പഠനവൈകല്യങ്ങള്‍ പരിഹരിക്കാന്‍ നിപ്‌മെറില്‍ തെറാപ്പി

പഠനവൈകല്യങ്ങള്‍ പരിഹരിക്കാന്‍ നിപ്‌മെറില്‍ തെറാപ്പി

തൃശൂര്‍: പഠനകാര്യത്തില്‍ കുട്ടികള്‍ക്കുണ്ടാകുന്ന വിമുഖത പരിഹരിക്കാന്‍ നൂതന തെറാപ്പിയുമായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റിഹാബിലിറ്റേഷന്‍. ഇരിങ്ങാലക്കുടയ്ക്കടുത്ത് കല്ലേറ്റുംകരയില്‍ പ്രവര്‍ത്തിച്ചു വരുന്ന സര്‍ക്കാര്‍ നിയന്ത്രിത സ്ഥാപനമായ നിപ്മറില്‍ കുറഞ്ഞ ചെലവില്‍ ഈ തെറാപ്പി ചെയ്യാം.

കുട്ടികള്‍ക്കായി പഠന വൈകല്യ പരിഹാര പരിശീലനമുള്‍പ്പടെ നിരവധി തെറാപ്പികള്‍ നിപ്മറില്‍ ആരംഭിച്ചിട്ടുണ്ട്. കുട്ടികളില്‍ പഠന പിന്നോക്കാവസ്ഥയില്‍ പ്രധാനപ്പെട്ട ലേണിങ് ഡിസബിലിറ്റിയാണ് പ്രത്യേക ട്രെയ്‌നിങിലൂടെ പരിഹരിക്കുന്നത്.

വ്യക്തമായി എഴുതാന്‍ സാധിക്കാത്ത അവസ്ഥ(ഡിസ്ഗ്രാഫിയ), അക്ഷരങ്ങളറിഞ്ഞ് വായിക്കാന്‍ കഴിയാത്ത അവസ്ഥ (ഡിസ്ലക്‌സിയ) തുടങ്ങിയ പ്രശ്‌നങ്ങള്‍ പഠന വൈകല്യ പരിഹാര പരിശീലനത്തിലൂടെ പരിഹരിക്കാന്‍ കഴിയും.

പലപ്പോഴും പ്രസ്തുത പ്രശ്‌നങ്ങള്‍ കുട്ടികളുടെ മടിയായാണ് മാതാപിതാക്കളും അധ്യാപകരും തെറ്റിദ്ധരിക്കുക. പ്രസ്തുത പ്രശ്‌നങ്ങള്‍ വളരെ നേരത്തെ കണ്ടു പിടിച്ച് ചികിത്സിച്ചാല്‍ പരിഹരിക്കാന്‍ സാധിക്കുമെന്നാണ് ഈ രംഗത്തെ വിദഗ്ദര്‍ പറയുന്നത്.

എല്‍ഡി റെമഡിയല്‍ ട്രെയ്‌നിങിന് (പഠന വൈകല്യ പരിഹാര പരിശീലനം) മുന്‍പ് കുട്ടിയുടെ ഐക്യൂ അസസ്‌മെന്റ് നടത്തും. തുടര്‍ന്ന് ഒക്യൂപേഷണല്‍ തെറാപ്പിസ്റ്റ്, സ്‌പെഷ്യല്‍ എഡ്യൂക്കേട്ടര്‍, സ്പീച്ച് തെറാപ്പിസ്റ്റ്, സൈക്കോളജിസ്റ്റ് എന്നീ വിദഗ്ദരുടെ സഹായത്തോടെയാണ് ട്രെയ്‌നിങ് പൂര്‍ത്തിയാക്കുക.

കുട്ടികളില്‍ പൊതുവേ കാണുന്ന മാത്തമാറ്റിക് വിഷയങ്ങളിലുള്ള താത്പര്യക്കുറവ്, പെരുമാറ്റ പ്രശ്‌നങ്ങള്‍ എന്നിവയെല്ലാം ഇത്തരത്തിലുള്ള ന്യൂറോ ഡിസോര്‍ഡറുകളുടെ ഭാഗമാണെന്നാണ് കണ്ടെത്തിയിട്ടുള്ളത്. കുട്ടികളില്‍ പൊതുവേ കാണപ്പെടുന്ന ഹൈപ്പര്‍ ആക്ടീവ് പ്രശ്‌നങ്ങള്‍ക്കും ഇവിടെ വിവിധയിനം തെറാപ്പികളുണ്ട്.

ശ്രദ്ധക്കുറവ് പരിഹരിക്കുന്നതിനും ബുദ്ധിപരമായ കഴിവുകള്‍ വികസിപ്പിക്കുന്നതിനും ഇത്തരം തെറാപ്പികള്‍ കൊണ്ടു സാധിക്കും. കുടുംബപരമായ സാഹചര്യം, കാലാനുഗതമായി വികസിക്കപ്പെ ടാത്ത ബുദ്ധിപരമായ കഴിവുകള്‍ എന്നിവയെല്ലാം കുട്ടികളില്‍ കാണുന്ന വിവിധ തരം വൈകല്യങ്ങള്‍ക്ക് കാരണമാകാറുണ്ട്. അതുകൊണ്ടു തന്നെ കുട്ടികള്‍ക്കൊപ്പം മാതാപിതാക്കളെ കൂടി ഉള്‍പ്പെടുത്തിയാണ് കൗണ്‍സിലിങ് പൂര്‍ത്തിയാക്കുക.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*