തട്ടിപ്പിന്‍റെ പുതിയ മുഖം ; ഖത്തര്‍ രാജകുടുംബാഗത്തിന്റെ പേരില്‍ 5.20 കോടി തട്ടിയ മലയാളി പിടിയില്‍

തട്ടിപ്പിന്‍റെ പുതിയ മുഖം ; ഖത്തര്‍ രാജകുടുംബാഗത്തിന്റെ പേരില്‍ 5.20 കോടി തട്ടിയ മലയാളി പിടിയില്‍

കൊടുങ്ങല്ലൂരില്‍ ഇരുന്ന് ഖത്തര്‍ മ്യൂസിയത്തിന്റെ അക്കൗണ്ടില്‍നിന്ന് അഞ്ചു കോടി 20 ലക്ഷം രൂപ തട്ടിയെടുത്തയാള്‍ പിടിയില്‍. കൊടുങ്ങല്ലൂര്‍ ശാന്തിപുരം മുളയ്ക്കല്‍ സുനില്‍ മേനോനെ (47) കൊടുങ്ങല്ലൂര്‍ സി.ഐ: പി.സി. ബിജുകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം എറണാകുളത്തുനിന്നാണ് പിടികൂടിയത്.

വിദേശത്തേക്കു കടക്കാനുള്ള ശ്രമത്തിനിടെയാണ് പിടികൂടിയത്. ഒരു ആപ്പ് വഴിയാണു സുനില്‍ തട്ടിപ്പ് നടത്തിയത്. ഈ ആപ്പ് ഉപയോഗിച്ച് ആരുടെ പേരില്‍ വേണമെങ്കിലും ഇമെയില്‍ അയയ്ക്കാം. ഖത്തര്‍ രാജാവിന്റെ സഹോദരിയുടെ പേരിലുള്ള സന്ദേശം ഈ ആപ്പ് ഉപയോഗിച്ച് ഖത്തര്‍ മ്യൂസിയത്തിന്റെ ഇമെയിലിലേക്ക് അയച്ചായിരുന്നു തട്ടിപ്പ്.
രണ്ടു വര്‍ഷത്തോളം ഗവേഷണം നടത്തിയാണു തട്ടിപ്പ് ആസൂത്രണം ചെയ്തത്. ഖത്തര്‍ ഭരണാധികാരിയായ ഷെയ്ക് തമീം ബിന്‍ അല്‍താനിയുടെ പൂര്‍ണകായ ചിത്രം ലോകത്തെ വിഖ്യാത ചിത്രകാരന്‍മാരെക്കൊണ്ട് സ്വര്‍ണം പൂശി വരപ്പിക്കാന്‍ അമേരിക്കന്‍ ഓണ്‍ലൈന്‍ കമ്പനിയായ ജെറോം നെപ്പോളിനെ എല്‍പ്പിച്ചിട്ടുണ്ടെന്നും പത്തു ചിത്രങ്ങള്‍ വരയ്ക്കാന്‍ 10.40 കോടി രൂപയാണു പ്രതിഫലമെന്നും മുന്‍കൂറായി 5.20 കോടി കൈമാറണമെന്നും പറഞ്ഞ് ഖത്തര്‍ രാജാവിന്റെ സഹോദരിയുടെ പേരിലുള്ള വ്യാജ ഇമെയിലിലൂടെ ഖത്തര്‍ മ്യൂസിയം വകുപ്പിന് ഇമെയില്‍ സന്ദേശം അയച്ചു.
[the_ad id=”710″]
രാജകുടുംബത്തിന്റെ പേരിലുള്ള സന്ദേശമായതിനാല്‍ ഖത്തര്‍ മ്യൂസിയത്തിലെ ധനകാര്യ ഉദ്യോഗസ്ഥന്‍ സംശയിച്ചില്ല. മെയിലില്‍ പറഞ്ഞിരുന്ന അക്കൗണ്ടിലേക്കു കഴിഞ്ഞ ഫെബ്രുവരിയില്‍ പണം കൈമാറി. പിന്നീട് അമേരിക്കന്‍ കമ്പനിയുമായി ഇമെയില്‍ മുഖേന ബന്ധപ്പെട്ടെങ്കിലും മറുപടി ലഭിക്കാതായതോടെയാണു തട്ടിപ്പ് തിരിച്ചറിഞ്ഞത്.
ഖത്തര്‍ ഐ.ടി. വകുപ്പിലെ ഉദ്യോഗസ്ഥന്‍ കൊടുങ്ങല്ലൂരിലെത്തി പോലീസിന് പരാതി നല്‍കിയിരുന്നു. എസ്.ബി.ഐയുടെ കൊടുങ്ങല്ലൂര്‍ നോര്‍ത്ത് ബ്രാഞ്ച് അക്കൗണ്ട് വഴിയാണു പണം സ്വീകരിച്ചത്. 5.20 കോടി രൂപയില്‍ നാലരക്കോടി സുനില്‍ വിവിധ ബാങ്കുകളിലായി നിക്ഷേപിച്ചു. 23 ലക്ഷം രൂപയ്ക്ക് പുതിയ ജീപ്പ് വാങ്ങി. 15ലക്ഷത്തോളം രൂപ ബന്ധുക്കള്‍ക്ക് വായ്പ നല്‍കുകയും ചെയ്തു.
[the_ad id=”711″]
പരാതിയെത്തുടര്‍ന്ന് പൊലീസ് ഇയാളെ പിടികൂടി ചോദ്യംചെയ്തപ്പോഴാണ് തട്ടിപ്പ് പുറത്തായത്. സുനില്‍ ദീര്‍ഘകാലം ഖത്തറിലെ കമ്പനികളില്‍ അക്കൗണ്ടന്റായിരുന്നു. നാട്ടില്‍ വന്ന ശേഷം ഓണ്‍ലൈന്‍ ബിസിനസുകള്‍ നടത്തിയെങ്കിലും വിജയിച്ചില്ല. ഖത്തറിലെ ചില സൂഹൃത്തുക്കളുടെ സഹായത്തോടെ ഖത്തര്‍ രാജാവിന്റെ സഹോദരിയുടെയും ഖത്തര്‍ മ്യൂസിയത്തിലെ ഉദ്യോഗസ്ഥരുടെയും ഇമെയില്‍ വിലാസം കണ്ടെത്തി. പിന്നീട് ജെറോം നെപ്പോളിന്‍ എന്ന പേരില്‍ വ്യാജ ഇമെയില്‍ വിലാസം ഉണ്ടാക്കിയാണ് തട്ടിപ്പ് നടത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*