മോഷണം പോയ മുതലിന്റെ ഉടമയും മോഷ്ടാവും ഒരേ കടയില്‍ എത്തിയാല്‍ എങ്ങനെയിരിക്കും…?

മോഷണം പോയ മുതലിന്റെ ഉടമയും മോഷ്ടാവും ഒരേ കടയില്‍ എത്തിയാല്‍ എങ്ങനെയിരിക്കും…?

മോഷണ മുതലുമായി കടന്നുകളഞ്ഞയാള്‍ പിന്നെയും ഉടമയുടെ മുന്നില്‍ എത്തിയാല്‍ എന്താവും അവസ്ത. ഇങ്ങനെ ഒരു സംഭവമാണ് മലപ്പുറത്തെ തിരൂരങ്ങാടിയില്‍ ഉണ്ടായിരിക്കുന്നത്.

തന്റെ കൈയില്‍നിന്നു മോഷണം പോയ മൊബൈലിന്റെ ഐഎംഇഐ നമ്പര്‍ തേടി ഉടമസ്ഥനും മൊബൈലിന്റെ ലോക്ക് എടുക്കാന്‍ മോഷ്ടാവും എത്തിയത് ഒരേ കടയില്‍.

പിടിക്കപ്പെടുമെന്ന് മനസ്സിലായ മോഷ്ടാവ് ഇവിടെ നിന്ന് രക്ഷപ്പെട്ടെങ്കിലും സിനിമാ രംഗങ്ങളെ വെല്ലുന്ന സംഭവങ്ങള്‍ക്കൊടുവില്‍ ഇയാള്‍ പിടിയിലായി.

കൊടിഞ്ഞി പാല പാര്‍ക്കിലെ ചകിരിമില്ലിലെ തൊഴിലാളിയായ ബിഹാര്‍ സ്വദേശി ഇസ്രായീലിന്റെ മൊബൈല്‍ ഫോണാണ് പന്താരങ്ങാടി സ്വദേശിയായ നബീല്‍ (30) മോഷ്ടിച്ചത്. ഇതിനോടൊപ്പം ഇയാളുടെ വാച്ച്, 4,000 രൂപ തുടങ്ങിയവയും നഷ്ടമായിട്ടുണ്ട്.

മൊബൈല്‍ നഷ്ടമായതിന് പിന്നാലെ ഐഎംഇഐ നമ്പര്‍ വാങ്ങാനായി ചെമ്മാട്ടെ ന്യൂ ഗള്‍ഫ് ബസാറിലെ മൊബൈല്‍ ഷോപ്പില്‍ എത്തി. പൊലീസില്‍ പരാതി നല്‍കാനാണ് ഇസ്രായീല്‍ ഇതിനായി എത്തിയത്. ഇതേസമയം തന്നെ മൊബൈലിന്റെ ലോക്ക് അഴിക്കാനായി മോഷ്ടാവും അതേ കടയില്‍ എത്തുകയായിരുന്നു.

ലോക്ക് അഴിക്കണമെന്ന് പറഞ്ഞപ്പോള്‍ സംശയം തോന്നിയ കടയുടമ സ്വന്തം മൊബൈലിന്റെ ലോക്ക് അറിയില്ലേയെന്ന് ചോദിച്ചു. അപ്പോള്‍ കുട്ടികള്‍ ലോക്കിട്ടതാണെന്നായിരുന്നു മറുപടി.

സംശയം തോന്നിയ ഇസ്രായീല്‍ മൊബൈല്‍ വാങ്ങി തന്റെ ലോക്ക് തുറന്നു നോക്കിയപ്പോള്‍ നഷ്ടപ്പെട്ട ഫോണ്‍ തന്നെയാണെന്നു മനസ്സിലാകുകയായിരുന്നു.

കൊടിഞ്ഞിയിലെ ഉത്സവസ്ഥലത്തെ ചീട്ടുകളിക്കാരില്‍ നിന്ന് 5,000 രൂപ കൊടുത്തു വാങ്ങിയതാണെന്നും ഈ തുക തന്നാല്‍ തിരികെത്തരാമെന്നുമാണ് ഇയാള്‍ കടയുടമ ചോദ്യം ചെയ്തപ്പോള്‍ പറഞ്ഞത്. എന്നാല്‍ കടയുടമ സമ്മതിച്ചില്ല.

ഒടുവില്‍, ഫോണ്‍ തന്നയാളെ കാട്ടിത്തരാമെന്നുപറഞ്ഞ് ഇസ്രായീലിനെ തന്ത്രപരമായി ബൈക്കില്‍ക്കയറ്റി കൊണ്ടുപോയ ശേഷം ആളൊഴിഞ്ഞ സ്ഥലത്ത് തള്ളിയിട്ട് നബീല്‍ കടന്നുകളഞ്ഞു.

സംഭവമറിഞ്ഞ് ചകിരിമില്‍ ഉടമയും നാട്ടുകാരും കടയിലെത്തി വിവരങ്ങള്‍ അന്വേഷിക്കുന്നതിനിടെ മോഷ്ടാവിനെ വീണ്ടും പരിസരത്തു കണ്ടു.

ഇവരില്‍നിന്നും രക്ഷപ്പടാനായി നബീല്‍ ഓടിക്കയറിയതാകട്ടെ പൊലീസ് സ്റ്റേഷനിലേക്കും. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു കോടതിയില്‍ ഹാജരാക്കി.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*