നട്ടുച്ച പ്രാന്ത്‌!
നട്ടുച്ച പ്രാന്ത്‌!

ആതിര മുരളീധരന്‍നിനക്ക്‌ പ്രാന്താണ് !
നട്ടുച്ചപ്രാന്ത്‌ ! അയാളെപ്പൊഴും പറയും
ഒച്ചയിടുമ്പൊഴൊക്കെയും,
ഉച്ചിയ്ക്കടിക്കുന്ന പത്തല് പോലെ
അതെന്നെ പ്രഹരിച്ചുകൊണ്ടേയിരിക്കും.

ഉച്ചയെന്റെ കണ്ണിലാകെ
നട്ടപ്പൊരി വെയില് കോരിയിടുമ്പൊ
എനിക്ക്‌ പ്രാന്ത്‌ പിടിക്കണതാണത്രേ..

ഒച്ചയിടുമ്പോ,
ഉറക്കെക്കരയുമ്പോ,
ഉറക്കമളയ്ച്ചിരിക്കുമ്പോ,
പൊട്ടിപ്പൊട്ടിപ്പൊട്ടിച്ചിരിക്കുമ്പോ,
വേണ്ടാന്ന് കയർക്കുമ്പൊ,
വേണം ന്ന് വാദിക്കുമ്പോ,
മതീന്ന് പുറം തിരിക്കുമ്പൊ,
പോരാന്ന് കിതയ്ക്കുമ്പൊ,
ഒക്കെയും എനിക്ക്‌ പ്രാന്താണത്രേ !

ഞാൻ വീണ്ടും സമ്മതിച്ചു
“അതേ.. എനിക്ക്‌ നട്ടുച്ചപ്രാന്താണ്”

“ഒരീസം ഉച്ച തുടങ്ങുമ്പൊ
ഞാൻ മുറ്റത്തോട്ടിറങ്ങി നിന്നതാരുന്നു
നട്ടപ്പൊരിവെയില് വന്നെന്റെ
കണ്ണുകളിലേക്കോരോ ചൂണ്ടയെറിഞ്ഞു.
കൃഷ്ണമണികളിൽ കുടുങ്ങിയ ചൂണ്ട
എന്റെ കാഴ്ചയപ്പാടെ കുത്തിക്കലക്കി.

ചുറ്റിലും ഒച്ച മാത്രം !
ഉച്ച മിണ്ടാതെ ചുറ്റും നടക്കുന്നതായി
എനിക്കനുഭവപ്പെട്ടു.
ഞങ്ങൾ കണ്ണുകെട്ടിക്കളിക്കുന്ന
രണ്ട്‌ കുട്ടികളായി.

കൈ നീട്ടി ഞാൻ ഉച്ചയെപ്പരതുമ്പോൾ
ഉച്ച പുറകിലൂടെ വന്നെന്റെ
കഴുത്തിലൊന്ന് തൊട്ടിട്ട്‌
പിടി തരാതെ മാറി നിന്നു.

ദിക്ക്‌ തിരിയാത്ത പോലേ ഞാൻ അഭിനയിച്ചു
ഉച്ച പിന്നെയും വന്നെന്റെ
മൂക്കിൽ തുമ്പിലൊന്ന് തൊട്ടു.

“തൊട്ടേയ്‌” ന്ന് ഞാൻ ഉച്ചയെ വട്ടം പിടിച്ചു
ഒറ്റപ്പൊള്ളലാണ് !
ഉടലു ചൂഴ്‌ന്ന് ആത്മാവോളം ആഴത്തിൽ.
ഉച്ചയെന്റെ ഉള്ള്‌ ചൂഴ്‌ന്നൊളിച്ചിരുന്നു..”

അയാൾ പിന്നെയും പറഞ്ഞു
“നിനക്ക്‌ പ്രാന്താണ്!
നട്ടുച്ചപ്രാന്ത്‌!”

കുറ്റം പറയാനൊക്കില്ല,
ഒരു ചൂടിനും തോൽപ്പിക്കാനാകാത്തൊ-
രുച്ചയെപ്പേറി ജീവിക്കുന്നവൾക്ക്‌
നട്ടുച്ചപ്രാന്തല്ലാതെ
മറ്റെന്താണ് ?
വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*