‘നീ മറ്റൊരു സേതുമാധവന്‍ ആവരുത്’… കുറിപ്പുമായി ലോഹിതദാസിന്റെ മകന്‍

‘നീ മറ്റൊരു സേതുമാധവന്‍ ആവരുത്’… കുറിപ്പുമായി ലോഹിതദാസിന്റെ മകന്‍

ലോഹിതദാസ് എഴുതിയ കഥാപാത്രങ്ങളില്‍ ഏറ്റവും കൂടുതല്‍ വേദനിച്ചത് സേതുമാധവന്‍ ആണെന്ന് വിജയ്ശങ്കര്‍ ലോഹിതദാസ്. താനിത്രയേറെ സ്‌നേഹിച്ച മറ്റൊരു കഥാപാത്രമില്ലെന്നും വിജയ്ശങ്കര്‍ പറയുന്നു.

ഇന്നും പലയിടത്തും തോറ്റുപോകുമ്പോളും വേദനിക്കുമ്പോളും എന്റെ അത്താണിയാണ് സേതു. അയാള്‍ അനുഭവിച്ചതിനോളം വരില്ലലോ എന്നോര്‍ക്കുമ്പോള്‍ എന്റെ വേദനകള്‍ക്കും വിഷമങ്ങള്‍ക്കും യോഗ്യതയില്ലെന്നു തോന്നും, മനസിന്റെ ഭാരം കുറയുമെന്നും വിജയ് ശങ്കര്‍ പറയുന്നു.

വിജയ്ശങ്കറിന്റെ കുറിപ്പ് വായിക്കാം:

ലോഹിതദാസിന്റെ ഏറ്റവും മികച്ച സിനിമ ഏതെന്നു ചോദിച്ചാല്‍ ഉത്തരം ഒന്നില്‍ ഒതുക്കാന്‍ കഴിയില്ല. ഏറ്റവും വേദനിപ്പിച്ച കഥാപാത്രം ഏതെന്നു ചോദിച്ചാല്‍ ഉത്തരം ഒന്നിലേറെ. പക്ഷെ അച്ഛന്റെ കഥാപാത്രങ്ങളില്‍ ഏറ്റവും കൂടുതല്‍ വേദനിച്ചതു ആരെന്നു ചോദിച്ചാല്‍ എനിക്ക് പറയാന്‍ ഒരാളേയുള്ളു , സേതുമാധവന്‍. ഞാനിത്രയേറെ സ്‌നേഹിച്ച മറ്റൊരു കഥാപാത്രമില്ല.

ഇന്നും പലയിടത്തും തോറ്റുപോകുമ്പോളും വേദനിക്കുമ്പോളും എന്റെ അത്താണിയാണ് സേതു. അയാള്‍ അനുഭവിച്ചതിനോളം വരില്ലലോ എന്നോര്‍ക്കുമ്പോള്‍ എന്റെ വേദനകള്‍ക്കും വിഷമങ്ങള്‍ക്കും യോഗ്യതയില്ലെന്നു തോന്നും, മനസിന്റെ ഭാരം കുറയും

കിരീടത്തില്‍ തകര്‍ത്തെറിഞ്ഞ ആ മനുഷ്യനോട് ലോഹിതദാസ് എന്ന എഴുത്തുകാരന് ഒരല്പം കൂടെ ദയ കാണികമായിരുന്നില്ലേ ചെങ്കോലില്‍. എഴുതുന്ന ഓരോ വാക്കിനേയും ഭയന്നിരുന്നു ഒരാളായിരുന്നു അച്ഛന്‍, അതെല്ലാം യാഥാര്‍ഥ്യം ആവുമോയെന്നു വളരെയേറെ ഭയന്നിരുന്നു.

