ജനജീവിതം സ്തംഭിക്കും: രണ്ടു ദിവസത്തെ പണിമുടക്ക് ഇന്ന് രാത്രി ആരംഭിക്കും


ഇന്ന് രാത്രി തുടങ്ങുന്ന രണ്ടു ദിവസത്തെ പണിമുടക്കില്‍ സംസ്ഥാനത്ത് ജനജീവിതം സ്തംഭിക്കും. പ്രധാന യൂണിയനുകള്‍ അണിനിരക്കുന്ന പണിമുടക്ക് ഹര്‍ത്താലായി മാറാനാണ് സാധ്യത. സമരത്തിന് പിന്തുണയെന്നോണം സര്‍ക്കാര്‍ ഇതുവരെ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചിട്ടില്ല.

സംയുക്ത ട്രേഡ് യൂണിയന്‍ ആഹ്വാനം ചെയ്ത പണിമുടക്ക് ഹര്‍ത്താലാകില്ലെന്ന് നേതാക്കള്‍ ഉറപ്പ് നല്‍കുമ്പോഴും ജനജീവിതം സാധാരണ നിലയിലാകില്ലെന്ന് ഉറപ്പാണ്. ബസ്, ഓട്ടോ, ടാക്‌സി സര്‍വീസുകള്‍ നിലയ്ക്കും. റെയില്‍വേ, എയര്‍പോര്‍ട്ട്, തുറമുഖം തുടങ്ങിയ മേഖലകളും പണിമുടക്കിന്റെ ഭാഗമാകും.

കെഎസ്ആര്‍ടിസിയിലെ പ്രമുഖ യൂണിയനുകളെല്ലാം പണിമുടിക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. റെയില്‍ ജീവനക്കാരില്‍ ബി എം എസ് ഒഴികെ തൊഴില്‍യൂണിയനുകളും പണിമുടക്കിന് അനുകൂലമാണ്.

സ്‌കൂളുകള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും നാളെയും മറ്റന്നാളും പ്രവൃത്തി ദിവസങ്ങളാണെങ്കിലും ബഹൂഭൂരിപക്ഷം അധ്യാപകരും ജീവനക്കാരും എത്തുമോയേന്നതില്‍ ആശങ്കയുണ്ട്.

പണിമുടക്കിയാല്‍ കെഎസ്ആര്‍ടിസിക്ക് രണ്ടു ദിവസം കൊണ്ട് 12 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നും സമരത്തില്‍ നിന്ന് പിന്‍മാറണമെന്നും എംഡി ടോമിന്‍ തച്ചങ്കരി യൂണിയനുകളോട് ആവശ്യപ്പെട്ടെങ്കിലും യൂണിനുകള്‍ വിട്ടുുവീഴ്ചയ്ക്കില്ല.

അതേസമയം, ശബരിമല സര്‍വീസിനെ പണിമുടക്ക് ബാധിക്കില്ലെന്ന് യൂണിയനുകള്‍ വ്യക്തമാക്കി. ആശുപത്രികളെ ഒഴിവാക്കിയിട്ടുണ്ടെങ്കിലും സര്‍ക്കാര്‍, സഹകരണ മേഖലയിലെ ഓഫീസുകളും അസംഘടിത മേഖലയിലെ തൊഴിലാളികളും ജോലിയില്‍ നിന്ന് വിട്ടു നില്‍ക്കും. വിനോദസഞ്ചാരികളെയും ശബരിമല തീര്‍ത്ഥാടകരെയും പണിമുടക്കില്‍ നിന്ന് ഒഴിവാക്കി.

പണിമുടക്ക് ദിനം കടകള്‍ തുറക്കാനാണ് വ്യാപാരി വ്യവസായി ഏകോപന സമിതി അടക്കമുളള സംഘടനകളുടെ തീരുമാനം.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*