മോജോ എന്ന മൊബൈൽ ജേർണലിസം പ്രസക്തമായിരിക്കുന്ന ഇക്കാലത്തു മോജോ വീഡിയോ എങ്ങനെയെന്ന് പരിചയപ്പെടാം

മോജോ എന്ന മൊബൈൽ ജേർണലിസം പ്രസക്തമായിരിക്കുന്ന ഇക്കാലത്തു മോജോ വീഡിയോ എങ്ങനെയെന്ന് പരിചയപ്പെടാം

ജോ ജോഹർ,  
പാനൽ വീഡിയോ സ്ട്രിങ്ങർ,
ഐ &  പി ആർ ഡി  എറണാകുളം

മൊബൈൽ സാങ്കേതികത്വം ക്വാളിറ്റി വീഡിയോ ഫോർമാറ്റിലേക്കു ആവിഷ്കൃതമായതോടു കൂടി ഏറ്റവും കൂടുതൽ സാധ്യത വന്നു ചേർന്നത് ജേർണലിസത്തിലാണ് . ചാനലുകൾ തമ്മിലുള്ള കിടമത്സരം വർധിച്ചപ്പോൾ ഏറ്റവുമാദ്യം വിഷ്വലുകൾ എത്തിക്കുക എന്ന മത്സര തലത്തിലേക്ക് വിഷ്വൽ ജേർണലിസം മാറി.

എന്നാൽ ഉയർന്ന ബിറ്റ് റേറ്റ് ഉള്ള ഹൈ ഡെഫനിഷൻ പ്രൊഫഷണൽ വീഡിയോ ക്യാമറ വഴി തത്സമയം ട്രാൻസ്ഫർ ചെയ്യുന്നതിന് പരിമിതികൾ മാറി നിന്നിടത്താണ് ബിറ്റ് റേറ്റ് കുറഞ്ഞ ഹൈ ഡെഫനിഷൻ മൊബൈൽ വിഡിയോകൾ വളരെ എളുപ്പത്തിൽ ട്രാൻസ്ഫർ ചെയ്തു സംപ്രേക്ഷണം നടത്താൻ സാധിക്കുന്ന രീതിയിലെത്തിയത്.

ഇത് മൊബൈൽ ജേര്ണലിസത്തിന്റെ സാദ്ധ്യതകൾ വർദ്ധിപ്പിക്കുകയും മോജോ എന്ന ന്യൂ ജെൻ ജേർണലിസത്തിന്റെ പടിവാതിൽ തുറന്നിടുകയും ചെയ്തു. എങ്കിൽക്കൂടിയും മൊബൈൽ ജേർണലിസത്തിലെ പരിഹരിക്കപ്പെടാനാവാത്ത ന്യൂനതകൾ ഉള്ളിടത്ത് ഇപ്പോഴും പ്രൊ വീഡിയോ മുന്നിട്ടു നിൽക്കുന്നു.

നമ്മുടെ സംസ്ഥാന സർക്കാരും പബ്ലിക് റിലേഷൻ വകുപ്പ് വഴി മോജോ പ്രാവർത്തികമാക്കാനുള്ള പ്രാരംഭ ഘട്ടത്തിലാണ്. അതിനായി വകുപ്പിലെ ജേര്ണലിസ്റ്റുകൾക്കു ആവശ്യമായ ട്രെയിനിങ് തുടങ്ങിക്കഴിഞ്ഞു. ഇതോടെ വാർത്തകൾ വളരെ എളുപ്പത്തിൽ മാധ്യമങ്ങൾക്കു നൽകാൻ പബ്ലിക് റിലേഷൻ വകുപ്പിന് കഴിയും.

മോജോ ജേർണലിസം മെച്ചപ്പെടുത്താൻ  ഛായാഗ്രഹണ കലയിലെ അൽപ്പം സാങ്കേതിക പരിജ്ഞാനം കൂടി ആവശ്യമാണ്. റിപ്പോർട്ടിങ്ങിനൊപ്പം വേണം ഇതും പ്രാവർത്തികമാക്കാൻ.   എന്നിരുന്നാൽ കൂടിയും മികച്ച  മൊബൈലും  അനുബന്ധ ഉപകരണങ്ങളും ഉണ്ടെങ്കിലേ  സാമാന്യം നല്ല വേഗതയിലും പെർഫെക്ഷനിലും മോജോ  ചെയ്യാൻ സാധിക്കൂ.

