മണിപ്പുരില്‍ പോകാന്‍ ഇനി പെര്‍മിറ്റുവേണം

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി ബില്ലിനെതിരേയുള്ള പ്രതിഷേധം തണുപ്പിക്കുന്നതിന്റെ ഭാഗമായി മണിപ്പുരിലും ഇന്നര്‍ലൈന്‍ പെര്‍മിറ്റ് (ഐ.എല്‍.പി.) ഏര്‍പ്പെടുത്തി. ബുധനാഴ്ച ഇതുസംബന്ധിച്ച ഉത്തരവില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവെച്ചു. പൗരത്വബില്‍ ചര്‍ച്ചയ്ക്കിടെ ലോക്‌സഭയില്‍ ആഭ്യന്തരമന്ത്രി അമിത് ഷായാണ് സംസ്ഥാനത്ത് ഐ.എല്‍.പി. ഏര്‍പ്പെടുത്തുമെന്നു പ്രഖ്യാപിച്ചത്.

ഇന്നര്‍ലൈന്‍ പെര്‍മിറ്റ് ബാധകമായ സ്ഥലങ്ങളില്‍ പ്രവേശിക്കുന്നതിന് ഇന്ത്യയുടെ മറ്റുഭാഗങ്ങളില്‍ ഉള്ളവര്‍ക്കും വിദേശികള്‍ക്കും പ്രത്യാകാനുമതി ആവശ്യമാണ്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ഗോത്രവര്‍ഗമേഖലകളില്‍ പുറമേനിന്നുള്ളവരുടെ കടന്നുകയറ്റം തടയാനും അവരുടെ സാംസ്കാരികത്തനിമ നിലനിര്‍ത്താനുമായാണ് ഈ നിബന്ധന കൊണ്ടുവന്നത്. അരുണാചല്‍പ്രദേശ്, നാഗാലാന്‍ഡ്, മിസോറം തുടങ്ങിയ സംസ്ഥാനങ്ങളിലായിരുന്നു ഇതുവരെ പെര്‍മിറ്റ്‌ ബാധകം. പെര്‍മിറ്റിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന് മണിപ്പുര്‍ ദീര്‍ഘകാലമായി ആവശ്യപ്പെട്ടുവരികയായിരുന്നു.

ഐ.എല്‍.പി. സംവിധാനം നിലവിലുള്ള സംസ്ഥാനങ്ങളില്‍ പൗരത്വഭേദഗതി നിയമം നടപ്പാക്കില്ലെന്ന് അമിത് ഷാ വ്യക്തമാക്കിയിട്ടുണ്ട്. ഭരണഘടനയുടെ ആറാമത്തെ പട്ടികയിലുള്‍പ്പെടുന്ന സംസ്ഥാനങ്ങളായ അസം, മേഘാലയ, ത്രിപുര എന്നീ സംസ്ഥാനങ്ങളിലെ ചില ആദിവാസിമേഖലകളിലും നിയമം ബാധകമാകില്ല.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply