ദുരഭിമാന ആക്രമണം: ഇടുക്കിയില്‍ താഴ്ന്ന സമുദായക്കാരുമായി ഇടപഴകിയ വയോധികന്റെ കാല്‍ സഹോദര പുത്രന്‍ വെട്ടിമാറ്റി

ദുരഭിമാന ആക്രമണം: ഇടുക്കിയില്‍ താഴ്ന്ന സമുദായക്കാരുമായി ഇടപഴകിയ വയോധികന്റെ കാല്‍ സഹോദര പുത്രന്‍ വെട്ടിമാറ്റി

ഇതരസമുദായക്കാരുടെ വീട്ടില്‍ പോവുകയും ഭക്ഷണം കഴിക്കുകയും ചെയ്തതിന് വയോധികന്റെ കാല്‍ സഹോദര പുത്രന്‍ വെട്ടിമാറ്റി. മറയൂര്‍ കോവില്‍ക്കടവിലാണ് സംഭവം. കാന്തല്ലൂര്‍ പഞ്ചായത്തിലെ കര്‍ശനാട് സ്വദേശിയായ മുത്തുപാണ്ടിയുടെ(68) കാലിന്റെ മുട്ടിന് താഴെയാണ് വെട്ടിമാറ്റിയത്. സംഭവത്തില്‍ പ്രതിയായ ഇദ്ദേഹത്തിന്റെ സഹോദരപുത്രന്‍ മുരുകന്‍ (28) ഒളിവിലാണ്.

ചൊവ്വാഴ്ച രാവിലെ 9.45നാണ് സംഭവം. കാലിന്റെ 95 ശതമാനം ഭാഗവും അറ്റു. തമിഴ് തേവര്‍ സമുദായാംഗമാണിവര്‍. കോവില്‍ക്കടവ് ദണ്ഡുകൊമ്പ് ജംഗ്ഷനിലുള്ള വ്യാപാര സ്ഥാപനത്തിന് മുന്‍പില്‍ ഇരിക്കുകയായിരുന്നു മുത്തുപാണ്ടിയെ വാക്കത്തിയുമായിവന്ന മുരുകന്‍ വെട്ടുകയായിരുന്നു. തുടര്‍ന്ന് ഓട്ടോറിക്ഷയില്‍ കയറി ഇയാള്‍ രക്ഷപ്പെട്ടു. പതിനഞ്ച് മിനിട്ടോളം മുത്തുപാണ്ടി ചോരവാര്‍ന്ന് ഇവിടെ കിടന്നു.

തുടര്‍ന്ന് അഞ്ച് കിലോമീറ്റര്‍ അകലെനിന്ന് മറയൂര്‍ പൊലീസെത്തി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചു. മുരുകനെ ശസ്ത്രക്രിയയ്ക്കായി കോയമ്പത്തൂര്‍ ഫിംസിലേക്ക് മാറ്റി. ഇതര സമുദായക്കാരുടെ വീട്ടില്‍ പോകുന്നുവെന്നും ഭക്ഷണം കഴിക്കുന്നുവെന്നും പറഞ്ഞ് മുരുകന്‍ നിരന്തരം തന്നോട് വഴക്കിടാറുണ്ടെന്ന് പരിക്കേറ്റ മുത്തുപാണ്ടി പൊലീസിന് മൊഴി നല്‍കി.

മുരുകന്‍ വാക്കത്തിയുമായി വരുന്നതും പോകുന്നതും നാട്ടുകാര്‍ വിരണ്ടോടുന്നതും സമീപമുള്ള കടയിലെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. മറയൂര്‍ ഇന്‍സ്‌പെക്ടര്‍ വി.ആര്‍.ജഗദീശ്, എസ്.ഐ. ജി.അജയകുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment