Mavelikara Sree Krishna Swamy Temple l അപൂർവ്വമായ നവനീത കൃഷ്ണ ക്ഷേത്രം; ഗുരുവായൂരപ്പന് പ്രതിഷ്ഠ നടത്തിയ ക്ഷേത്രം : ആശ്രയം ചോദിച്ചാൽ കൈവിടില്ല
അപൂർവ്വമായ നവനീത കൃഷ്ണ ക്ഷേത്രം; ഗുരുവായൂരപ്പന് പ്രതിഷ്ഠ നടത്തിയ ക്ഷേത്രം : ആശ്രയം ചോദിച്ചാൽ കൈവിടില്ല
മാവേലിക്കര: ആലപ്പുഴ ജില്ലയിൽ മാവേലിക്കരയ്ക്കടുത്ത് അച്ചൻകോവിലാറിൽനിന്നും തെക്കുമാറി സ്ഥിതിചെയ്യുന്ന ചരിത്ര പ്രസിദ്ധമായ ക്ഷേത്രമാണ് മാവേലിക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രം.1300 ൽ അധികം വർഷം പഴക്കം ഈ ക്ഷേത്രത്തിനുണ്ട് എന്നാണ് പറയപ്പെടുന്നത്. വെണ്ണയ്ക്കായി ഇരുകൈകളും നീട്ടി നിൽക്കുന്ന നവനീത കൃഷ്ണനാണ് ഇവിടുത്തെ ആകർഷണം.
ആശ്രയിച്ചാൽ കൈവിടില്ലാത്ത കൃഷ്ണനാണെന്ന വിശ്വാസം ഉള്ളതുകൊണ്ട് ദൂരദേശങ്ങളിൽ നിന്നും ആയിരങ്ങളാണ് ഓരോ വർഷവും ഇവിടെ എത്തുന്നത്. ഒരിക്കൽ ഈ ഭൂമി വൃത്തിയാക്കുമ്പോൾ അവിടുത്തെ പണിക്കാരിലൊരാൾ ഭൂമിക്കടിയിൽ നിന്നും ഒരു പ്രതിമ കണ്ടെത്തി.
അയാളുടെ കൈ തട്ടി അതിൽ നിന്നും രക്തം ഒലിക്കുന്നത് കണ്ടപ്പോൾ പ്രതിമയുമെടുത്ത് അയാൾ വേഗം ഇടശ്ശേരി കുടുംബത്തിലേക്ക് പോയി. അന്വേഷിച്ചപ്പോൾ ജ്യോതിഷികൾ ഇത് വെണ്ണയ്ക്കായി കൈ നീട്ടി നിൽക്കുന്ന കൃഷ്ണന്റെ രൂപമാണെന്നു തീർച്ചപ്പെടുത്തി.
അവിടുത്തെ രാജാവിന്റെ സഹായത്തോടെ ഒരു ചെറിയ ക്ഷേത്രം നിർമ്മിച്ച് കൃഷ്ണനെ അവിടെ പ്രതിഷ്ഠിച്ചു. ആ വിഗ്രഹം ഭൂമിക്കടിയിൽ നിന്നും കണ്ടെത്തിയ ആദിച്ചൻ എന്നയാളെ കേരളാദിച്ചൻ എന്ന പട്ടവും കരമൊഴിവാക്കിയ ഭൂമിയും ഒക്കെ നല്കി ആദരിക്കുകയും ചെയ്തു. ഇപ്പോൾ തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലാണ് ക്ഷേത്രം.