അച്ഛന്റെ മാനസപുത്രന്മാരില്‍ എനിക്ക് ഏറ്റവും പ്രിയപ്പെട്ട സേതുമാധവന്‍ പിറവിയെടുക്കുമ്പോള്‍ ഞാന്‍ ജനിച്ചിട്ടു പോലുമില്ല. എങ്കിലും ചില സന്ദര്‍ഭങ്ങളിലെ സാദൃശ്യങ്ങളാല്‍ ഞങ്ങള്‍ ബന്ധിക്കപ്പെട്ടിരിക്കുന്നു.

എന്നോട് അച്ഛന്‍ ഏറ്റവും കൂടുതല്‍ ആവശ്യപ്പെട്ടിരിക്കുന്നതു വണ്ണം കുറക്കാനാണ്, ഞാനൊരു തടിയന്‍ ആയിരുന്നു. അതിരാവിലെ തുടങ്ങിയ വ്യായാമം ആണെന്ന് പറഞ്ഞു ഞാന്‍ പലപ്പോഴും കബിളിപ്പിച്ചിരുന്നു. വീട്ടില്‍ അല്പാഹാരി ആയിരുന്നു ഞാന്‍ , മുത്തശ്ശി സേതുവിനെ ഊട്ടുന്ന പോലെ എന്നെ വയറുനിറച്ചു ഊട്ടാന്‍ മാമിയും മായാന്റിയും ഉണ്ടായിരുന്നു. ഇതെല്ലം അച്ഛന് നന്നായി അറിയാമായിരുന്നു, പക്ഷേ ഒരിക്കലും അതേച്ചൊല്ലി വഴക്കൊന്നും പറഞ്ഞട്ടില്ല, ‘മൂപ്പരുടെ ഒരു ചിരിയുണ്ട് അതാ നമ്മളെ തളര്‍ത്തി കളയുന്നത്’.

വര്‍ഷങ്ങള്‍ കടന്നുപോയി , സ്‌കൂള്‍ പഠനത്തിന്റെ അവസാന കാലം, കുറച്ചു

സഹപാഠികള്‍ ആയി ഞങ്ങള്‍ കുറച്ചുപേര്‍ വഴക്കടിച്ചു , അതു കയ്യാങ്കളിയില്‍ അവസാനിച്ചു എന്ന് അച്ഛന്‍ അറിഞ്ഞു. ആ ദിവസങ്ങളില്‍ ഒരു സുഹൃത്തുമായി കളിക്കുന്നതിന്റെ ഇടയില്‍ കയ്യില് പരുക്ക് സംഭവിച്ചു, എല്ലിന് പൊട്ടലുണ്ടായിരുന്നു. ഹൈദ്രോസിനെ തല്ലി വീഴ്ത്തി വീട്ടിലേക്കു കയറിവരുന്ന സേതുവിനെ ഓര്‍മയില്ലേ.. ആ രംഗത്തിലെ അച്യുതന്‍നായരുടെ സംഭാഷണം ആരും മറന്നുകാണില്ലല്ലോ..

തൊട്ടടുത്ത ദിവസമായിരുന്നു അച്ഛനെ ആന്‍ജിയോഗ്രാം ചെയ്യാനായി തൃശൂര്‍ അമലയില്‍ അഡ്മിറ്റ് ചെയ്തത്. ഇന്നും വ്യക്തമായി ഓര്‍ക്കുന്നു , ഞാനും അച്ഛനും അമ്മയും ആശുപത്രി മുറിയില്‍ ഇരിക്കുന്നു, ആരുമൊന്നും മിണ്ടുന്നില്ല, അച്ഛന്‍ എന്റെ പ്ലാസ്റ്റര്‍ ഇട്ട കയ്യിലേക്കുതന്നെ നോക്കിയിരിക്കുകയാണ്. എന്ത് പ്രതീക്ഷികാം എന്ന് വ്യക്തമായിരുന്നു, മുറിയിലെ നിശബ്ദത എന്നെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കി, അച്ഛന്റെ വാക്കുകളെ നേരിടാന്‍ ഞാന്‍ സ്വയം തയാറാവുകയായിരുന്നു.

