ദേശീയ പക്ഷി-മൃഗ പ്രദര്‍ശന മേള തിരുവനന്തപുരത്ത്

ദേശീയ പക്ഷി-മൃഗ പ്രദര്‍ശന മേള തിരുവനന്തപുരത്ത്

ദേശീയ പക്ഷി-മൃഗ പ്രദര്‍ശന മേള തിരുവനന്തപുരത്ത് l National Bird, Animal Exhibition Thiruvananthapuram Latest Breaking Newsതിരുവനന്തപുരം: പ്രളയാനന്തര കേരളത്തിന്റെ പുനര്‍ നിര്‍മ്മാണ ഫണ്ടിലേക്ക് സംഭാവന സ്വരൂപിക്കുന്നതിന്റെ ഭാഗമായി ദേശീയ പക്ഷി-മൃഗ പ്രദര്‍ശന മേളയൊരുക്കുന്നു.സെന്റര്‍ ഫോര്‍ ഇന്നൊവേഷന്‍ ഇന്‍ സയന്‍സ് ആന്റ് സോഷ്യല്‍ ആക്ഷന്റെയും(സിസ) സാന്ത്വനം ജീവകാരുണ്യ സമിതിയുടെയും സഹകരണത്തോടെയാണ് ഒക്‌ടോബര്‍ 26 മുതല്‍ നവംബര്‍ നാലുവരെ പുത്തരിക്കണ്ടം മൈതാനിയിൽ മേള നടത്തുന്നത്.

ഏറ്റവും പുതിയ മലയാള സിനിമയായ ‘കായംകുളം കൊച്ചുണ്ണി’യില്‍ നിവിന്‍ പോളിക്കൊപ്പം അഭിനയിച്ച കുതിരയും രമേഷ് പിഷാരടി സംവിധാനം ചെയ്ത ‘പഞ്ചവര്‍ണ്ണത്തത്ത’ എന്ന ചിത്രത്തിലെ അഴകുള്ള തത്തകളും മേളയിലെ മുഖ്യതാരങ്ങളായി എത്തുന്നുണ്ട്. ഈ ചിത്രങ്ങള്‍ക്ക് വേണ്ടി മൃഗങ്ങളെ പരിശീലിപ്പിച്ച് നല്‍കിയ ഇഹാമുദ്ദീന്‍ തന്നെയാണ് പ്രദര്‍ശന മേളയിലും ഇവയെ അണിനിരത്തുന്നതും.
രണ്ട് ഡസനോളം വരുന്ന അരുമനായ്ക്കളുടെ അപൂര്‍വ ജനുസ്സുകളെ മേളയില്‍ കാണാനാകും. ജര്‍മന്‍ ഷെപ്പേര്‍ഡ്, ഡോബര്‍മാന്‍, ലാബ്രഡോര്‍, റോട്ട് വീലര്‍, പഗ്ഗ്, ഡാഷ്ഹണ്ട്, ഡാല്‍മേഷ്യന്‍ എന്നിവ കൂടാതെ ലോകത്തിലെ ഏറ്റവും കുഞ്ഞു നായയായ ഷിവാവയും വലുപ്പമേറിയ സെന്റ് ബര്‍ണാഡും എത്തുന്നുണ്ട്. പ്രസിദ്ധമായ പീനട്‌സ് കാര്‍ട്ടൂണിലെ സ്‌കൂപ്പി എന്ന നായ കഥാപാത്രമായ ബീഗിളും മേളയിലുണ്ട് എന്നത് മേളയിലെ മറ്റൊരു കൗതുകമാണ്.

അങ്കവാലിലും ആടയിലും സൗന്ദര്യം നിറച്ച വര്‍ണ്ണക്കോഴികൾ, വെണ്‍തൂവല്‍ തൊപ്പിക്കു നടുവില്‍ രത്‌നം പതിച്ച മുദ്രയുള്ള സുല്‍ത്താന്‍, കണ്ണിണകളെ മൂടുന്ന തൂവല്‍ച്ചാര്‍ത്തുമായി നില്‍ക്കുന്ന പോളിഷ് ക്യാപ്, വെണ്‍രോമ പട്ടു പുതച്ച സില്‍ക്കി, മീറ്റളോളം വാല്‍ നീളമുള്ള ഒണഗോഡറി, കുഞ്ഞന്‍ കോഴികളായ ഗെയിം ബാന്റം, ഭീമന്മാരായ കൊഷിന്‍ ബ്രഹ്മ, നീലക്കാലുകളുള്ള റോസ് കോംബ്, നീല മുട്ടകളിടുന്ന അലൂക്കാന എന്നിങ്ങനെ വര്‍ണക്കോഴികളുടെ വിശാല പ്രപഞ്ചം കണ്‍മുന്നിലെത്തുന്നുണ്ട്.
ഇവയെ കൂടാതെ തമിഴ്‌നാട്ടില്‍ നിന്നുള്ള കഴുതകളുടെ നീണ്ടനിരയും വീട്ടമ്മമാരുടെ പ്രിയ ഇനമായ ബിവി 380 കോഴികളുടെ വൈവിധ്യവും മേളയിലുണ്ട്. ചാര, ചെമ്പല്ലി എന്നീ ഇനങ്ങളില്‍പ്പെട്ട കുട്ടനാടന്‍ താറാവുകളും കാടപക്ഷികള്‍, ഗിനിക്കോഴികള്‍, വാത്തകള്‍ എന്നിവയും പ്രദര്‍ശന നഗരിയില്‍ എത്തുന്നുണ്ട്. ഗ്രാമപ്രിയ, ഗ്രാമലക്ഷ്മി, വൈറ്റ് ലഗോണ്‍, നാടന്‍ കോഴികളായ തലശേരി, തേനി, തിത്തിരി, കരിങ്കോഴി, നേക്കഡ് നെക്ക് എന്നിവയും മേളയിൽ അണിനിരക്കും. മൃഗങ്ങളെയും പക്ഷികളെയും കുറിച്ചു വിജ്ഞാനം നല്‍കുന്ന സെമിനാറുകള്‍, സംരംഭകര്‍ക്കായി ബിസിനസ് മീറ്റുകള്‍ എന്നിവയും പ്രദർശനത്തോടൊപ്പം സംഘടിപ്പിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*