ഇവിടുത്തെ മറ്റൊരു പ്രത്യേകത സ്തംഭവിളക്കാണ്. മാർത്താണ്ഡവർമ്മയും ഡച്ചുകാരും തമ്മിൽ സമാധാന സൗഹൃദ ഉടമ്പടിയുണ്ടാക്കി.എ.ഡി 1753 ആഗസ്റ്റ് 15 നാണ് ചരിത്രപ്രസിദ്ധമായ ഈ ഉടമ്പടി ഒപ്പുവച്ചത്. ഈ സൗഹൃദത്തിന്റെയും ഉടമ്പടിയുടെയും സ്മരണയ്ക്കായി ഡച്ചുകാർ സംഭാവനയായി നിർമ്മിച്ച് നൽകിയതാണ് ഈ സ്തംഭവിളക്ക്. ക്ഷേത്രത്തിന്റെ കിഴക്കേ നടയിലാണ് ഈ സ്തംഭ വിളക്ക് സ്ഥിതി ചെയ്യുന്നത്. 360 അടി ചുറ്റളവ് ഉണ്ട് ഈ സ്തംഭത്തിന്.
Also Read >> ഒരു രാത്രിക്ക് രണ്ട് ലക്ഷം; മാസ് ഡയലോഗുമായി ഗായത്രിയും
ശ്രീ കൃഷ്ണസ്വാമി ക്ഷേത്രത്തിന് കിഴക്കേ നടയിൽ, ക്ഷേത്രത്തിനു മുമ്പിലെ പേരാലിന്റെ ചുവട്ടിൽ ശ്രീ ബുദ്ധന്റെ വലിയ വിഗ്രഹം ഉണ്ട്. ഇരിക്കുന്ന രീതിയിൽ ഉള്ളതും ഇത്രയും വലിപ്പം ഉള്ളതുമായ ബുദ്ധ വിഗ്രഹം കേരളത്തിൽ മറ്റൊരിടത്തും കാണാൻ സാധിക്കില്ല. മാവേലിക്കരക്കാർക്ക് ബുദ്ധൻ പുത്രച്ചൻ ആണ്. ആ കവല ബുദ്ധജംഷൻ എന്നറിയപ്പെടുന്നു. ഈ പ്രദേശം ബുദ്ധജനപദമായിരുന്നുവെന്ന വാദത്തിന് ഉദാഹരണമാണ് ക്ഷേത്രത്തിന്റെ കിഴക്കേ നടയിലെ ധ്യാനബുദ്ധന്റെ പ്രതിമ.
AD 1789 ൽ ടിപ്പുവിന്റെ ആക്രമണങ്ങളിൽ നിന്നും ഗുരുവായൂരപ്പന്റെ വിഗ്രഹത്തെ സംരക്ഷിക്കാൻ സാമൂതിരി രാജാവിന്റെ നിർദേശപ്രകാരം വിഗ്രഹം അമ്പലപ്പുഴ ക്ഷേത്രത്തിലേക്കും തുടർന്ന് അവിടെ നിന്നും മാവേലിക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലേക്കും മാറ്റുകയുണ്ടായി. മാവേലിക്കര ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രത്തോടനുബന്ധിച്ചു താൽക്കാലിക ക്ഷേത്രം നിർമ്മിച്ചാണ് ഗുരുവായൂരപ്പന് പ്രതിഷ്ഠ നടത്തിയത്.
ടിപ്പുവിന്റെ പടയോട്ടത്തിനു ശേഷം ഗുരുവായൂരപ്പന്റെ വിഗ്രഹം മാവേലിക്കര നിന്നും ഗുരുവായൂരിന് കൊണ്ടുപോയെങ്കിലും ഈ ഗുരുവായൂരപ്പ ക്ഷേത്രം പ്രധാന ക്ഷേത്രത്തോട് ചേർന്ന് ഇന്നും ഇവിടെയുണ്ട്. കേരളത്തിൽ ഗരുഡ വാഹനത്തിൽ ഭഗവാൻ എഴുന്നള്ളുന്ന അപൂർവ്വം ക്ഷേത്രങ്ങളിലൊന്നാണ് മാവേലിക്കര ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രം. തിരുവിതാംകൂർ ദേവസ്വം ബോർഡിൽ വാകച്ചാർത്തു നടക്കുന്ന ഏക ക്ഷേത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്.
Leave a Reply