പാലിയം തോടിന് ശാപമോക്ഷം: നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി

പാലിയം തോടിന് ശാപമോക്ഷം: നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി

കൊച്ചി: ചരിത്രമുറങ്ങുന്ന പാലിയം തോടിന് ശാപമോക്ഷം നൽകിക്കൊണ്ട് നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യേശുദാസ് പറപ്പിള്ളി പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് 2018-19 വാർഷിക പദ്ധതിയിൽ ഹരിത കേരളം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നത്. സ്മരണകളുറങ്ങുന്ന പാലിയം തോടിലൂടെയായിരുന്നു മുൻകാലങ്ങളിൽ പറവൂരിലെ വ്യാപാരമേഖലയിൽ സാധനസാമഗ്രികൾ എത്തിച്ചിരുന്നത്.

കഴിഞ്ഞ കുറേ വർഷങ്ങളായി മാലിന്യങ്ങൾ തള്ളുന്ന പ്രധാന സ്ഥലമായി തോട് മാറി. പ്ലാസ്റ്റിക് കുപ്പികളും മറ്റ് അറവ് മാലിന്യങ്ങളും തോട്ടിൽ നിറഞ്ഞ് ദുർഗന്ധം മൂലം പരിസരവാസികൾ ബുദ്ധിമുട്ടിലുമായി.

കാലക്രമേണ തോട് പൂർണ്ണമായും നഷ്ടപ്പെട്ടു. കൊതുകിന്റെ ശല്യവും പകർച്ച വ്യാധികളും കൂടി വന്ന സാഹചര്യത്തിലാണ് നവീകരണ പ്രവർത്തനങ്ങൾ നടത്താൻ തീരുമാനിച്ചത്. തോടിനെ ഹരിത കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി ബ്ലോക്ക് പഞ്ചായത്ത് 20 ലക്ഷം രൂപ അനുവദിച്ചു.

മാലിന്യവും ചെളിയും നീക്കംചെയ്ത് പാലിയം തോടിനെ വീണ്ടെടുക്കലാണ് പദ്ധതിയുടെ ലക്ഷ്യം. ചേന്ദമംഗലം പഞ്ചായത്തിലെ ആറാം വാർഡിൽ 1200 മീറ്ററാണ് തോടിന്റെ നീളം. ശുചീകരണ പ്രവർത്തനങ്ങളോടൊപ്പം തോടിന്റെ ഒരു വശത്ത് 70 മീറ്റർ നീളത്തിലും 2.70 മീറ്റർ വീതിയിലും പൊതുമരാമത്ത് വകുപ്പ് റോഡിനോട് ചേർന്ന് ടൈൽ വിരിക്കുന്നുമുണ്ട്.

ആളുകൾക്ക് വിശ്രമിക്കുന്നതിനുള്ള ഇരിപ്പിടങ്ങളും പൊതുപരിപാടികൾ നടത്തുന്നതിനായുള്ള വേദിയും ഇതോടൊപ്പം തയ്യാറാകും. ശുചിത്വ മിഷൻ, ഹാർബർ എൻജിനീയറിങ് വകുപ്പ് എന്നിവയുടെ ഫണ്ടുകൾ ഉപയോഗിച്ച് തുടർന്നും നവീകരണ പ്രവർത്തനങ്ങൾ നടത്തുമെന്ന് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി.ഡി സുധീർ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*