ആലുവ ജില്ലാ ആശുപത്രിയില്‍ ലഹരി മാഫിയകള്‍ തമ്മില്‍ തര്‍ക്കം: യുവാവ് കുത്തേറ്റ് മരിച്ചു

ആലുവ ജില്ലാ ആശുപത്രിയില്‍ ലഹരി മാഫിയകള്‍ തമ്മില്‍ തര്‍ക്കം: യുവാവ് കുത്തേറ്റ് മരിച്ചു

ആലുവ ജില്ലാ ആശുപത്രിയില്‍ ലഹരി മാഫിയകള്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് യുവാവ് കുത്തേറ്റ് മരിച്ചു. ആലുവ യു.സി. കോളേജ് വി.എച്ച്. കോളനി സതീശ് സദനം സുബ്രഹ്മണ്യന്റെ മകന്‍ ചിപ്പി (34) ആണ് കുത്തേറ്റ് മരിച്ചത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന വിശാല്‍ (35), കൃഷ്ണപ്രസാദ് (28) എന്നിവര്‍ക്കും ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്.

ജില്ലാ ആശുപത്രിയിലെ അത്യാഹിത വിഭാഗം വരാന്തയോട് ചേര്‍ന്നാണ് സംഭവം നടന്നത്. ആശുപത്രിയിലെ ലഹരി വിമുക്ത കേന്ദ്രത്തില്‍ ചികിത്സയ്‌ക്കെത്തിയതാണ് ഇവര്‍. ഇവര്‍ തമ്മില്‍ മുന്‍ വൈരാഗ്യം ഉള്ളതായി സൂചനയുണ്ടെന്ന് പൊലീസ് പറഞ്ഞു.

കൈയിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് കുത്തിയ ശേഷം പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. ആലുവ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എ.എസ്.പി. എം.ജെ സോജന്‍, ഡി.വൈ.എസ്.പി. ജി. വേണു എന്നിവര്‍ സ്ഥലത്തെത്തി. പ്രതിക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

എയ്ഡ് പോസ്റ്റില്ലാത്ത ആലുവ ജില്ലാ ആശുപത്രിയിലെ ലഹരി വിമോചന കേന്ദ്രത്തിലെത്തുന്നവര്‍ രോഗികള്‍ക്കും ജീവനക്കാര്‍ക്കും ഭീഷണിയാകുന്നു. ലഹരിമരുന്നിനടിമപ്പെട്ടവര്‍ക്ക് നല്‍കുന്ന മരുന്ന് കൂടുതല്‍ നല്‍കാനാവശ്യപ്പെട്ട് ജീവനക്കാര്‍ക്ക് നേരെ കയ്യേറ്റ ശ്രമം പതിവാണ്.

ലഹരി മരുന്നിന് അടിമപ്പെട്ടവര്‍ നല്‍കുന്ന ബുപ്രിനോര്‍ഫിന്‍ മരുന്ന് വാങ്ങാനായാണ് ലഹരി മാഫിയ സംഘങ്ങള്‍ ആലുവ ജില്ലാ ആശുപത്രിയിലെ ലഹരി വിമോചന കേന്ദ്രത്തിലെത്തുന്നത്. സൗജന്യമായി ലഭിക്കുന്ന ഈ മയക്ക് മരുന്ന് ലഹരിക്കായി വാങ്ങി കഴിക്കാനും, മറിച്ച് വില്‍ക്കുവാനുമായാണ് ഭൂരിഭാഗം പേരും ഇവിടെ എത്തുന്നത്. ഡോക്ടറുടെ നിര്‍ദേശാനുസരണം 2 mg മുതല്‍ 4 mg വരെ നല്‍കുന്ന ഈ മരുന്ന് കൂടുതല്‍ ആവശ്യപ്പെട്ട് ആശുപത്രിക്കകത്ത് ബഹളമുണ്ടാക്കുക പതിവാണ്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply