മദ്യപിച്ച് ബഹളവെച്ചത് ചോദ്യം ചെയ്തതിന് യുവാവിനെ തലയ്ക്കടിച്ച് കൊന്നു
മദ്യപിച്ച് ബഹളവെച്ചത് ചോദ്യം ചെയ്തതിന് യുവാവിനെ തലയ്ക്കടിച്ച് കൊന്നു
കൊല്ലത്ത് യുവാവിനെ തലയ്ക്കടിച്ച് കൊന്നു. മരക്കുളത്ത് ഇന്നലെ രാത്രി പത്തു മണിയോടെയാണു സംഭവം. ചരുവിള പുത്തന്‍വീട്ടില്‍ ശശിയുടെ മകന്‍ ശ്യാം (21) നെയാണ് അഞ്ചംഗ സംഘം തലയ്ക്കടിച്ചു കൊലപ്പെടുത്തിയത്.
ശ്യാമിനെ നാലഞ്ചു പേരടങ്ങുന്ന സംഘമെത്തി വീട്ടില്‍ നിന്നു വിളിച്ചിറക്കി കൊണ്ടുപോയി ഇരുമ്പ് പൈപ്പ് കൊണ്ടു തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ ചാത്തന്നൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.
ആക്രമിസംഘം ശ്യാമിന്റെ വീടിന് സമീപം മദ്യപിച്ച് ബഹളം വച്ചത് ചോദ്യം ചെയ്തതിനാണ് കൊലപാതകം. ശ്യാമിന്റെ അച്ഛന്‍ ശശി മകനെ തിരക്കി റോഡിലേക്കിറങ്ങിയപ്പോള്‍ അക്രമിസംഘത്തെ വിലക്കുകയും കുറച്ചു ദൂരെയായി നിന്ന ശ്യാമിനെ വിളിച്ചു വീട്ടിലേക്ക് പോയി.
ഇതില്‍ കുപിതരായി സംഘത്തിലുണ്ടായിരുന്ന ശ്യാമിന്റെ അയല്‍വാസികളായ മൂന്ന് പേര്‍ വന്നു ശ്യാമിനെ വിളിച്ചു. അടുത്തെത്തിയപ്പോള്‍ ആക്രമികള്‍ സമീപത്തു കിടന്നിരുന്ന ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് ശ്യാമിനെ ക്രൂരമായി ആക്രമിക്കുകയായിരുന്നു.
തലയ്ക്ക് അടിയേറ്റ് തലയോട്ടി പൊട്ടിയ ശ്യാമിനെ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരിച്ചു. വെല്‍ഡറായി ജോലി ചെയ്യുകയായിരുന്നു ശ്യാം.
ചാത്തന്നൂര്‍ എ സി പി ജവഹര്‍ ജനാര്‍ദ്ദിന്റെ നേതൃത്വത്തിലുള്ള പൊലീസ് ഉടന്‍ തന്നെ സ്ഥലത്തെത്തുകയും യുവാക്കളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തു. അമ്മ: സുശീല, സഹോദരി: ശാലിനി.
Leave a Reply