ഒരർത്ഥത്തിൽ പറഞ്ഞാൽ റിപ്പോർട്ടിങ്ങും,, ക്യാമറയും , എഡിറ്റിങ്ങും , സൗണ്ട് മിക്സിങ്ങും അടക്കമുള്ള ഒരു  വൺ മാൻ ഷോ തന്നെയാണ് മോജോ.  ഒന്നിന് പകരം മറ്റു മൂന്നാളുകളുടെ ഉത്തരവാദിത്വം കൂടി   ക്രമമായി ചെയ്യണം.   ഇതിനായി വേണ്ട മികച്ച ഉപകരണങ്ങൾ  (മോജോ കിറ്റ് ) എന്തൊക്കെ എന്ന് നമുക്ക് നോക്കാം. 

മൊബൈൽ ഡിവൈസ് 

4  കെ വീഡിയോ സർവ്വ  സാധാരണമായ ഇക്കാലത്തു  മികച്ച മൊബൈൽ ഡിവൈസിനു തന്നെ പ്രധാന മുൻഗണന.  ഇപ്പോൾ 10  ജി ബി റാമും   256  ജി ബി  മെമ്മറിയും സർവ്വ സാധാരണമായ ധാരാളം മൊബൈലുകൾ ലഭ്യമാണ്. ഈ സ്പെസിഫിക്കേഷനുള്ള  മൊബൈൽ   മോജോയ്‌ക്കായി ഉപയോഗപ്പെടുത്തുക. 

ഒപ്പം തന്നെ സ്‌ക്രീൻ  ക്വാളിറ്റി നോക്കേണ്ടത് അത്യാവശ്യമായ ഘടകമാണ് എന്നതിനാൽ റാം   സ്പെസിഫിക്കേഷൻ ഉണ്ടെങ്കിലും  വില കുറഞ്ഞ മൊബൈലിലേക്ക് പോകാതിരിക്കുക. കാരണം  കൂടിയ സ്‌ക്രീനുകൾക്കു ഗ്ലെയർ പരമാവധി കുറക്കാനുള്ള ശേഷി ഉണ്ട്.   മികച്ച സ്ക്രീന് വില നൽകേണ്ടി വരും. കൂടുതലായും ഔട്ട് ഡോർ  സമയത്താണ് ഇവയുടെ ഉപയോഗം എന്നതിനാൽ  സ്‌ക്രീനിന്റെ കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കണം. 

ഷൂട്ട് ചെയ്യുന്ന സമയത്തു  നാം വെള്ള വസ്ത്രമാണ് ധരിക്കുന്നതെങ്കിൽ  അതിൽ പ്രകാശം വന്നുള്ള ഗ്ലെയർ സ്‌ക്രീനിന്റെ വ്യക്തത കുറക്കാൻ  കാരണമാകും.  അതിനാൽ ഷൂട്ടിംഗ് സമയത്തു വസ്ത്രങ്ങളുടെ കളറുകളിലും ശ്രദ്ധ ചെലുത്തേണ്ടതുണ്ട് . ഇളം വർണ്ണങ്ങളിലുള്ള  വസ്ത്രധാരണ രീതി  ഒഴിവാക്കുക. പ്രൊഫഷണൽ ക്യാമറകളിൽ ഐ പീസ് പ്രൊട്ടക്ഷൻ ഉള്ളതിനാൽ  ഗ്ലെയർ ഒഴിവാകുന്നു. എന്നാൽ  മൊബൈലിൽ ഈ സൗകര്യം ലഭ്യമല്ലല്ലോ. 

സാധാരണ എല്ലാ മൊബൈലിലും ഉള്ളതാണെകിൽ കൂടിയും സൗണ്ട് ഇൻപുട്ടിനായും ഔട്ട് പുട്ടിനായും ഉള്ള  3 .5  എം എം  പോർട്ട്  (ഹെഡ് ഫോൺ ജാക്ക് ) ഉണ്ടോ എന്നു ശ്രദ്ധിയ്‌ക്കേണ്ടതുണ്ട്.   വീഡിയോ റെസലൂഷൻ  കുറഞ്ഞത് ഫുൾ എച് ഡി ഫോർമാറ്റ്  ( 1080 പ്രോഗ്രെസ്സീവ് )  ആണ്  ചിത്രീകരണത്തിന് നല്ലതു. 50  ഫ്രെയിം റേറ്റ് ലഭ്യമായ മൊബൈൽ ആണെങ്കിൽ  അതിൽ ചിത്രീകരിക്കണം. ഇല്ലെങ്കിൽ 25  എന്ന ഫ്രെയിം റേറ്റ് ഉപയോഗിക്കുക.   നാൽപ്പതിനായിരം രൂപയാണ് ഇന്ന് ഇത്തരം സൗകര്യങ്ങളുള്ള മികച്ച ഒരു മൊബൈലിനു വില വരിക.

സ്റ്റെബിലൈസേഷൻ :

ഇന്ന് ഏതാണ്ടെല്ലാ പ്രീമിയം  മൊബൈലുകളിലും  ഇൻ ബോഡി എന്ന  സെൻസർ സ്റ്റെബിലൈസേഷൻ  (കൂടുതൽ മനസ്സിലാക്കാൻ ഈ ആർട്ടിക്കിൾ വായിക്കുക )    ഉള്ളവയാണ്. എങ്കിൽ കൂടിയും ക്രമാനുഗതമല്ലാത്ത  ചലനം ചിത്രീകരണത്തിൽ വന്നാൽ  പ്രേക്ഷകർക്ക് അരോചകമായ വിഷ്വൽ ആണ് നമുക്ക് നൽകാൻ കഴിയുക. ഫലമോ ചാനൽ സ്കിപ്പ്  നേരിടുകയും ചെയ്യും.

അതിനാൽ വാർത്തയിലും വിഷ്വലിലും  അരോചകമല്ലാത്ത   രീതിയിൽ  കാര്യങ്ങൾ അവതരിപ്പിക്കുകയാണെങ്കിൽ പ്രേക്ഷകരെ  ആകർഷിക്കാൻ നമുക്ക് കഴിയും.   ഇൻ ബോഡി സ്റ്റെബിലൈസേഷൻ  ഉണ്ടെങ്കിൽ കൂടിയും  മോജോ ജേർണലിസത്തിനു  മെക്കാനിക്കൽ സ്റ്റെബിലൈസേഷൻ ഡിവൈസ് അവശ്യ ഘടകം തന്നെയാണ്. 

മേൽക്കാണിച്ചിരിക്കുന്നതു ഒരു 3  ആക്സിസ് ഗിമ്പൽ സിസ്റ്റം ആണ്.  മൊബൈൽ ആംഗിളിനെ വളരെ സ്റ്റെഡി  ആയി നിർത്താൻ ഈ  3  ആക്സിസ് മെക്കാനിക്കൽ സ്റ്റെബിലൈസേഷൻ സഹായിക്കുന്നു.  നടക്കുമ്പോൾ ഉണ്ടാകുന്ന ഷേക്കും  കൈകൾക്കുണ്ടാകുന്ന വിറയലുമൊക്കെ ലവലേശം മൊബൈൽ ചിത്രീകരണത്തിൽ  ബാധിക്കാതെ ഈ ഗിമ്പൽ സിസ്റ്റം  സ്വയമേവ  ക്രമീകരിക്കും. 

തുലനത  സെറ്റ് ചെയ്തെടുക്കാൻ ആദ്യ ഒന്നോ രണ്ടോ തവണ മാത്രമേ ബുദ്ധിമുട്ടു അനുഭവപ്പെടുകയുള്ളൂ. പിന്നീട് വളരെ എളുപ്പത്തിൽ മൊബൈൽ ഗിമ്പലിൽ ഘടിപ്പിക്കാനുള്ള പ്രാവിണ്യം നാം നേടിക്കൊള്ളും.  സ്‌ക്രീൻ ഇപ്പോഴും നമുക്ക് അഭിമുഖമായി വരേണ്ട രീതിയിലാണ് സെറ്റ് ചെയ്യേണ്ടത്.  മെഹയിലോ പരന്ന പ്രതലത്തിലോ നിർത്തി ചിത്രീകരിക്കാനുള്ള സജ്ജീകരണങ്ങളും ഇത്തരം ഗിമ്പലത്തിന്റെ കൂടെ ലഭിക്കും. പതിനായിരം രൂപയോളമാവും നല്ലൊരു  മൊബൈൽ  ഗിമ്പലിന്റെ വില. ഈയിടെ ഇറങ്ങിയ  പോക്കറ്റ് ഓസ്‌മോ മോജോ യ്ക്ക് നല്ലതാണ്.


