ലഹരി വിൽപ്പന; എക്‌സൈസ് പരിശോധന ശക്തമാക്കും

ക്രിസ്മസ്, പുതുപുതുവത്സരം കണക്കിലെടുത്ത് മദ്യവും മറ്റ് ലഹരി ഉല്‍പന്നങ്ങളും വ്യാപകമാകാന്‍ സാധ്യതയുള്ളതിനാല്‍ പരിശോധന ശക്തമാക്കുന്നു. അഡിഷണല്‍ ഡിസ്ട്രിക്ക് മജിട്രേറ്റ് അലക്‌സ് പി.തോമസ് എക്‌സൈസിനോടും പോലീസിനോടും പരിശോധന കർശനമാക്കാൻ നിര്‍ദേശിച്ചു. ജില്ലയിലെ വ്യാജമദ്യ നിയന്ത്രണ സമിതി യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുതുവത്സര തലേന്ന് രാത്രി 11ന് ശേഷം ബാറുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ മോഹന്‍കുമാര്‍ യോഗത്തില്‍ പറഞ്ഞു. വിദ്യാര്‍ഥികള്‍ക്ക് ഇടയില്‍ ലഹരി വസ്തുക്കളുടെ ഉപയോഗം കുറക്കാന്‍ പരിശോധനകളും ബോധവല്‍ക്കരണവും ശക്തമാക്കണമെന്നും എ.ഡി.എം നിര്‍ദേശിച്ചു.

കഴിഞ്ഞ ഒരുമാസത്തിനിടെ ജില്ലയില്‍ 1012 റെയ്ഡ് എക്‌സൈസ് നടത്തി. 78 അബ്കാരി കേസുകളിലായി 74 പേരെ അറസ്റ്റ് ചെയ്തു.1467 കോട്പ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു 118.8 കിലോഗ്രാം നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടിച്ചെടുത്തു. 2,93,200 രൂപ പിഴ ഈടാക്കി. സ്‌കൂള്‍ പരിസരത്ത് നിരോധിത പുകയില ഉല്‍പന്നങ്ങള്‍ കണ്ടെത്തിയാല്‍ ഉടൻ 77 ജെ.ജെ ആക്‌ട് പ്രകാരം ജാമ്യമില്ലാതെ റിമാന്‍ഡ് ചെയ്യുമെന്ന് പോലീസ് പറഞ്ഞു.

സ്‌കൂള്‍ പരിസരത്തെ പരിശോധന ശക്തമാക്കുമെന്നും പോലീസ് പറഞ്ഞു. യോഗത്തില്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, വ്യാജമദ്യ നിയന്ത്രണ സമിതി ഭാരവാഹികളായ ഫാ: ഗീവര്‍ഗീസ് ബ്ലാഹെലത്ത്, ജയചന്ദ്രന്‍ ഉണ്ണിത്താന്‍, മുഹമ്മദ് സാലി, പി.വി എബ്രഹാം, ബേബികുട്ടി ഡാനിയല്‍, നൗഷാദ് കണ്ണകര തുടങ്ങിയവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply