നവയുഗം തുണച്ചു; അഭയകേന്ദ്രത്തിൽ നിന്നും രജനി നാട്ടിലേയ്ക്ക് മടങ്ങി
നവയുഗം തുണച്ചു; അഭയകേന്ദ്രത്തിൽ നിന്നും രജനി നാട്ടിലേയ്ക്ക് മടങ്ങി
ദമ്മാം: ദമാമില്‍ സ്‌പോൺസറുടെ ഭാര്യയുടെ പീഢനം സഹിയ്ക്കാനാകാതെ ഒളിച്ചോടി ദമ്മാം വനിതാ അഭയകേന്ദ്രത്തിൽ എത്തപ്പെട്ട വീട്ടുജോലിക്കാരി, നവയുഗം സാംസ്ക്കാരികവേദി ജീവകാരുണ്യവിഭാഗത്തിന്റെ സഹായത്തോടെ നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി. തമിഴ്‌നാട് ചെന്നൈ സ്വദേശിനി രജനി രേഖയാണ് ബുദ്ധിമുട്ടേറിയ പ്രവാസജീവിതാനുഭവങ്ങളിലൂടെ കടന്ന് നാട്ടിലേയ്ക്ക് മടങ്ങിയത്.
എട്ടു മാസം മുൻപാണ് രജനി സൗദിയിലെ ജുബൈലിൽ ഒരു വീട്ടുജോലിക്കായി എത്തിയത്. സ്പോൺസർ നല്ല മനുഷ്യനായിരുന്നെങ്കിലും അയാളുടെ ഭാര്യയുടെ പെരുമാറ്റം ക്രൂരമായിരുന്നു. തൊട്ടതിനും പിടിച്ചതിനും കുറ്റം പറയുകയും, അനാവശ്യമായി ശകാരിയ്ക്കുകയും ചെയ്യുന്ന ശീലമായിരുന്നു ആ സ്ത്രീയുടേത്. എങ്കിലും അവരുടെ എല്ലാ മാനസികപീഢനങ്ങളും സഹിച്ചു, രജനി അവിടെ പിടിച്ചു നിന്നു.
എന്നാൽ പിന്നീട് സ്‌പോൺസറുടെ ഭാര്യ കൂടുതൽ മോശമായി പെരുമാറാൻ തുടങ്ങുകയും, ചിലപ്പോൾ ദേഷ്യപ്പെട്ട് ദേഹോപദ്രവം തുടങ്ങുകയും ചെയ്തപ്പോൾ, രജനിയ്ക്ക് പിടിച്ചു നിൽക്കാനായില്ല. ഒരു രാത്രി ആരുമറിയാതെ ആ വീട്ടിൽ നിന്നും അവർ ഒളിച്ചോടി.
എങ്ങോട്ടു പോകണമെന്നറിയാതെ ജുബൈലിലെ ഒരു ഷോപ്പിംഗ് മാളിന്റെ കാർ പാർക്കിങ് ഏരിയായിൽ രാത്രി കഴിച്ചു കൂട്ടിയ രജനിയെ, രാവിലെ അവിടെയെത്തിയ ചില മലയാളികൾ പോലീസ് സ്റ്റേഷനിൽ കൊണ്ട് ചെന്നാക്കി. പോലീസുകാർ അവരെ ദമ്മാം വനിതാ അഭയകേന്ദ്രത്തിലാക്കി. അഭയകേന്ദ്രത്തിൽ എത്തിയ നവയുഗം ജീവകാരുണ്യപ്രവർത്തക മഞ്ജു മണിക്കുട്ടനോട് രജനി സ്വന്തം അവസ്ഥ പറഞ്ഞ്, നാട്ടിലേയ്ക്ക് തിരികെപോകാൻ സഹായിയ്ക്കണമെന്ന് അഭ്യർത്ഥിച്ചു.
മഞ്ജുവും നവയുഗം ജീവകാരുണ്യപ്രവർത്തകരും രജനിയുടെ സ്‌പോൺസറെ നേരിൽ ബന്ധപ്പെട്ട് സംസാരിച്ചു. ഏറെ ചർച്ചകൾക്ക് ഒടുവിൽ രജനിയ്ക്ക് എക്സിറ്റ് നൽകാമെന്ന് സ്പോൺസർ സമ്മതിച്ചു. മഞ്ജുവിന്റെ സഹായഅഭ്യർത്ഥന മാനിച്ച്,പഞ്ചാബ് സ്വദേശിയായ ഡി.എസ്.ലോവൽ വാടൻ, രജനിയ്ക്ക് വിമാനടിക്കറ്റ് നൽകി. നിയമനടപടികൾ പൂർത്തിയാക്കി എല്ലാവർക്കും നന്ദി പറഞ്ഞ്,രജനി നാട്ടിലേയ്ക്ക് മടങ്ങി.
Leave a Reply
You must be logged in to post a comment.