പ്രസവ വേദനയില്‍ കരഞ്ഞ യുവതിയുടെ കരണത്ത് നഴ്‌സിന്റെ അടി

അന്തസ്സോടെയും അഭിമാനത്തോടെയും പ്രസവിക്കാനുള്ള അവകാശം എല്ലാ സ്ത്രീകള്‍ക്കുമുള്ളതാണ്. അത് കവര്‍ന്നെടുക്കാന്‍ ആര്‍ക്കും ഒരിക്കലും അവകാശമില്ല- 44 വര്‍ഷം പ്രസവ ശുശൂഷ വിദഗ്ധ എന്ന നിലയില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ആന്‍ യേറ്റ്സിന്റേതാണ് വാക്കുകള്‍.

പ്രസവ സമയത്ത് എന്തിന് സ്ത്രീകള്‍ അപമാനവും അക്രമവും സഹിക്കുന്നു. അതിന്റെ ആവശ്യമില്ലല്ലോ. അത് ലോകത്തുനിന്ന് തുടച്ചുനീക്കേണ്ട സമയമായിരിക്കുന്നു’- ആന്‍ പറയുന്നു.

നാലു പതിറ്റാണ്ടിലേറെ നീണ്ട തന്റെ സേവനകാലത്തു പലപ്പോഴും സ്ത്രീകള്‍ അപമാനവും അവമതിയും സഹിക്കുന്നതിനു താന്‍ സാക്ഷിയായിരുന്നെന്നു ആന്‍ .താന്‍ നേരിട്ടുകണ്ട ഒരു സംഭവം തനിക്ക് ഒരിക്കലും മറക്കാനാവില്ലെന്നും അവർ പറഞ്ഞു.

രാവിലെ താന്‍ മെറ്റേണിറ്റി വാര്‍ഡില്‍ ചെന്നപ്പോഴായിരുന്നു സംഭവം. പ്രസവം അടുത്തുകൊണ്ടിരുന്ന ഒരു സ്ത്രീ ഉച്ചത്തില്‍ നിലവിളിക്കുകയായിരുന്നു. രാത്രി മുഴുവന്‍ അവര്‍ കരയുകയായിരുന്നു. രാവിലെയായപ്പോഴേക്കും കരച്ചില്‍ ഉച്ചത്തിലായി. ആ സ്ത്രീയുടെ കൂടെ തുണയ്ക്ക് ആരും ഇല്ലായിരുന്നു.



യുവതിയുടെ കരച്ചില്‍ ഉച്ചത്തിലായതോടെ അടുത്തേക്കു ചെന്ന നഴ്സ് അവരുടെ മുഖത്ത് അതിശക്തിയായി അടിച്ചു. ഉച്ചത്തില്‍ കരഞ്ഞ് മറ്റുള്ളവരുടെ ചെവിക്ക് കേടു വരുത്തുന്നെന്ന് പറഞ്ഞായിരുന്നു മര്‍ദനം. ഉറക്കെ കരയുന്നതിന്റെ പേരില്‍ മറ്റൊരാളും അവരെ ഉച്ചത്തില്‍ ശകാരിക്കുന്നുണ്ടായിരുന്നു. വായടയ്ക്കാന്‍ വേറൊരു നഴ്സും അവരോട് ക്രൂരത നിറഞ്ഞ സ്വരത്തില്‍ പറയുന്നുണ്ടായിരുന്നു.

താന്‍ സാക്ഷിയായ അനുഭവം ഒറ്റപ്പെട്ടതല്ലെന്നാണ് ആന്‍ പറയുന്നത്. ലോകത്തിന്റെ പല ഭാഗങ്ങളിലും പലര്‍ക്കും ഇത്തരം അനുഭവങ്ങള്‍ ഉണ്ടാകുന്നുണ്ട്. ഘാന, ഗയാന, മ്യാന്‍മര്‍, നൈജീരിയ എന്നിവടങ്ങളില്‍ പ്രസവത്തിനു പ്രവേശിപ്പിക്കപ്പെടുന്ന യുവതികള്‍ക്ക് അപമാനം ഏറ്റുവാങ്ങേണ്ടിവരുന്നതായി ഒരു റിപ്പോര്‍ട്ട് അടുത്തിടെ പ്രസിദ്ധീകരിച്ചിരുന്നു. അതിന്റെ പശ്ചാത്തലത്തിലാണ് ആനിന്റെ പ്രതികരണം.

അപമര്യാദ നിറഞ്ഞ പെരുമാറ്റത്തിന്റെ കാരണം എന്താണെന്നതിലേക്കും പഠനങ്ങള്‍ നീണ്ടിരുന്നു. ശരിയായ പിശീലനം ഇല്ലാത്ത നഴ്സുമാര്‍, അമിത ജോലിയെത്തുടര്‍ന്ന് സംഘര്‍ഷം അനുഭവിക്കുന്നവര്‍, ആരോഗ്യ പ്രശ്നങ്ങളുള്ളവര്‍ എന്നിവരാണ് ഗര്‍ഭിണികളായ സ്ത്രീകളോട് മോശമായി പെരുമാറുന്നവരില്‍ മുന്‍പന്തിയിലെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply