തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ 9 വയസുകാരന്‍ ചികിത്സാപിഴവ് മൂലം മരിച്ചെന്ന് രക്ഷിതാക്കള്‍

ചികിത്സാപിഴവ് മൂലം 9 വയസുകാരന്‍ മരിച്ചെന്ന് ആരോപണവുമായി രക്ഷിതാക്കള്‍. തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ വയറില്‍ മുറിവേറ്റ കുട്ടിയുടെ ആന്തരികാവയവങ്ങളിലെ പരിക്ക് അവഗണിച്ചെന്നാണ് പരാതി.

മെയ് 8ന് സൈക്കിളില്‍ നിന്ന് വീണ് പരിക്കേറ്റ ആറ്റുകാല്‍ സ്വദേശി ഷിബു പ്രകാശിന്റെയും സബിതയുടേയും ഏക മകനായ അനന്തു കൃഷ്ണനാണ് മരിച്ചത്. സൈക്കിള്‍ ഹാന്‍ഡില്‍ വയറില്‍ തുളച്ച് കയറി ആഴത്തിലുള്ള മുറിവായിരുന്നു ഉണ്ടായിരുന്നത്.

പരിക്കുപറ്റിയ അനന്തുവിനെ ആറ്റുകാല്‍ ദേവി മെഡിക്കല്‍ സയന്‍സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പക്ഷെ കൂടുതല്‍ പരിശോധനയ്ക്ക് നില്‍ക്കാതെ തുന്നലിട്ട് കുട്ടിയെ വീട്ടിലേക്കയച്ചെന്നാണ് രക്ഷിതാക്കളുടെ ആരോപണം. പിറ്റേന്ന് അള്‍ട്രാസൗണ്ട് സ്‌കാന്‍ ചെയ്തിട്ടും ഗുരുതര പ്രശ്‌നങ്ങളില്ലെന്നായിരുന്നു ഡോക്ടറുടെ നിലപാട്. എന്നാല്‍ 48 മണിക്കൂറിന് ശേഷം കുട്ടി അവശതകള്‍ കാണിച്ച് തുടങ്ങിയതോടെ വീണ്ടും ആശുപത്രിയിലെത്തിയപ്പോള്‍ സ്ഥിതി ഗുരുതരമാണെന്ന് മനസിലാക്കി മറ്റൊരാശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു.

ഈ ആശുപത്രിയില്‍ വെച്ച് കുടലില്‍ അടിയന്തിര ശസ്ത്രക്രിയ നടത്തിയെങ്കിലും കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ല. ഷിബു ആറ്റുകാല്‍ ക്ഷേത്രത്തില്‍ സെക്യൂരിറ്റി ജീവനക്കാരനാണ്. 2 ലക്ഷം രൂപയോളം ചെലവാണ് കുട്ടിയുടെ അടിയന്തര ശസ്ത്രക്രിയക്കായി ഷിബുവിനുണ്ടായത്.

കഴിഞ്ഞ ദിവസം സംഭവത്തില്‍ പ്രതിഷേധിച്ച് ആശുപത്രിയിലേക്ക് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയിരുന്നു. അതേസമയം ഡോക്ടര്‍മാര്‍ക്ക് വീഴ്ചയുണ്ടായിട്ടില്ലെന്നും ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്നുമാണ് ആശുപത്രി മാനേജ്‌മെന്റ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment