രാജ്യത്ത് ഓണ്‍ലൈന്‍ തട്ടിപ്പ് വ്യാപകമാകുന്നു; യുവതിക്ക് നഷ്ടമായത് 40000 രൂപ

ബംഗളൂരു: ഓണ്‍ലൈന്‍ തട്ടിപ്പ് വ്യാപകം. രാജ്യത്ത് തന്നെ നിരവധി പേരാണ് ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയായിട്ടുള്ളത്. ഇപ്പോഴിതാ ഓണ്‍ലൈന്‍ വഴി പുതപ്പ് വാങ്ങിയ യുവതിയുടെ 40000 രൂപ നഷ്ടമായ വാര്‍ത്തയാണ് സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നു.

ഇ-കോമേഴ്‌സ് സ്ഥാപനമായ ആമസോണ്‍ ജീവനക്കാരനെന്ന വ്യാജേനയെത്തിയ യുവാവിന് ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ നല്‍കിയപ്പോഴാണ് യുവതിയ്ക്ക് പണം നഷ്ടപ്പെട്ടത്. ബംഗളൂരു എച്ച്‌എസ്‌ആര്‍ ലേ ഔട്ടില്‍ താമസിക്കുന്ന ശ്രീലക്ഷ്മിയാണ് ഓണ്‍ലൈന്‍ തട്ടിപ്പിനിരയായത്.

അടുത്തിടെയാണ് ശ്രീലക്ഷ്മി ആമസോണില്‍ നിന്ന് ഒരു പുതപ്പ് ഓര്‍ഡര്‍ ചെയ്തത്. അധികം വൈകാതെ സാധനം ലഭിച്ചെങ്കിലും ഇഷ്ടപ്പെടാത്തതിനാല്‍ തിരിച്ചുനല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. ആമസോണ്‍ ജീവനക്കാരനെന്ന വ്യാജേനയെത്തിയ യുവാവ് പുതപ്പ് തിരിച്ചുകൊണ്ടുപോയെങ്കിലും പണം തിരികെ ലഭിച്ചിരുന്നില്ല.

രണ്ടു ദിവസത്തിനുശേഷം ആമസോണില്‍ സാങ്കേതിക പ്രശ്‌നങ്ങള്‍ ഉള്ളതുകാരണം പണം തിരികെ നല്‍കാന്‍ കഴിഞ്ഞില്ലെന്നും അതിനാല്‍ ഒരു ഫോം പൂരിപ്പിച്ചു നല്‍കണമെന്നുമാവശ്യപ്പെട്ട് യുവതിയ്ക്ക് അയക്കുകയായിരുന്നു. പൂരിപ്പിച്ച ഫോം മറ്റൊരു നമ്പറിലേക്ക് അയക്കണമെന്നും യുവാവ് ആവശ്യപ്പെട്ടിരുന്നതായി യുവതി പറഞ്ഞു.

ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ഉള്‍പ്പെടെ നല്‍കിയ യുവതിയുടെ അക്കൗണ്ടില്‍ നിന്ന് മിനിറ്റുകള്‍ക്കുള്ളില്‍ 40000 രൂപ നഷ്ടപ്പെടുകയായിരുന്നു. ഇടയ്ക്ക് ഒടിപി അടക്കമുള്ള വിവരങ്ങള്‍ കൈമാറിയിരുന്നതായും യുവതി പോലീസിനോട് പറഞ്ഞു.

ആമസോണില്‍ നിന്ന് താന്‍ പുതപ്പ് വാങ്ങിയ കാര്യം അപരിചിതനെങ്ങനെയറിഞ്ഞു എന്ന ആശങ്കയിലാണ് യുവതി. ആമസോണില്‍ ഉള്ളവരില്‍ ആരെങ്കിലും ഇടനിലക്കാരായി വിവരങ്ങള്‍ കൈമാറിയിരിക്കാമെന്നും പോലീസ് സംശയിക്കുന്നു.

അതേസമയം, അന്വേഷണവുമായി സഹകരിക്കാമെന്ന് ആമസോണ്‍ അധികൃതര്‍ അറിയിച്ചിട്ടുണ്ട്. യുവതിയുടെ പരാതിയില്‍ ബന്ദേല്‍പ്പാളയ പോലീസ് കേസെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*