1 കിലോമീറ്റർ ഓടാൻ 50 പൈസ മാത്രം; ഇന്ധനവിലയെ ഭയക്കേണ്ടെന്ന് മുഖ്യമന്ത്രി

1 കിലോമീറ്റർ ഓടാൻ 50 പൈസ മാത്രം; ഇന്ധനവിലയെ ഭയക്കേണ്ടെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കുതിച്ചുയരുന്ന ഇന്ധനവിലയെ ഇനി ഭയക്കേണ്ടതില്ല. കേരള നീംജി എന്ന ഇലക്ട്രിക് ഒട്ടോറിക്ഷകളുടെ നിര്‍മ്മാണം ആരംഭിച്ചു. ഒരു കിലോമീറ്റര്‍ ഓടാന്‍ 50 പൈസ മാത്രമാണ് കേരളത്തിന്റെ സ്വന്തം ഇലക്ട്രിക് ഓട്ടോറിക്ഷയുടെ ചിലവ്.

പൊതുമേഖലാ സ്ഥാപനമായ കേരള ഓട്ടോമൊബൈല്‍സ് ലിമിറ്റഡാണ് കേരള നീംജി എന്ന ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ നിര്‍മ്മിക്കുന്നത്. കേരളം വൈദ്യുതി വാഹനങ്ങളുടെ നാടായി മാറാന്‍ പോവുകയാണെന്ന് ഇലക്ട്രിക് ഓട്ടോയുടെ വ്യാവസായികാടിസ്ഥാനത്തിലുള്ള നിര്‍മ്മാണോദ്ഘാടനം നിര്‍വ്വഹിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

കേന്ദ്ര മോട്ടോര്‍ വാഹന നിയമപ്രകാരം രാജ്യത്ത് ആദ്യമായാണ് ഒരു പൊതുമേഖലാ സ്ഥാപനം ഇലക്ട്രിക് ഓട്ടോ നിര്‍മ്മാണത്തിന് യോഗ്യത നേടുന്നത്. തിരുവനന്തപുരം ആറാലുംമൂട്ടിലുള്ള കേരള ഓട്ടോമൊബാല്‍സ് ലിമിറ്റഡ് അഞ്ച് മാസം കൊണ്ടാണ് നീംജി രൂപകല്‍പ്പന ചെയ്തത്.

5000 കിലോമീറ്റര്‍ പരീക്ഷണയോട്ടം നടത്തിയ വാഹനം ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ അംഗീകാരവും കരസ്ഥമാക്കിയിട്ടുണ്ട്. ശബ്ദമലിനീകരവണവും കാര്‍ബണ്‍ മലിനീകരണവും കുറവായിരിക്കുമെന്നതാണ് ഈ ഓട്ടോയുടെ ഒരു പ്രത്യേകത. കുലുക്കവും തീരെ കുറവായിരിക്കും.

മറ്റ് ഓട്ടോറിക്ഷകളെ അപേക്ഷിച്ച് അറ്റകുറ്റപ്പണിയും കുറവായിരിക്കുമെന്നാണ് കമ്പനി പറയുന്നത്. കെട്ടിലും മട്ടിലും സാധാരണ ഓട്ടോറിക്ഷകളെപ്പോലെ തന്നെയാണ് കേരള നീംജിയും. പിറകില്‍ മൂന്ന് പേര്‍ക്ക് ഇരിക്കാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്.

ജര്‍മന്‍ സാങ്കേതികവിദ്യയില്‍ തദ്ദേശീയമായി നിര്‍മിച്ച ബാറ്ററിയും രണ്ട് കെ വി മോട്ടോറുമാണ് ഈ ഓട്ടോറിക്ഷയുടെ ഹൃദയം. മൂന്നു മണിക്കൂര്‍ 55 മിനിറ്റ് കൊണ്ട് ബാറ്ററി പൂര്‍ണമായും ചാര്‍ജ് ചെയ്യാം. ഒരു തവണ ഫുള്‍ ചാര്‍ജ് ചെയ്താല്‍ 100 കിലോ മീറ്റര്‍ വരെ സഞ്ചരിക്കാം.

സാധാരണ ത്രീ പിന്‍ പ്ലഗ് ഉപയോഗിച്ചും ബാറ്ററി റീച്ചാര്‍ജ് ചെയ്യാന്‍ കഴിയും. കേരളത്തിലെ ഭൂപ്രകൃതിയനുസരിച്ച് വലിയ കയറ്റം കയറുന്നതിന് പ്രത്യേക പവര്‍ഗിയറും വാഹനത്തില്‍ ഘടിപ്പിച്ചിട്ടുണ്ട്. കിലോമീറ്ററിന് 50 പൈസ മാത്രമാണ് ഈ ഓട്ടോറിക്ഷകള്‍ക്ക് ചിലവ് വരിക.

ഈ ഓണത്തിന് ഇ- ഓട്ടോകള്‍ വിപണിയിലെത്തിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. രണ്ടര ലക്ഷം രൂപയാണ് വാഹനത്തിന്റെ വില. സബ്സിഡി കൂടി ലഭിക്കുന്നതോടെ രണ്ടുലക്ഷത്തിന് വിപണിയില്‍ വില്‍ക്കാനാകുമെന്നാണ് പ്രതീക്ഷ. അതേസമയം, ഇലക്ട്രിക് ഓട്ടോറിക്ഷയ്ക്ക് പിന്നാലെ ഇലക്ട്രിക് ബസുകളുടെ നിര്‍മ്മാണരംഗത്തേക്കും കടക്കാനൊരുങ്ങുകയാണ് കേരള ഓട്ടോമൊബൈല്‍സ്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment