‘മുറ്റത്തെ മുല്ല’ വായ്പാപദ്ധതിക്ക് ഇന്ന് തുടക്കം

‘മുറ്റത്തെ മുല്ല’ വായ്പാപദ്ധതിക്ക് ഇന്ന് തുടക്കം

തിരുവനന്തപുരം: കൊള്ളപലിശക്കാരിൽ നിന്ന് സാധാരണക്കാരെ രക്ഷിക്കാൻ കുടുംബശ്രീയുമായി സഹകരിച്ചുള്ള ലഘുവായ്പാ പദ്ധതി കേരളാ സർക്കാർ പ്രഖ്യാപിച്ചു. സഹകരണ സംഘങ്ങളുമായി ചേർന്നുള്ള വായ്പാപദ്ധതിയുടെ പേര് ‘മുറ്റത്തെ മുല്ല’ എന്നാണ്.

വ്യവസ്ഥാപിത മാര്‍ഗങ്ങളിലൂടെ വായ്പ എടുക്കാൻ താൽപര്യമില്ലാത്തവരുടെയും കൊള്ളപലിശക്കാരില്‍ നിന്നു വായ്പയെടുത്ത് കെണിയിലായവരുടെയും വീട്ടിലെത്തി ലളിതമായ നടപടി ക്രമങ്ങളിലൂടെ ഏറ്റവും കുറഞ്ഞ പലിശക്ക് ലഘുവായ്പ നല്‍കുകയാണ് പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്.
1,000 മുതല്‍ 25,000 രൂപ വരെയാണ് വായ്പയായി നല്‍കുക. 52 തവണകളായി ആഴ്ചതോറും ലഘുവായ തിരിച്ചടവിലൂടെ വായ്പാതുക അടച്ചു തീർക്കണം. പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം ജൂണ്‍ 26ന് പാലക്കാട് മണ്ണാര്‍കാട്ട് നിർവഹിക്കുമെന്ന് സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു.

അട്ടപ്പാടി ആദിവാസി മേഖലയില്‍ സമഗ്ര ആരോഗ്യ പദ്ധതിക്ക് സഹകരണ വകുപ്പും പെരിന്തല്‍മണ്ണ ഇ.എം.എസ് ആശുപത്രിയും സഹകരിച്ചു നടപ്പാക്കുന്ന പദ്ധതിയും സഹകരണ മന്ത്രി പ്രഖ്യാപിച്ചു. പൈലറ്റ് പദ്ധതി എന്ന നിലയിലാണ് ഈ പദ്ധതി നടപ്പാക്കുന്നത്. അട്ടപ്പാടി മേഖലയിലെ 30000തോളം വരുന്ന ആദിവാസി ജനവിഭാഗങ്ങള്‍ക്കാണ് പദ്ധതിയുടെ ഗുണം ലഭിക്കുന്നതെന്നും കടകംപള്ളി വ്യക്തമാക്കി.
12ശതമാനമാണ് പലിശ. ഇതില്‍നിന്നും ഒമ്പത് ശതമാനം പലിശ പ്രാഥമിക കാര്‍ഷികബാങ്കുകളില്‍ അടക്കണം. ശേഷിക്കുന്നതില്‍ കുടുംബശ്രീ യൂണിറ്റുകള്‍ക്ക് അല്ലെങ്കില്‍വായ്പ ഇടപാട് നടത്തുന്ന അംഗത്തിന് തീരുമാനം എടുക്കാം. പരമാവധി ഒരുവര്‍ഷമാണ് വായ്പതിരിച്ചടവ് കാലാവധി. 1000 രൂപ വായ്പ എടുത്ത ഒരാള്‍ഒരുവര്‍ഷത്തിനുള്ളില്‍ തുല്യഗഡുക്കളായി 1120 രൂപ തിരിച്ചടക്കണം. പത്ത് ആഴ്ചയില്‍തിരിച്ചടവ് പൂര്‍ത്തിയാകുന്ന വായ്പയും നല്‍കും. വായ്പ ആവശ്യക്കാരുടെ എണ്ണം അനുസരിച്ച് ഒരോ വാര്‍ഡിലെയും ഒന്ന് മുതല്‍ മൂന്നുവരെ കുടുംബശ്രീ യൂണിറ്റുകളിലൂടെയാണ് പദ്ധതി നടപ്പാക്കുക.

കുടുംബശ്രീ അംഗങ്ങള്‍ ആവശ്യക്കാരുടെവീട്ടിലെത്തി വായ്പ നല്‍കും. ആഴ്ചതോറും വീടുകളിലെത്തി തിരിച്ചടവ് തുകസ്വീകരിക്കും. വായ്പ നല്‍കാന്‍ ആവശ്യമായ സംഖ്യ കുടുംബശ്രീ യൂണിറ്റുകള്‍ക്ക് ഒരുയൂണിറ്റിന് പരമാവധി പത്ത് ലക്ഷം രൂപ ഒമ്പത് ശതമാനം പലിശനിരക്കില്‍ ക്യാഷ്‌ക്രെഡിറ്റ് വായ്പയായി അനുവദിക്കും. പുനര്‍വായ്പ ആവശ്യമുളള സംഘത്തിന്എട്ട് ശതമാനം പലിശക്ക് ജില്ലാസഹകരണ ബാങ്കുകള്‍ പുനര്‍വായ്പ നല്‍കും.
നിലവില്‍ കുടുംബശ്രീ യൂണിറ്റുകള്‍ക്ക് പ്രാഥമിക കാര്‍ഷിക വായ്പാസംഘങ്ങള്‍ നല്‍കിയിട്ടുള്ള വായ്പകള്‍ക്ക് പുറമേയാണ് പത്ത് ലക്ഷം ക്യാഷ് ക്രെഡിറ്റായിഅനുവദിക്കുന്നത്. വായ്പ തിരിച്ചടവ് കുടുംബശ്രീ ഉറപ്പാക്കണം. ഇതിന് യൂണിറ്റുകള്‍ പ്രാഥമിക കാര്‍ഷിക വായ്പസംഘങ്ങളുമായി കരാറില്‍ ഏര്‍പ്പെടണം. പദ്ധതി നിരീക്ഷണത്തിന് സംഘംതലത്തില്‍ പഞ്ചായത്ത് പ്രസിഡന്റ്‌ ചെയര്‍മാനും സഹകരണ സംഘം സെക്രട്ടറി കണ്‍വീനറും ജില്ലാതലത്തലില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനും സഹകരണ സംഘം ജോയിന്റ് സെക്രട്ടറി കണ്‍വീനറുമായ കമ്മിറ്റികള്‍ പ്രവര്‍ത്തിക്കും.

വായ്പക്കാരന്റെ തിരിച്ചടവ് മൂന്നുമാസത്തിലധികം മുടങ്ങിയാല്‍ അവരെ നേരിട്ട്പ്രാഥമിക സംഘത്തിന്റെ വായ്പക്കാരനാക്കി കുടുംബശ്രീക്ക് ബാധ്യതയില്‍ നിന്നുംഒഴിയാം. ഇത്തരം കേസുകള്‍ മൊത്തം വായ്പയുടെ 20 ശതമാനത്തില്‍ അധികരിച്ചാല്‍ കുടുംബശ്രീ യൂണിറ്റുകളുടെ ക്യാഷ്‌ക്രെഡിറ്റ് വായ്പ പരിധി തുടര്‍വര്‍ഷം പുതുക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*