ആളുകളെ സംസാരിച്ച് വലയിലാക്കി ലക്ഷങ്ങള്‍ തട്ടിയയാള്‍ പിടിയില്‍


ആളുകളെ വിദഗ്ധമായി സംസാരിച്ച് വലയിലാക്കി ലക്ഷങ്ങള്‍ തട്ടിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. സംസ്ഥാനത്ത് ഉടനീളം പലരില്‍ നിന്നായി ലക്ഷങ്ങള്‍ തട്ടിയ തിരുവനന്തപുരം മഞ്ഞമല കല്ലൂര്‍ സ്വദേശി തറവിള വീട്ടില്‍ സുരേഷ് കുമാറി (38) നെയാണ് ആലപ്പുഴ നോര്‍ത്ത് പൊലീസ് പിടികൂടിയത്.

പ്രതി വിലകൂടിയ വസ്ത്രങ്ങളും മറ്റും ധരിച്ച് ആളുകളെ കബളിപ്പിക്കുകയും പണം തട്ടുകലും ചെയ്തിരുന്നു. ആലപ്പുഴ ടൗണിലുള്ള ഒരു കാര്‍ ഷോറൂമില്‍ നിന്നും 12 ലക്ഷം രൂപ വിലയുള്ള കാര്‍ ബുക്ക് ചെയ്ത ശേഷം നാളെ മുഴുവന്‍ പണവുമായി വരാമെന്ന് പറഞ്ഞു മടങ്ങിയ പ്രതി എക്സിക്യൂട്ടീവിന്റെ നമ്പര്‍ വാങ്ങി.

പിറ്റേന്ന് പണവുമായി കാറില്‍ വന്നുകൊണ്ടിരിക്കുന്നുവെന്നും തന്റെ ഒരു സുഹൃത്തിന് പതിനയ്യായിരം രൂപ ഉടനടി അയച്ച് കൊടുക്കണമെന്നും താന്‍ കൊച്ചിക്ക് പോയി വന്നാല്‍ ലേറ്റ് ആകുമെന്നും ഇപ്പോള്‍ 12 ലക്ഷം രൂപ ബാങ്കില്‍ നിന്നും പിന്‍വലിച്ചതിനാല്‍ ഇന്നിനി ഇടപാട് നടത്താന്‍ പറ്റില്ലെന്നും ഇയാള്‍ എക്സിക്യൂട്ടീവിനെ പറഞ്ഞ് വിശ്വസിപ്പിച്ചു.

തുടര്‍ന്ന് സുഹൃത്തിന്റെതെന്ന വ്യാജേന ഒരു അക്കൗണ്ട് നമ്പര്‍ കൊടുത്ത് അതില്‍ പണം നിക്ഷേപിക്കാനും താന്‍ അവിടെ എത്തുമ്പോള്‍ പണം തരാമെന്നും പറഞ്ഞു. തുടര്‍ന്ന് പണം അയച്ച് കൊടുത്തത് എടിഎം കാര്‍ഡ് ഉപയോഗിച്ച് പിന്‍വലിച്ച ശേഷം ഇയാള്‍ സ്ഥലത്ത് നിന്നും മുങ്ങുകയായിരുന്നു. കാര്‍ ഷോറൂം എക്സിക്യൂട്ടീവായ തോമസ് ജെയിംസിന്റെ പരാതിയിലാണ് പ്രതി പിടിയിലാകുന്നത്.

ഇത്തരത്തില്‍ നിരവധി ആള്‍ക്കാരില്‍ നിന്നും ഇയാള്‍ പണം കൈപറ്റിയതായി പൊലീസ് പറഞ്ഞു. ആലപ്പുഴ തത്തമ്പള്ളി സ്വദേശിയായ ഓട്ടോ ഡ്രൈവറില്‍ നിന്നും ഇത്തരത്തില്‍ പതിനായിരം രൂപയും പ്രതി കൈക്കലാക്കി.

നിരവധി ആളുകളില്‍ നിന്നും തട്ടിയെടുക്കുന്ന പണം കൊണ്ട് ആഡംബര ജീവിതമാണ് പ്രതി നയിച്ച് വന്നിരുന്നത്. ആഡംബര ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും താമസിച്ച് അവിടുത്തെ ജോലിക്കാരുടെ വിശ്വസ്തത പിടിച്ചുപറ്റി പണം കൊടുക്കാതെ ഇയാള്‍ മുങ്ങും.

ഇതുകൂടാതെ ആലപ്പുഴ നഗരത്തിലുള്ള ആഡംബര ഹോട്ടലില്‍ റൂം എടുത്ത് റൂം ബോയിക്ക് വിദേശത്ത് ജോലി ശരിയാക്കി നല്‍കാമെന്ന് പറഞ്ഞും ഇയാള്‍ പണം തട്ടാന്‍ ശ്രമം നടത്തിയിരുന്നു.

തട്ടിപ്പ് നടത്തിയ ശേഷം ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യും. ഇത്തരത്തില്‍ നിരവധി സ്ഥലത്ത് നിന്നും ഇയാള്‍ തട്ടിപ്പ് നടത്തിയതായാണ് വിവരം. അരൂര്‍ സ്വദേശിയായ രമേശ് എന്നയാള്‍ക്ക് തമിഴ്നാട്ടില്‍ നിന്ന് ബിസിനസ് ആവശ്യത്തിന് 25 ലക്ഷം രൂപ ലോണ്‍ തരപ്പെടുത്തി കൊടുക്കാമെന്ന് പറഞ്ഞ് പലപ്പോഴായി രണ്ടര ലക്ഷം രൂപയും, കാസര്‍ഗോഡ് സ്വദേശിയില്‍ നിന്നും 4 ലക്ഷം രൂപയും സുരേഷ് തട്ടിയെടുത്തിട്ടുണ്ട്.

അതേസമയം വിവാഹിതനായ പ്രതി കൊല്ലം സ്വദേശിനിയായ മറ്റൊരു സ്ത്രീയുടെ കൂടെ താമസിച്ചും തട്ടിപ്പ് നടത്തിയതായും പൊലീസ് പറഞ്ഞു. ജില്ല പൊലീസ് മേധാവി കെ എം ടോമിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഹരിപ്പാടുള്ള റിസോര്‍ട്ടില്‍ നിന്ന് പൊലീസ് സ്റ്റേഷനിലേക്ക് കൂട്ടികൊണ്ടുവന്നാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*