എന്‍.ഡി.എയില്‍ വിള്ളല്‍, മുന്നണിയോഗം വിളിക്കണമെന്ന് ജെ.ഡി.യു

പാറ്റ്‌ന: ദേശീയ പൗരത്വരജിസ്റ്റര്‍ നടപ്പാക്കുന്നതിനെചൊല്ലി എന്‍.ഡി.എയില്‍ അഭിപ്രായഭിന്നത രൂക്ഷമായതിനെ തുടര്‍ന്ന് വിഷയം ചര്‍ച്ച ചെയ്യാന്‍ മുന്നണി യോഗം വിളിക്കണമെന്ന് ജെ.ഡി.യു ആവശ്യപ്പെട്ടു.

നിതീഷ് കുമാറിന്റെ ജെ.ഡി.യു, രാം വില്വാസ് പാസ്വാന്റെ ലോക്ജനശക്തി പാര്‍ട്ടി, അസാം ഗണ പരിഷത്ത്, ശിരോമണി അകാലിദള്‍ എന്നീ എന്‍.ഡി.എ ഘടകകക്ഷികള്‍ ദേശീയ പൗരത്വ രജിസ്റ്ററിലും പൗരത്വ ഭേദഗതി നിയമത്തിലും ബി.ജെ.പിക്കെതിരെ നിലപാട് ശക്തമാക്കി. ഓരോ സഖ്യകക്ഷിയോടും പ്രധാനമന്ത്രി ചര്‍ച്ച നടത്തണമെന്നും എന്‍.ആര്‍.സിയെക്കുറിച്ചുള്ള ആശങ്ക അകറ്റണമെന്നും ജെ.ഡി.യു നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതോടെ മറ്റ് ഘടകകക്ഷികളും ആശങ്കയിലാണ്.
നാല് പാര്‍ട്ടികളും പൗരത്വഭേദഗതി നിയമത്തിന് അനുകൂലമായ നിലപാടാണ് പാര്‍ലമെന്റില്‍ സ്വീകരിച്ചതെങ്കിലും ദേശീയതലത്തില്‍ പൗരത്വരജിസ്റ്റര്‍ നടപ്പാക്കുന്നതിനോട് വിയോജിപ്പ് പ്രകടിപ്പിച്ചിരിക്കയാണ്.

അസാമിലുണ്ടായ പ്രക്ഷോഭമാണ് അസാം ഗണപരിക്ഷത്തിന്റെ നിലപാട് മാറ്റത്തിന് പിന്നില്‍. പൗരത്വനിയമഭേദഗതിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ് പാര്‍ട്ടി.

എന്‍.ആര്‍.സി നടപ്പാക്കില്ലെന്ന് വ്യക്തമാക്കിയ എട്ടാമത്തെ സംസ്ഥാനമാണ് ബീഹാര്‍.

‘ബി.ജെ.പി ഭരിക്കുന്ന അസാം എന്‍.ആര്‍.സി നടപ്പാക്കില്ലെന്ന് പറയുമ്ബോള്‍, പിന്നെങ്ങനെയാണ് ബീഹാറില്‍ നടപ്പാക്കുക’- ജെ.ഡി.യു ദേശീയ ജനറല്‍ സെക്രട്ടറി കെ.സി ത്യാഗി ചോദിച്ചു. എന്‍.ആര്‍.സി ഒരിക്കലും നടപ്പാക്കില്ലെന്ന് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ്‌ കുമാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

സി.എ.എ, എന്‍.ആര്‍.സി വിരുദ്ധ പ്രക്ഷോഭം നടത്തുന്നവരോട് കേന്ദ്ര സര്‍ക്കാര്‍ സംസാരിക്കണമെന്നും ജനങ്ങളെ വിശ്വാസത്തിലെടുക്കണമെന്നും എല്‍.ജെ.പി നേതാവ് ചിരാഗ് പാസ്വാനും ആവശ്യപ്പെട്ടു.

ഇവര്‍ക്ക് പുറമെ ഒഡീഷയിലെ ബിജു ജനതാദളും രാജ്യവ്യാപക എന്‍.ആര്‍.സിക്കെതിരാണ്. ഇവര്‍ക്കൊപ്പം ശിരോമണി അകാലിദളും രംഗത്ത് വന്നതോടെ മുന്നണി എന്ന നിലയിലുള്ള എൻ.ഡി.എ-യുടെ പ്രസക്തി ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥയാണ്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*