പിഴ കര്‍ശനമാക്കിയതോടെ ഹെല്‍മെറ്റ് വിപണിയില്‍ കൊള്ള

പിന്‍സീറ്റ് യാത്രക്കാര്‍ക്കടക്കം പിഴ കര്‍ശനമാക്കിയതോടെ ഹെല്‍മെറ്റ് വിപണിയില്‍ നടക്കുന്നത് പകല്‍ കൊള്ള. മൂന്നു ദിവസത്തിനുള്ളില്‍ 100 മുതല്‍ 500 വരെയാണ് ഹെല്‍മെറ്റിന്റെ വിലവര്‍ധന.

ഫരീദാബാദ്, ബെല്‍ഗാവ്, ഹിമാചല്‍പ്രദേശ് എന്നിവിടങ്ങളില്‍നിന്നാണ് ഹെല്‍മെറ്റുകള്‍ കേരളത്തില്‍ എത്തുന്നത്. നിർമാണ കമ്പനികൾ ഒന്നും തന്നെ വില കൂട്ടിയിട്ടുമില്ല.

799 രൂപ മുതല്‍ 27,000 രൂപ വരെ വിലയുള്ള ഹെല്‍മെറ്റുകള്‍ വിപണിയിലുണ്ട്. എന്നാല്‍, പിന്‍സീറ്റ് യാത്രക്കാര്‍ക്കടക്കം ഹെല്‍മെറ്റ് കര്‍ശനമാക്കിയത് കണക്കിലെടുത്ത് ഇതര സംസ്ഥാനങ്ങളില്‍നിന്ന് ഗുണന്മേയില്ലാത്ത ഹെല്‍മെറ്റുകള്‍ വഴിയോരങ്ങളിലടക്കം വില്‍പനയ്ക്ക് എത്തുന്നു. തമിഴ്നാട്ടില്‍ കുടില്‍ വ്യവസായമായി നിര്‍മിക്കുന്നവയും ഇക്കൂട്ടത്തിലുണ്ട്.

കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമായുള്ള ഹെല്‍മെറ്റിനാണ് ആവശ്യക്കാരേറെ. ‘മൂന്നു ദിവസമായി ഹെല്‍മെറ്റിന് നല്ല കച്ചവടമുണ്ട്. കുട്ടികളുടെ ഹെല്‍മെറ്റിനാണ് ഇപ്പോള്‍ ആവശ്യക്കാരേറെയാണ്’- ഹെല്‍മെറ്റ് ഷോപ്പിലെ ജീവനക്കാരന്‍ പറയുന്നു.

കുട്ടികളെ ആകര്‍ഷിക്കുന്നതിന് കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെ ചിത്രങ്ങള്‍ പതിച്ച കുട്ടിഹൈല്‍മറ്റുകളും എത്തിത്തുടങ്ങിയിട്ടുണ്ട്. സ്‌കൂള്‍ ബാഗുകളില്‍ കണ്ടിരുന്ന ചോട്ടാ ഭീം, സ്പൈഡര്‍മാന്‍, ബെന്‍ ടെന്‍, ഡോറ എന്നീ കഥാപാത്രങ്ങളെല്ലാം ഹെല്‍മെറ്റുകളിലേക്ക് കുടിയേറി.

ഹെല്‍മറ്റുകള്‍ അധികവും കറുപ്പ്, വെളുപ്പ് എന്നീ അടിസ്ഥാന നിറങ്ങളിലാണ്. ഇതിന് പുറമേ യുവാക്കളെ ആകര്‍ഷിക്കുന്നതിന് പിങ്ക്, മിന്റ്, പര്‍പ്പിള്‍, മഞ്ഞ, ചുവപ്പ് തുടങ്ങിയ നിറങ്ങളിലും ഹെല്‍മറ്റുകള്‍ ധാരാളമായി എത്തുന്നുണ്ട്. 4000-5000 രൂപ വിലയുള്ള ഗ്രാഫിക്സ് പതിപ്പിച്ചവയാണ് യുവാക്കള്‍ അധികവും തെരഞ്ഞെടുക്കുന്നത്.

സ്റ്റഡ്സിന്റെ ഹാഫ് ഹെല്‍മെറ്റ് ‘ഡ്യൂഡി’ന് 800 രൂപയാണ് വില. അടിപൊളി ഗ്രാഫിക്സും ഡബിള്‍ വൈസറുമൊക്കെയുള്ള സ്റ്റഡ്സ് ‘മാക്സി’ന് 2,165 രൂപയാണ് വില. കഴുകി ഉപയോഗിക്കാന്‍ സാധിക്കും എന്നതാണ് ഇതിന്റെ സവിശേഷത.

ഐ.എസ്.ഐ. മാര്‍ക്കുള്ള ഹെല്‍മെറ്റ് തന്നെയാണ് മിക്കവരും ചോദിച്ചുവരുന്നതെങ്കിലും ഇതില്ലാത്ത ഹെല്‍മെറ്റ് ആവശ്യപ്പെടുന്നവരും ഉണ്ട്. വിലക്കുറവാണ് ഇവരെ ആകര്‍ഷിക്കുന്ന ഘടകം. 300 രൂപ മുതല്‍ ഇത്തരം ഹെല്‍മെറ്റ് ലഭ്യമാണ്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*