കേരളത്തിന്റെ സ്വന്തം ഇലക്ട്രിക്ക് ഓട്ടോ ‘നീം ജി’ നിരത്തിലിറങ്ങി

തിരുവനന്തപുരം: കേരളത്തിന്റെ സ്വന്തം ഇലക്ട്രിക്ക് ഓട്ടോയായ ‘നീം ജി’ നിരത്തിലിറങ്ങി.10 ഓട്ടോകളാണ് നിര്‍മാണം കഴിഞ്ഞ് പുറത്തിറങ്ങിയത്. എംഎല്‍എ ക്വാര്‍ട്ടേഴ്സില്‍ നിന്ന് നിയമസഭയിലേക്കാണ് ഓട്ടോകളുടെ ആദ്യ സര്‍വീസ് നടത്തിയത്.സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍  ആദ്യയാത്ര ഫ്ളാഗ് ഓഫ് ചെയ്യ്തു.

വ്യവസായ വകുപ്പിന് കീഴിലുള്ള സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കേരളാ ഓട്ടോ മൊബൈല്‍സ് ലിമിറ്റഡാണ് ഇ-ഓട്ടോ നിര്‍മിച്ച് നിരത്തിലിറക്കിയത്. കേന്ദ്ര മോട്ടോര്‍ വാഹന നിയമപ്രകാരം ഇന്ത്യയില്‍ ആദ്യമായാണ് ഒരു പൊതുമേഖലാ സ്ഥാപനം ഇ-ഓട്ടോ നിര്‍മ്മാണത്തിന് യോഗ്യത നേടുന്നത്.  

വ്യവസായ മന്ത്രി ഇ പി ജയരാജന്‍, ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍, കെഎഎൽ ചെയർമാൻ കരമന ഹരി  തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു. ഗതാഗത രംഗത്ത് ഒരു വിപ്ലവം സൃഷ്‌ടിച്ച ഇ ഓട്ടോ സംസ്ഥാന പൊതുമേഖലാ സ്ഥാപനത്തിൽ നിന്നാണ് എന്നതിൽ അഭിമാനവും സന്തോഷവും ഉണ്ടെന്ന് സ്പീക്കർ ശ്രീരാമകൃഷ്ണൻ പറഞ്ഞു.

എല്ലാ എംഎൽഎമാരും തങ്ങളുടെ മണ്ഡലത്തിൽ ഇ ഓട്ടോ പ്രചരിപ്പിക്കാൻ പ്രവർത്തനങ്ങൾ നടത്തണമെന്നും സ്പീക്കർ അഭ്യർത്ഥിച്ചു. കേരളം മുഴുവൻ ഇ ഓട്ടോകൾ നിറയുന്ന കാലം വിദൂരമല്ലെന്ന് വ്യവസായ മന്ത്രി ഇ പി ജയരാജൻ പറഞ്ഞു. ഗതാഗതവകുപ്പിന്റെ എല്ലാ പിന്തുണയും പദ്ധതിക്ക് നൽകുന്നതായി ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചു. ഫ്ലാഗ് ഓഫിന് ശേഷം സ്പീക്കറും മന്ത്രിമാരും എംഎല്‍എമാരും ഇലക്ട്രിക് ഓട്ടോയിലാണ് നിയമസഭയിലെത്തിയത്. തൂവെള്ള നിറത്തിൽ വരിവരിയായി നിരത്തിലിറങ്ങിയ ഓട്ടോകൾ ജനങ്ങൾക്ക് കൗതുകകാഴ്ചയായി.
മന്ത്രിമാരായ ഇ പി ജയരാജനും എ കെ ശശീന്ദ്രനും സ്പീക്കർ ശ്രീരാമകൃഷ്ണനും കയറിയ ഓട്ടോയാണ് ആദ്യം റോഡിലെത്തിയത്. പിന്നാലെ  എംഎൽഎമാരെയും കൊണ്ടുള്ള ഓട്ടോകളും റോഡിലിറങ്ങി. നിയമസഭാ  സമ്മേളനം നടക്കുന്ന സമയത്ത് സ്പീക്കറും മന്ത്രിമാരുമുൾപ്പെടെയുള്ളവർ  ഓട്ടോറിക്ഷയിൽ വന്നിറങ്ങിയത് കണ്ടുനിന്നവരിൽ ആദ്യം അമ്പരപ്പും അദ്ഭുതവും ഉണ്ടാക്കി. പിന്നെ കേരളത്തിന്റെ സ്വന്തം ഇ ഓട്ടോ അടുത്ത് കാണാനും സെൽഫി എടുക്കാനും അടുത്തുകൂടി.

കാഴ്ചയിലും വലിപ്പത്തിലും സാധാരണ ഓട്ടോയെ പോലെ തന്നെയുള്ള ഇ ഓട്ടോയിലും ഡ്രൈവര്‍ക്കും മൂന്നു യാത്രക്കാര്‍ക്കും സഞ്ചരിക്കാം. ഇ ഓട്ടോ പദ്ധതിക്കായി കഴിഞ്ഞ ബജറ്റില്‍ 10 കോടി രൂപയും ഇത്തവണ ആറു കോടിയും സര്‍ക്കാര്‍ വകയിരുത്തിയിരുന്നു. ജര്‍മന്‍ സാങ്കേതികവിദ്യയില്‍ തദ്ദേശീയമായി നിര്‍മിച്ച ബാറ്ററിയും രണ്ട് കെ.വി മോട്ടോറുമാണ് കെഎഎല്ലിന്റെ ഓട്ടോയിലുള്ളത്.

മൂന്ന് മണിക്കൂര്‍ 55 മിനിറ്റ് കൊണ്ട് ബാറ്ററി പുര്‍ണമായും ചാര്‍ജ്ജ് ചെയ്യാം. ഒരു തവണ ചാര്‍ജ്ജ് ചെയ്താല്‍ 100 കിലോ മീറ്റര്‍ സഞ്ചരിക്കാം. ഒരു കിലോമീറ്റര്‍ പിന്നിടാന്‍ 50 പൈസ മാത്രമാണ് ചെലവ്. സാധാരണ ത്രീപിന്‍ പ്ലഗ് ഉപയോഗിച്ച് ബാറ്ററി റീച്ചാര്‍ജ്ജ് ചെയ്യാം. ഡീസല്‍, പെട്രോള്‍ വാഹനങ്ങളില്‍നിന്നുള്ള കാര്‍ബണ്‍ മലിനീകരണം ഇ ഓട്ടോയില്‍ നിന്നുണ്ടാകില്ല. ശബ്ദമലിനീകരവണവുമില്ല. കുലുക്കവും തീരെ കുറവായിരിക്കും.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*