ആലപ്പാടിനായി ശബ്ദമുയര്‍ത്തി പൃഥ്വിരാജ്
ആലപ്പാട് നടക്കുന്ന അശാസ്ത്രീയ കരിമണല്‍ ഖനനത്തിനെതിരേ പ്രദേശവാസികള്‍ നടത്തുന്ന സമരത്തിന് പിന്തുണയുമായി പൃഥ്വിരാജ്.
ഒരു ഫേസ്ബുക്ക് പോസ്റ്റോ ഹാഷ് ടാഗോ, പ്രതീക്ഷിക്കുന്ന ചലനം ഉണ്ടാക്കുമോ എന്ന കാര്യത്തില്‍ തനിക്ക് സംശയമുണ്ടെന്നും എന്നാല്‍ അധികാരികള്‍ നടപടി സ്വീകരിക്കുന്നതുവരെ ശബ്ദമുയര്‍ത്തണമെന്നും പൃഥ്വിരാജ് ഫേസ്ബുക്കില്‍ കുറിച്ചു.
പൃഥ്വിരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ്
‘(ഉന്നയിക്കാന്‍ പോകുന്ന വിഷയത്തിന്) ഒരു ഫേസ്ബുക്ക് പോസ്റ്റ് എത്രത്തോളം സഹായകമാവുമെന്ന് എനിക്കറിയില്ല. ഒരു വിഷയം ഉയര്‍ന്നുവരുമ്പോള്‍ നമ്മളെല്ലാം ചെയ്യാറുള്ള സോഷ്യല്‍ മീഡിയ ‘ഇടപെടല്‍’ നാള്‍ ചെല്ലുന്തോറും അര്‍ഥമില്ലാതായി മാറുന്നതായാണ് തോന്നുന്നത്. പക്ഷേ ഇപ്പോഴത്തെ പ്രശ്നം എന്നെ അലട്ടുന്നു.
വിശ്വാസം ചോദ്യംചെയ്യപ്പെടുകയും മതം ചര്‍ച്ചാവിഷയമാവുകയും ചെയ്യുമ്പോഴുള്ള ബഹളമാണ് നടക്കുന്നത്. അതേസമയം, ചില മനുഷ്യരുടെ അതിജീവനവും അവര്‍ വീടെന്ന് വിളിക്കുന്ന ഇടവും അപകടത്തിലാണ്. എന്നാല്‍ ചില കാരണങ്ങളാല്‍ പ്രൈം ടൈം വാര്‍ത്തകളില്‍ ഇത് ഇടംപിടിക്കുന്നില്ല. പ്രതീക്ഷിക്കുന്ന ഹാഷ് ടാഗോടെയാണ് ഞാന്‍ ഈ പോസ്റ്റ് അവസാനിപ്പിക്കാന്‍ പോകുന്നത്.
പക്ഷേ ഹാഷ് ടാഗ് മാത്രമാണല്ലോ സംഭവിക്കുന്നത് എന്ന അലോസരപ്പെടുത്തുന്ന ചിന്ത വിഷാദമുണ്ടാക്കുന്നു. എനിക്ക് പ്രതീക്ഷിക്കാന്‍ മാത്രമാവും, എന്റെ ശബ്ദം ഉയര്‍ന്നുകൊണ്ടിരിക്കുന്ന പ്രതീഷേധത്തിനൊപ്പം ചേരുന്നത്. ഇന്നല്ലെങ്കില്‍ നാളെ, നടപടി എന്നത് അധികാരികളുടെ തെരഞ്ഞെടുപ്പ് അല്ലാതാകുന്നത് വരെ നമ്മള്‍ ശബ്ദമുയര്‍ത്തുകതന്നെ ചെയ്യും.’
പൊതുമേഖലാ സ്ഥാപനങ്ങളായ ഇന്ത്യന്‍ റെയര്‍ എര്‍ത്ത് ലിമിറ്റഡ്, കേരളാ മിനറല്‍ ആന്‍ഡ് മെറ്റല്‍സ് ലിമിറ്റഡ് എന്നീ കമ്പനികളാണ് ആലപ്പാട് കരിമണല്‍ ഖനനം നടത്തുന്നത്. വിഷയം ട്രോള്‍ ഗ്രൂപ്പുകള്‍ ഉള്‍പ്പെടെ സോഷ്യല്‍ മീഡിയ ഏറ്റെടുത്തതോടെയാണ് ഏറെക്കാലമായുള്ള പ്രാദേശിക സമരം വിണ്ടും ചര്‍ച്ചയായത്.
Leave a Reply