മുന്‍ചക്രമില്ലാതെ വിമാനം സുരക്ഷിതമായി ലാന്റ് ചെയ്തു; വന്‍ അപകടം ഒഴിവാക്കി പൈലറ്റ്
സാങ്കേതിക തകരാറിലായ വിമാനത്തെ സുരക്ഷിതമായി ലാന്റ് ചെയ്ത് പൈലറ്റ്. മ്യാന്‍മാറിലെ മാണ്ടാല വിമാനത്താവളത്തിലാണ് സംഭവം. യാത്രക്കാരുളള വിമാനം മുന്‍ ചക്രങ്ങളില്ലാതെ സുരക്ഷിതമായി മുന്‍ ഭാഗം നിലത്ത് തട്ടി നിര്‍ത്തി വന്‍ അപകടം ഒഴിവാക്കുകയായിരുന്നു മിയാത് മോയ് ഓങ് എന്ന പൈലറ്റ്.
89 യാത്രക്കാരുമായി എത്തിയ വിമാനമാണ് പൈലറ്റ് സാഹസികമായി നിലത്തിറക്കിയത്. റംഗൂണില്‍നിന്ന് മാന്‍ഡലയ് വിമാനത്താവളത്തിലേക്ക് എത്തിയ മ്യാന്‍മര്‍ നാഷനല്‍ എയര്‍ലൈന്‍സിന്റെ എംബ്രയര്‍ 190 വിമാനമാണു ഇത്തരത്തില്‍ ലാന്‍ഡിംഗ് നടത്തിയത്.
റണ്‍വേയിലേക്ക് ഇറങ്ങുന്നതിനു തൊട്ടുമുന്‍പാണ് വിമാനത്തിന്റെ മുന്നിലെ ചക്രങ്ങള്‍ പ്രവര്‍ത്തനരഹിതമാണെന്നു പൈലറ്റ് തിരിച്ചറിയുന്നത്. തുടര്‍ന്ന് പൈലറ്റ് അടിയന്തര ലാന്‍ഡിംഗിന് അറിയിപ്പു നല്‍കി. ചക്രങ്ങളില്ലാതെ ഇറക്കുന്നതിന്റെ ഭാഗമായി ആദ്യം വിമാനത്തിന്റെ ഭാരം കുറക്കുന്നതിനു വേണ്ടി ഇന്ധം കത്തിച്ചു. തുടര്‍ന്ന് ലാന്‍ഡിംഗ് നടത്തുകയായിരുന്നു.
വിമാനത്തിന്റെ മുന്‍ ഭാഗം നിലത്ത് തട്ടുന്നതിന് മുമ്പായി പിന്‍ ചക്രങ്ങള്‍ നിലത്തിറക്കി. വിമാനം റണ്‍വേയില്‍നിന്ന് അല്‍പം തെന്നി മാറിയെങ്കിലും ഉടന്‍ പ്രവര്‍ത്തനം നിലച്ചതോടെ സുരക്ഷിതമായി യാത്രക്കാരെ പുറത്തിറക്കാന്‍ കഴിഞ്ഞു.
Leave a Reply