‌ പെണ്‍മക്കള്‍ കൂടെയുണ്ട്‌.

2012ല്‍ മ്യാന്‍മറില്‍നിന്നും ഇവര്‍ 2013ല്‍ ഡല്‍ഹിയിലെത്തി. ഇവിടെനിന്നും തമിഴ്‌നാട്ടിലെ റോഹിന്‍ഗ്യന്‍ അഭയാര്‍ഥി ക്യാമ്പില്‍. തമിഴ്‌നാട്ടില്‍നിന്നും വയനാട്‌ മുസ്ലിം അനാഥാലയം അധികൃതരാണ്‌ അഭയമൊരുക്കി ജില്ലയിലെത്തിച്ചത്‌. 2015 ഒക്ടോബറില്‍ വയനാട്ടില്‍ എത്തി. അഞ്ച്‌ കുടുംബങ്ങളാണ്‌ വന്നത്‌.

മൂന്ന്‌ കുടുംബങ്ങള്‍ തിരികെ തമിഴ്‌നാട്ടിലേക്ക്‌ പോയി. അനാഥാലയം അധികൃതര്‍ ഇപ്പോള്‍ കൈയൊഴിഞ്ഞ അവസ്ഥയാണ്‌. ബംഗ്ലാദേശിലെ അഭയാര്‍ഥി ക്യാമ്പിലുള്ള ഉപ്പയേയും ഉമ്മയേയും സഹോദരങ്ങളെയും ഇല്യാസ്‌ കണ്ടിട്ട്‌ ഒമ്പതുവര്‍ഷമായി. ‘ഇനി ഇവരെ കാണാനാവുമോയെന്നുപോലും അറിയില്ല. ഭാര്യയും മകളുമായി എവിടേക്ക്‌ പോകാനാണ്‌’ പറയുമ്പോള്‍ ഈ യുവാവിന്റെ കണ്ണ്‌ നിറഞ്ഞൊഴുകി.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply