മെഡിക്കല്‍ കോളേജ്: നവീകരിച്ച അഞ്ച് പ്രധാന പാതകളുടെ ഉദ്ഘാടനം ഇന്ന്

മെഡിക്കല്‍ കോളേജ്: നവീകരിച്ച അഞ്ച് പ്രധാന പാതകളുടെ ഉദ്ഘാടനം ഇന്ന്

തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ക്യാമ്പസിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമായി പൂര്‍ത്തീകരിച്ച അഞ്ച് പ്രധാന പാതകളുടെ ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി നിര്‍വഹിക്കും.

ഉദ്ഘാടനം ഓണ്‍ലൈനായി മുഖ്യമന്ത്രി നിര്‍വഹിക്കും. പകല്‍ മൂന്നിന് ഓണ്‍ലൈനായി നടക്കുന്ന ചടങ്ങില്‍ ആരോഗ്യ-സാമൂഹ്യനീതി- വനിതാ ശിശുവികസന വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ അധ്യക്ഷത വഹിക്കും.

ദേവസ്വം- ടൂറിസം- സഹകരണ വകുപ്പുമന്ത്രി കടകംപളളി സുരേന്ദ്രന്‍ മുഖ്യാതിഥി ആയിരിക്കും. ഡോ ശശി തരൂര്‍ എംപി, മേയര്‍ ആര്യാ രാജേന്ദ്രന്‍ എന്നിവരും പങ്കെടുക്കും.

140 ഏക്കറിലായി വ്യാപിച്ച് കിടക്കുന്ന മെഡിക്കല്‍ കോളേജിനെ സെന്‍റര്‍ ഓഫ് എക്സലന്‍സ് ആയി വികസിപ്പിക്കുന്നതിന്‍റെ ഭാഗമായി നടപ്പാക്കി വരുന്ന മെഡിക്കല്‍ കോളേജിലെ മാസ്റ്റര്‍ പ്ലാന്‍ പദ്ധതി അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനും ആശുപത്രി ആധുനികവത്ക്കരിക്കുന്നതിനും ഊന്നല്‍ നല്‍കുന്നതോടൊപ്പം ഭാവിയിലെ ആവശ്യകതകളും മുന്നില്‍ക്കണ്ട് ദീര്‍ഘവീക്ഷണത്തോടുകൂടിയാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.

കിഫ്ബി മുഖേന സംസ്ഥാന സര്‍ക്കാര്‍ ആവിഷ്ക്കരിച്ച് നടപ്പാക്കി വരുന്ന പദ്ധതിയില്‍ ആകെ 717.29 കോടി രൂപയുടെ വികസനപ്രവര്‍ത്തനങ്ങളാണ് വിഭാവനം ചെയ്തിരിക്കുന്നത്.

മാസ്റ്റര്‍പ്ലാനിന്‍റെ ഭാഗമായി മെഡിക്കല്‍ കോളേജ് ക്യാമ്പസിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി പൂര്‍ത്തീകരിച്ച അഞ്ച് പ്രധാന പാതകളുടെ ഉദ്ഘാടനമാണ് ഇന്ന് നടക്കുന്നത്.

ഗോള്‍ഡന്‍ജൂബിലി കവാടം മുതല്‍ അമ്മയും കുഞ്ഞും പ്രതിമ വരെയുള്ള റോഡ്, അമ്മയും കുഞ്ഞും പ്രതിമ മുതല്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്ക് വരെയുള്ള റോഡ്, അമ്മയും കുഞ്ഞും പ്രതിമ മുതല്‍ ഫുഡ്ബോള്‍ ഗ്രൗണ്ട് വരെയുള്ള റോഡ്,

ഫുട്ബോള്‍ ഗ്രൗണ്ടിന്‍റെ കിഴക്കുഭാഗത്തുകൂടി ലേഡീസ് ഹോസ്റ്റല്‍ വരെയുള്ള റോഡ്, ദന്തല്‍ കോളേജിന്‍റെ മുന്‍വശത്ത് നിന്നും ഒ പിപ്രവേശന കവാടം വരെയുള്ള റോഡ് എന്നിവയാണ് ഉദ്ഘാടനം ചെയ്യപ്പെടുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*