പുഞ്ചിരി തൂകി നിൽക്കുന്ന തുമ്പപ്പൂക്കൾ ഇന്നും സ്മരണയിൽ

പുഞ്ചിരി തൂകി നിൽക്കുന്ന തുമ്പപ്പൂക്കൾ ഇന്നും സ്മരണയിൽ

ഗായത്രി

ഓണം എന്നും മനസ്സിലേക്ക് ഓടിയെത്തുന്ന മധുരം മാത്രം നിറഞ്ഞ ഒരനുഭവമാണ്. അതിന്റെ മാസ്മരികത വർണ്ണിക്കാനെളുപ്പമല്ല.’അത്തം’ നാൾ മുതൽ തന്നെ സ്കൂൾ ഒഴിവ് തുടങ്ങാത്തതെന്തെന്ന് കുഞ്ഞുമനസ്സിൽ ഒരുപാട് സങ്കടപ്പെട്ടിട്ടുണ്ട്.

മിക്കവാറും ‘മൂലം’ ആകുമ്പോഴേ സ്കൂൾ ഒഴിവ് തുടങ്ങാറുള്ളൂ…പാടത്തും പറമ്പിലുമായി പുഞ്ചിരി തൂകി നിൽക്കുന്ന തുമ്പപ്പൂക്കളും, ഓണപ്പൂക്കളും ഇന്നും സ്മരണയിൽ അതേ പുതുമയോടെ നിൽക്കുന്നു.

കിഴക്കുഭാഗത്തെ പറമ്പുകളിൽ പൂക്കൾ പറിക്കാൻ കൂട്ടരുമൊത്ത് പോകുന്നതാണ് ഊഷ്മളമായ ഓർമ്മ.ചെമ്പരത്തിപ്പൂക്കൾ, തുമ്പപ്പൂക്കൾ,കോളാമ്പിപ്പൂക്കൾ,അരിപ്പൂവ്,സുന്ദരിപ്പൂവ്, ഇന്ന് എവിടെയും കണാനില്ലാത്ത കുറ്റിച്ചെടിയിലെ പച്ചതണ്ടിൽ ഉണ്ടാകുന്ന കുഞ്ഞുവൈലറ്റ് പൂക്കൾ… ഇവയെല്ലാം തേടി നടന്ന് കണ്ടെത്തുമ്പോൾ ഉണ്ടാകുന്ന ആനന്ദം അതേ അളവിൽ ഇന്നില്ലെങ്കിലും ഒരു മിന്നലായെങ്കിലും മനസ്സിൽ തെളിയാറുണ്ട്.ബാല്യത്തിലെ ഈ നിഷ്കളങ്കമായ ഓർമ്മകൾ ദൈവത്തിന്റെ സാമീപ്യമാണ്.ഇന്നും ഓർത്തെടുക്കുമ്പോൾ ആ സാമീപ്യം ഞാൻ അനുഭവിക്കാറുണ്ട്.

ഉച്ചകഴിഞ്ഞ് സദ്യക്ക് ശേഷം വീട്ടിലെ ബന്ധുക്കളും എല്ലാവരുംകൂടി വീടിന്റെ ഉമ്മറത്ത് ഇരുന്ന് രസകരമായ ചർച്ചകൾ…പ്രായമായവർ വെറ്റിലച്ചെല്ലം അടുത്ത് വെച്ച് കാലും നീട്ടിയിരുന്ന് മുറുക്കി ചർച്ചയും,ചിരിയും…കുട്ടികൾ തിമിർത്തു കളിക്കും.

ദൂരെ ദേശങ്ങളിലേക്ക് വിവാഹം ചെയ്ത് അയച്ചവർ എല്ലാ വരും ഒത്തുചേർന്ന് ആനന്ദത്തിൽ ആറാടിയ ദിവസങ്ങൾ….വടക്ക് വശത്തെ മാവിൽ കെട്ടിയ ഊഞ്ഞാലിൽ ആടാൻ മത്സരമാണ്.ചേച്ചിയും, ചേട്ടൻമാരും പേടിപ്പിച്ചോടിക്കാനായി ഉയരത്തിൽ പൊക്കി ആട്ടുമ്പോൾ ഉള്ളിൽ ഉണ്ടാകുന്ന ആളൽ ഇപ്പോഴും ഓർക്കുമ്പോൾ അനുഭവപ്പെടാറുണ്ട്.

വൈകുന്നേരമായാൽ ഞങ്ങളുടെ നാട്ടിൽ ഓണക്കളി മത്സരമുണ്ടാവും.തലകീഴായി തൂക്കിയിടുന്ന ഗ്യാസ് ലൈറ്റുള്ള പെട്രോമാക്സിന്റെ വെളിച്ചത്തിൽ രാത്രി വൈകും വരെ ഓണക്കളികൾ ഉണ്ടാകും. പാട്ടുകൾ കേൾക്കുമ്പോൾ പുരാണങ്ങളിലൂടെ യാത്ര പോയി വന്ന അനുഭവം കൈകൊട്ടിന്റെ താളത്തിനൊപ്പം വയ്ക്കുന്ന ചടുലമായ ചുവടുകൾ വലിയ കൗതുകത്തോടെ നോക്കിക്കണ്ട എന്റെ ബാല്യം.”ഇത്ര നല്ല മഹാബലി തമ്പുരാനെ ചവിട്ടി താഴ്ത്തിയ വാമനൻ എങ്ങനെയാണ് ഭഗവാന്റെ അവതാരമാവുക”എന്ന് കുഞ്ഞമനസ്സിൽ പലപ്പോഴും ഞാൻ ചോദിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*