കളക്ടറൊടൊപ്പം കൂടിയാട്ടം കണ്ടതിന്റെ സന്തോഷത്തില്‍ മാമലക്കണ്ടം ഹൈസ്ക്കൂൾ വിദ്യാർത്ഥികൾ
കളക്ടറൊടൊപ്പം കൂടിയാട്ടം കണ്ടതിന്റെ സന്തോഷത്തില്‍ മാമലക്കണ്ടം ഹൈസ്ക്കൂൾ വിദ്യാർത്ഥികൾ
കാക്കനാട്: കുട്ടമ്പുഴ പഞ്ചായത്തിലെ ആദിവാസി ഊരുനിവാസികൾക്ക് ആശ്വാസമായി ജില്ലാ കളക്ടറുടെ സന്ദർശനം. കുട്ടമ്പുഴ പഞ്ചായത്തിലെ എളംപ്ലാശേരി കോളനി സന്ദർശിച്ച് ജില്ലാ കളക്ടർ മുഹമ്മദ് വൈ സഫീറുള്ള ഊരു നിവാസികളുടെ പ്രശ്നങ്ങൾ നേരിട്ട് ചോദിച്ചറിഞ്ഞു.
കടുത്ത കുടിവെള്ളക്ഷാമമാണ് നേരിടുന്നതെന്ന് ഊര് നിവാസികൾ പരാതിപ്പെട്ടപ്പോൾ പഞ്ചായത്തിലെ വിവിധ ഊരുകളിലെ കുടിവെള്ള ക്ഷാമം മാർച്ചു മാസത്തോടെ പരിഹരിക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകി.
പിണവൂർകുടി, വെള്ളാരംകൊത്ത് ഊരുകളിലെ വിശേഷങ്ങളും ആവശ്യങ്ങളും അദ്ദേഹം ചോദിച്ചറിഞ്ഞു. പട്ടണത്തിൽ പോയി കാണാൻ സാധിക്കാത്ത കൂടിയാട്ടം ജില്ലാ കളക്ടറൊടൊപ്പം കണ്ടതിന്റെ സന്തോഷത്തിലായിരുന്നു മാമലക്കണ്ടം ഗവൺമെന്റ് ഹൈസ്ക്കൂൾ വിദ്യാർത്ഥികൾ.
ബാലി വധത്തിന്റെ കഥ പറഞ്ഞ കൂടിയാട്ടം മുദ്രകൾ ചെയ്തു നോക്കി അനുകരിച്ചു കൊണ്ടാണ് പലരും കണ്ടത്. പൗരാണിക നാട്യരൂപമായ കൂടിയാട്ടം അവതരണത്തിന് സര്‍ക്കാര്‍ സ്‌കൂളുകളില്‍ വേദിയൊരുക്കിയ സംസ്കൃതി 2019ന്റെ ഭാഗമായിട്ടാണ് മാമലക്കണ്ടം സ്കൂളിൽ കൂടിയാട്ടം അരങ്ങേറിയത്.
ഭാരതീയ കലാരൂപങ്ങളും പാരമ്പര്യവും വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സ്പിക് മാക്കെ, കൊച്ചിന്‍ ഷിപ്പ് യാര്‍ഡ്, ജില്ലാ ഭരണകൂടം എന്നിവ വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ സ്‌കൂളുകളിലാണ് കൂടിയാട്ടം അവതരിപ്പിക്കുന്നത്.
കൊച്ചിന്‍ ഷിപ്പ് യാര്‍ഡാണ് പരിപാടിക്ക് സാമ്പത്തിക സഹായം നല്‍കുന്നത്. പ്രമുഖ കലാകാരന്മാരായ കപില വേണു, സൂരജ് നമ്പ്യാർ എന്നിവരുടെ നേതൃത്വത്തിൽ അമ്മന്നൂർ ഗുരുകുലത്തിലെ കലാകാരൻമാരാണ് കൂടിയാട്ടം അവതരിപ്പിച്ചത്.
ഒന്നേകാല്‍ മണിക്കൂര്‍ പരിപാടിയില്‍ ആദ്യത്തെ അര മണിക്കൂറില്‍ കപില വേണുവും സംഘവും കൂടിയാട്ടം കുട്ടികള്‍ക്ക് പരിചയപ്പെടുത്തി. മുദ്രകള്‍, നവരസങ്ങള്‍, ചമയം, ഹസ്താദിനയം, നേത്രാഭിനയം എന്നിവ സംബന്ധിച്ച പഠനക്ലാസ്സ് കപില വേണു നയിച്ചു.
അതിന് ശേഷം മിഴാവ് കൊട്ടി കൂത്തമ്പലത്തിൽ കൂടിയാട്ടത്തിനുള്ള അറിയിപ്പെത്തി. മുക്കാല്‍ മണിക്കൂര്‍ നീളുന്ന അവതരണത്തില്‍ ബാലി വധം ഇതിഹാസ കഥ കൂടിയാട്ടത്തിലെ എല്ലാ ചമയങ്ങളോടും കൂടെ സൂരജ് നമ്പ്യാർ അവതരിപ്പിച്ചു.
വോട്ടിങ്ങിലെ വിവിപാറ്റ് സംവിധാനം ഊരു നിവാസികളെ ഏറെ അതിശയിപ്പിച്ചു. ആർക്കാണ് വോട്ട് ചെയ്തതെന്ന് കാണാൻ സാധിച്ചത് ഊര് നിവാസികളെ അത്ഭുതപ്പെടുത്തി. നോട്ട വോട്ട് എങ്ങനെ ചെയ്യണമെന്നും ഉദ്യോഗസ്ഥരോട് ചോദിക്കാൻ അവർ മറന്നില്ല.
കുട്ടമ്പുഴ പഞ്ചായത്തിലെ നൂറിലധികം ആളുകൾ വിവി പാറ്റ് സംവിധാനം പരിചയപ്പെട്ടു. ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ ദിനേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ഇലക്ഷൻ വിഭാഗം ഉദ്യോഗസ്ഥരാണ് വിവി പാറ്റ് സംവിധാനം പരിചയപ്പെടുത്തിയത്. വോട്ടർ പട്ടികയിൽ പേരു ചേർക്കുന്നതിനുള്ള കൗണ്ടറും മാമലക്കണ്ടം ഗവൺമെൻറ് ഹൈസ്ക്കൂളിൽ പ്രവർത്തിച്ചു.
അഞ്ചുകുടി കോളനിയിലെ ഏകാദ്ധ്യാപക സ്കൂളിലും കളക്ടർ സന്ദർശനം നടത്തി. അടുത്തയാഴ്ച്ച കൊച്ചി നഗരം കാണാൻ വരുമ്പോൾ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനുള്ള ആഗ്രഹം കുട്ടികൾ കളക്ടറോട് പറഞ്ഞു.
ജോസി സെബാസ്റ്റ്യൻ എന്ന അധ്യാപികയുടെ കീഴിൽ ഒന്നു മുതൽ നാലാം ക്ലാസ്സ് വരെയുള്ള 17 കുരുന്നുകളാണ് ഇവിടെ വിദ്യ അഭ്യസിക്കുന്നത്. മെട്രോയിൽ കയറാനുള്ള സംവിധാനം ഒരുക്കാമെന്ന കളക്ടറുടെ ഉറപ്പിൽ സന്തോഷിച്ചിരിക്കുകയാണ് അഞ്ചുകുടി ബദൽ സ്കൂളിലെ കുട്ടികൾ.
Leave a Reply