ലേഖകൻ ജോ ജോഹർ ഓസ്‌മോ പോക്കറ്റ്  റിവ്യൂ ചെയ്യുന്നു
ഫോട്ടോ : അരുൺ സദാശിവൻ

ലൈവ് സൗണ്ട് റെക്കോർഡിങ് 

മൊബൈലിൽ നേരിട്ട് സൗണ്ട് റെക്കോർഡിങ് ചെയ്യാനുള്ള സൗകര്യം ഉണ്ടെങ്കിൽ കൂടിയും വിശാലമായി പരന്ന്  കിടക്കുന്ന ഏരിയയുടെ  മൊത്തം ശബ്ദങ്ങളും  റെക്കോർഡ് ചെയ്യപ്പെടും.  ഇതിൽ നിന്നും അൽപ്പം കൂടി മികച്ച ശബ്ദം റെക്കോഡ് ചെയ്യാൻ എക്സ്റ്റേണൽ മൈക്രോ ഫോൺ മൊബൈലിൽ കണക്ട് ചെയ്‌താൽ മതി.

ഇത്തരം മൈക്രോഫോണുകൾ നേരിട്ട് 3 .5  പോർട്ടിലേക്കു  കണക്ട്  ചെയ്തുപയോഗിക്കാം.  ചിത്രീകരണത്തിന് മുൻപ് എപ്പോഴും  ഓഡിയോ കൃത്യമായി റെക്കോർഡ് ചെയ്യപ്പെടുന്നുണ്ടോ എന്ന് പരിശോധിച്ച ശേഷം മാത്രം  തുടർ ചിത്രീകരണം നടത്തുക. 

അഭിമുഖം പോലുള്ള കാര്യങ്ങൾക്കും  മറ്റും  മൊബൈലിന്റെ  3 .5  എം എം പോർട്ടിൽ ഘടിപ്പിക്കാവുന്ന   ലേപ്പൽ  മൈക്ക് ലഭിക്കും. അതുപയോഗിച്ചു ചിത്രീകരിച്ചാൽ  മികച്ച സൗണ്ട് റെക്കോർഡ് ചെയ്യാൻ സാധിക്കും.

പ്രത്യകം ശ്രദ്ധിക്കുക , ഇത്തരം മൈക്രോഫോണുകൾ  അശ്രദ്ധ  കൊണ്ട്  തറയിലോ മറ്റോ നിരന്തരം  വീഴുകയാണെങ്കിലോ ശക്തിയായി ഒപ്രഹരം ലഭിക്കുകയോ ചെയ്‌താൽ കണ്ടൻസർ ചീത്തയായി പ്രവർത്തനം നിലക്കാൻ  സാധ്യത ഉണ്ട്.  അതിനാൽ ഏറെ ശ്രദ്ധ ഉപകരണങ്ങളിൽ വേണം  500  രൂപയിൽ താഴെ വിലയ്ക്ക് ഇത്തരം മൈക്കുകൾ ലഭ്യമാകും. 

വിവിധ കണക്ടറുകളും റീഡറുകളും 

ഓ ടി  ജി  കണക്ടർ  എന്നറിയപ്പെടുന്ന  ഒരു ഡിവൈസ് ആണ്  മുകളിൽ കാണപ്പെടുന്നത്. പെൻ  ഡ്രൈവ് , യു എസ്  ബി കേബിൾ  തുടങ്ങി യ ഉപകരണങ്ങൾ  മൊബൈലുമായി  നേരിട്ട് ഘടിപ്പിക്കാൻ ആണ് ഇത്തരം ഡിവൈസുകൾ ഉപയോഗിക്കാറ്.   ഡാറ്റ ട്രാൻസ്ഫാറിനു സഹായിക്കുന്നതാണ് ഇത്തരം കണക്ടറുകൾ.  400  രൂപയോളമാണ് ഇതിനു വില വരിക.