‘ഒരാളെ നമ്മള്‍ അടിക്കുമ്പോള്‍ മൂന്ന് ഭാഗത്തു നിന്ന് ചിന്തിക്കണം, ഒന്ന് അയാളുടെ ഭാഗത്തുനിന്ന്, രണ്ടു നമ്മുടെ ഭാഗത്തു നിന്ന്, മൂന്ന് സമൂഹത്തിന്റെ ഭാഗത്തു നിന്ന് ‘.

അച്ഛനിത്രേം പറഞ്ഞപ്പോള്‍ തന്നെ എന്റെ കണ്ണുകള്‍ പെയ്തുതുടങ്ങിയിരുന്നു. അച്ഛന്‍ കരുതിയിരിക്കുന്നത് എന്റെ കൈ ഒടിഞ്ഞത് തല്ലിനിടയില്‍ ആണെന്നാണ്, തെറ്റിദ്ധരിക്കപ്പെട്ടതിന്റെ വേദന എന്റെ ഉള്ളില്‍ വലിയ പ്രഹരമുണ്ടാക്കി. നിറഞ്ഞൊഴുകുന്ന കണ്ണുകള്‍ ഉയര്‍ത്തി ഞാന്‍ അച്ഛനെ നോക്കി… ‘നീ മറ്റൊരു സേതുമാധവന്‍ ആവരുത്’…

അങ്ങേയറ്റം നോവോടുകൂടെയാണ് അച്ഛന്‍ അതുപറഞ്ഞതു, പക്ഷേ എന്റെ മേലാകെ രോമാഞ്ചം അലയടിക്കുകയായിരുന്നു. അത്രമേല്‍ ഞാന്‍ സ്‌നേഹിക്കുന്നു, ആരാധിക്കുന്നു, സഹതപിക്കുന്നു സേതുമാധവനെ ഓര്‍ത്ത്.

ഒരു ദശാബ്ദം കടന്നുപോയി, കോറോണകാലം. പലരെയും പോലെ എനിക്കും രാത്രി പകലും പകല്‍ രാത്രിയുമായി മാറി. വെള്ളികീറാന്‍ തുടങ്ങിയിരുന്നു ഞാന്‍ കിടന്നപ്പോള്‍. ഉറക്കം അത്രസുഖകാരം ആയിരുന്നില്ല, സമയം ഒന്‍പതിനോടു അടുത്തിരിക്കുന്നു, ഇനി ഉറങ്ങാന്‍ കഴിയുമെന്നു തോന്നുന്നില്ല. എന്റെ ഫോണ്‍ റിങ് ചെയ്തു , പരിചയം ഇല്ലാത്ത നമ്പറാണ്, അറ്റന്‍ഡ് ചെയ്തു ചെവിയില്‍ വച്ചു കിടന്നു.

വിളിച്ചയാള്‍ പേരുപറഞ്ഞു പരിചയപ്പെടുത്തി, സംസ്ഥാനസര്‍ക്കാരിന്റെ കൊറോണ ബോധവത്കരണത്തിന്റെ ഭാഗമായി വന്ന റെക്കോര്‍ഡഡ് സംഭാഷണം ആണെന്നാണ് ആദ്യം കരുതിയത്. എന്നെപോലെ ഏതൊരു സാധാരണക്കാരനും അങ്ങനെയേ കരുതു.

ക്ഷീണംകൊണ്ട് ഞാന്‍ ഫോണ്‍ ചെവിയില്‍ നിന്നെടുത്തില്ല.. ‘ മോനെ.. സുഖമായി ഇരിക്കുന്നോ ?? ‘ ഞെട്ടലോടെ ഞാന്‍ ആ ശബ്ദം തിരിച്ചറിഞ്ഞ് കണ്ണ് തുറന്നു … അതു സേതുമാധവന്റെ ശബ്ദം ആയിരുന്നു.. ലാലേട്ടന്‍ ആയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*