പാലായില്‍ വോട്ടെടുപ്പ് ആരംഭിച്ചു; ആദ്യ മണിക്കൂറില്‍ മികച്ച പോളിംഗ്

പാലായില്‍ വോട്ടെടുപ്പ് ആരംഭിച്ചു; ആദ്യ മണിക്കൂറില്‍ മികച്ച പോളിംഗ്

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലായില്‍ വോട്ടെടുപ്പ് ആരംഭിച്ചു. കൃത്യം ഏഴ് മണിയോടെയാണ് വോട്ടെടുപ്പ് ആരംഭിച്ചത്. നിരവധി പേരാണ് വോട്ട് രേഖപ്പെടുത്താന്‍ എത്തിയിരിക്കുന്നത്. ആദ്യ മണിക്കൂറില്‍ പോളിംഗ് ഏഴു ശതമാനം രേഖപ്പെടുത്തി.

ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായ മാണി സി. കാപ്പന്‍ തന്റെ കുടുംബത്തോടൊപ്പമാണ് വോട്ട് ചെയ്യാന്‍ എത്തിയത്. ഒന്നാമത് വോട്ട് ചെയ്യാന്‍ എത്തിയത് തിരഞ്ഞെടുപ്പില്‍ ഒന്നാമതാകാന്‍ പോകുന്നതിന്റെ സൂചനയാണെന്നും തനിക്ക് വന്‍ ഭൂരിപക്ഷത്തോടെ ജയിക്കാന്‍ സാധിക്കുമെന്നുമാണ് മാണി.സി കാപ്പന്‍ ഇതിനെക്കുറിച്ച് പ്രതികരിച്ചത്.

ആകെ 176 പോളിംഗ് ബൂത്തുകളാണ് മണ്ഡലത്തിലുള്ളത്. ആകെ 1,79, 107 വോട്ടര്‍മാരുള്ള പാലാ നിയമസഭാ മണ്ഡലത്തില്‍ വനിതാ വോട്ടര്‍മാരുടെ എണ്ണം 91,378ഉം പുരുഷ വോട്ടര്‍മാരുടെ എണ്ണം 87,279ഉം ആണ്. 1557 പേര്‍ പുതിയതായി വോട്ടര്‍ പട്ടികയില്‍ ചേര്‍ക്കപ്പെട്ടിട്ടുണ്ട്. സര്‍വീസ് വോട്ടര്‍മാര്‍ക്ക് ഓണ്‍ലൈന്‍ വഴി വോട്ട് രേഖപ്പെടുത്താന്‍ കഴിയുന്ന ഇലക്ട്രോണിക്കലി ട്രാന്‍സ്മിറ്റഡ് ബാലറ്റ് പേപ്പറാണ് നല്‍കിയത്.

പാലായിലെ സെന്റ് തോമസ് സ്‌കൂളിലെ 128ാം നമ്പര്‍ ബൂത്തില്‍ എത്തിയാണ് കെഎം മാണിയുടെ കുടുംബം വോട്ട് ചെയ്തത്. ജോസ് കെ മാണി, നിഷാ ജോസ് കെ മാണി, കെഎം മാണിയുടെ ഭാര്യ കുട്ടിയമ്മ എന്നിവരാണ് വോട്ട് ചെയ്തത്. കെ എം മാണിയുടെ കല്ലറയില്‍ പോയി പ്രാര്‍ത്ഥിച്ചതിന് ശേഷമാണ് മാണി കുടുംബം വോട്ട് രേഖപ്പെടുത്താന്‍ എത്തിയത്. യുഡിഎഫ് വന്‍ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്നാണ് കുട്ടിയമ്മ പ്രതികരിച്ചിരിക്കുന്നത്.

വരാനിരിക്കുന്ന 5 ഉപതിരഞ്ഞെടുപ്പുകളുടെ ‘സെമിഫൈനല്‍’ അങ്കമായാണ് പാലാ ഉപതിരഞ്ഞെടുപ്പിനെ വിശേഷിപ്പിക്കുന്നത്. യുഡിഎഫ് സ്ഥാനാര്‍ഥി ജോസ് ടോം, എല്‍ഡിഎഫ് സ്ഥാനാര്‍ഥി മാണി സി.കാപ്പന്‍, എന്‍ഡിഎ സ്ഥാനാര്‍ഥി എന്‍.ഹരി എന്നിവരടക്കം 13 പേരാണു മത്സര രംഗത്ത്. പോളിംഗ് വൈകിട്ട് 6 മണിയ്ക്ക് അവസാനിക്കും.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*