കോംബോ ഓ ടി ജി കണക്ടർ എന്ന മുകളിൽ കാണിച്ചിരിക്കുന്ന ഉപകരണം  യു എസ് ബി  യോടൊപ്പം  കാർഡ് റീഡർ  കൂടി  ഉൾപ്പെടുന്നതാണ്.   പ്രൊ വീഡിയോ ക്യാമറകളിൽ എടുക്കുന്ന വിഡിയോകൾ മൊബൈൽ വഴി ട്രാൻസ്ഫർ ചെയ്യാനും  എഡിറ്റു ചെയ്യാനും  കോംബോ ഓ ടി ജി കണക്ടർ വളരെ മികച്ച  ഒരുപകരണമാണ്. ഏകദേശം   1500  രൂപയാണ് ഇതിന്റെ വില.

ഓ ടി ജി കണക്ടർ  വഴി വയർലെസ്സ് മൗസ്  ഉപയോഗിക്കുമ്പോൾ  സാധാരണ കമ്പ്യൂട്ടർ ഉപയോഗിക്കുന്നത് പോലെ മൊബൈൽ ഉപയോഗിക്കാം. ഇത് എഡിറ്റിങ് വളരെ  എളുപ്പമാക്കിത്തീർക്കുന്നു.  750 രൂപയോളമാണ് വയർലെസ്സ് മൗസിന്റ്‌റെ വില. 

ഓ ടി ജി കണക്ടർ വഴി   സാധാരണ മൗസും മൊബൈലിൽ കണക്ട് ചെയ്തുപയോഗിക്കാം.  എന്നാൽ കേബിൾ തടസ്സങ്ങളും ചലനങ്ങളും മൊബൈൽ പോർട്ട് എളുപ്പത്തിൽ കംപ്ലയിന്റ് ആകാൻ ഇട  വരുത്താറുണ്ട് എന്നതിനാൽ ഇത്തരം രീതികൾ ഒഴിവാക്കി വയർലെസ്സ് മൗസ് ഉപയോഗിക്കുക.

എഡിറ്റിങ്ങിൽ കീ ബോർഡിൻറെയും  മൗസിന്റെയും ഉപയോഗം ഒഴിവാക്കാൻ സാധിക്കാത്തതാണ്. മൊബൈൽ ഡിവൈസിനായുള്ള  പോക്കറ്റ് ബ്ലൂ ടൂത്ത് കീ ബോർഡ് ധാരാളമായി മാർക്കറ്റിൽ ലഭ്യമാണ്.   750  മുതൽ  2000  രൂപ വരെയാണ് ഇവയുടെ വില.  

ക്ലിപ് ഓൺ അഡീഷണൽ ലെൻസ്

മൊബൈൽ ലെൻസ്  എപ്പോഴും  ഫിക്‌സഡ് റേഞ്ച് ഉള്ളതായിരിക്കും.  സ്‌ക്രീനിൽ  പിഞ്ച് ചെയ്തു നാം സൂം ഉപയോഗിക്കുമ്പോൾ ഡിജിറ്റൽ ആയിട്ടാണ് സൂം  പ്രവർത്തിക്കുക എന്നതിനാൽ ധാരാളം ക്വാളിറ്റി ലോസ് പിക്ച്ചറിനെ ബാധിക്കുന്നു. ഇത് മറികടക്കാനാണ്   മൊബൈൽ ലെൻസിനു  മുകളിൽ ക്ലിപ് ചെയ്തു ഉപയോഗിക്കാൻ സാധിക്കുന്ന വിവിധ റേഞ്ച് ഉള്ള  ലെൻസുകൾ   വിപണിയിലുള്ളത്.

ഒപ്റ്റിക്കൽ സൂം ആയതിനാൽ പിക്ച്ചർ ക്വളിറ്റിയിൽ കുറവ് വരുന്നില്ല. മോജോ കുറച്ചു കൂടി പ്രഫഷണൽ ആയി ചെയ്യാൻ  ഉദ്ദേശിക്കുന്നവർക്ക്‌ ഇത്തരം ലെൻസ് കിറ്റുകൾ നല്ലതാണ്.   മൈക്കിന് റേഞ്ചിലുള്ള ലെൻസുകൾ ഘടിപ്പിച്ച മൊബൈൽ കെയ്‌സുകളും ഇപ്പോൾ വിപണിയിൽലഭ്യമാണ്. മൊബൈൽ മോഡലിനനുസരിച്ചു ഇവ വാങ്ങണം. 

ഓട്ടോമേറ്റഡ് ഫയൽ ട്രാൻസ്‌ഫർ 

ജേർണലിസം റിപ്പോർട്ടിങ് ജോലി  അതിന്റേതായ ഒരു വഴിക്കു  നിരന്തരം നീങ്ങുമ്പോൾ ഒരു പക്ഷെ , കൃത്യ സമയത്തു എഡിറ്റ് ചെയ്തവതരിപ്പിക്കാൻ പറ്റാതെ വരും. അങ്ങനെയുള്ള സമയത്തു ഓൺ ലൈൻ ഫയൽ ട്രാൻസ്ഫർ  ചെയ്തു  മറ്റൊരിടത്തുനിന്നും വേറൊരാൾ എഡിറ്റ് ചെയ്തു ചൂടാറാതെ വാർത്തകൾ എത്തിക്കാനുള്ള സൗകര്യമുണ്ടെങ്കിൽ കൂടുതൽ  നന്നായിരിക്കും.

ജി മെയിലിൽ അക്കൗണ്ട് തുടങ്ങുമ്പോൾ നിരവധി മറ്റു ആപ്പ്ലിക്കേഷനുകൾ  കൂടി  നമുക്ക് ലഭിക്കുന്നുണ്ട്. അതിലൊന്നാണ്  ഗൂഗിൾ ഫോട്ടോസ്. നമ്മുടെ മൊബൈലിലുള്ള ഫോട്ടോകളും വിഡിയോകളും  ഓട്ടോമാറ്റിക്കായി സെര്വറിലേക്കു അപ്‌ലോഡ് ചെയ്യാനുള്ള സൗകര്യവും  അപ്‌ലോഡ് ചെയ്തു കഴിഞ്ഞവ മൊബൈലിൽ നിന്നും മായ്ച്ചു കളയാനുള്ള സൗകര്യവും ഗൂഗിൾ ഫോട്ടോസ് ചെയ്തു തരുന്നുണ്ട്. 

ജേർണലിസത്തിൽ വളരെ ഗുണകരമായ  ഒരു ഫയൽ ട്രാൻസ്ഫർ സമ്പ്രദായമാണ് ഇത്. നാം ഷൂട്ട് ചെയ്യുമ്പോൾ തന്നെ പിന്നണിയിൽ ഫയൽ ട്രാൻസ്ഫറും നടന്നോളും. യൂസർ നെയിമും പാസ്സ്വേർഡും ഉള്ളത് ആർക്കും എവിടെ നിന്നും  അക്കൗണ്ട് ഓപ്പൺ ചെയ്തു ഡൌൺലോഡ് ചെയ്തു എഡിറ്റ് ചെയ്യാൻ സാധിക്കും. 

15  ജി ബി സ്‌പേസ് ആണ് ഗൂഗിൾ സൗജന്യമായി നൽകുക.  1300  രൂപ പ്രതിവർഷം  മുടക്കിയാൽ 100  ജി ബി സ്‌പേസ് ലഭിക്കും.  എഡിറ്റ് ചെയ്തവ തിരികെ  അതെ ആപ്പ്ളിക്കേഷനിൽ  തന്നെ മറ്റൊരു ഫോൾഡറിൽ സേവ് ചെയ്‌താൽ ഷൂട്ട് ചെയ്തിരിക്കുന്ന ആൾക്കും  എഡിറ്റഡ് വീഡിയോ പ്‌ളേ  ചെയ്തു കാണാൻ സാധിക്കും. റിമോട്ട് എഡിറ്റിങ്ങിനായി വളരെ എളുപ്പമാർന്ന ഒരു രീതിയാണ് ഇത്.

source:fotomarketonline

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*