പിവിഎസ് ആശുപത്രിയില്‍ സമരം ശക്തമാക്കാനൊരുങ്ങി ഡോക്ടര്‍മാരും ജീവനക്കാരും

പിവിഎസ് ആശുപത്രിയില്‍ സമരം ശക്തമാക്കാനൊരുങ്ങി ഡോക്ടര്‍മാരും ജീവനക്കാരും

പിവിഎസ് ആശുപത്രിയില്‍ സമരം ശക്തമാക്കാന്‍ ജീവനക്കാരും ഡോക്ടര്‍മാരും തീരുമാനിച്ചു. ആശുപത്രി മാനേജ്‌മെന്റ് വ്യക്തമായ തീരുമാനം അറിയിക്കാതെ ഉരുണ്ടുകളിക്കുന്നെന്നാണ് ഇവര്‍ പറയുന്നത്.

അതേസമയം ആശുപത്രി അടച്ചുപൂട്ടുന്നുണ്ടോ എന്ന കാര്യത്തില്‍ വ്യക്തമായ തീരുമാനം പറയാന്‍ ഡയറക്ടര്‍ പി വി മിനി ഒരാഴ്ച സമയം ആവശ്യപ്പെട്ടു. ആശുപത്രി ഡയറക്ടര്‍ബോര്‍ഡ് അംഗംകൂടിയായ അച്ഛന്‍ പി വി ചന്ദ്രനുമായി ആലോചിച്ചശേഷം അഭിപ്രായം പറയാമെന്നായിരുന്നു ഇവരുടെ നിലപാട്.

ഇതോടെ ജോയിന്റ് ലേബര്‍ കമീഷണര്‍ കെ ശ്രീലാല്‍ നിലപാട് അറിയിക്കാനായി മാനേജ്‌മെന്റിന് 20 വരെ സമയം അനുവദിച്ചു. 20ന് രാവിലെ 10.30ന് വ്യക്തമായ തീരുമാനം അറിയിച്ചില്ലെങ്കില്‍ തുടര്‍ നടപടികളിലേക്ക് നീങ്ങുമെന്നും അദ്ദേഹം തിങ്കളാഴ്ച വിളിച്ചുചേര്‍ത്ത യോഗത്തില്‍ അറിയിച്ചു.

ആശുപത്രി പൂട്ടിയിട്ടില്ലെന്നും എന്നാല്‍, ജീവനക്കാര്‍ക്കും ഡോക്ടര്‍മാര്‍ക്കും ശമ്പളം നല്‍കാന്‍ പണമില്ലെന്നുമാണ് മാനേജ്‌മെന്റിന്റെ നിലപാട്. എല്ലാ ജീവനക്കാര്‍ക്കും തുക നല്‍കുമെന്ന് ഇവര്‍ പറയുന്നുണ്ടെങ്കിലും പിരിച്ചുവിടുമ്പോഴും രാജിവച്ചു പോകുമ്പോഴും നല്‍കുന്ന നഷ്ടപരിഹാരത്തുകയില്‍ വലിയ വ്യത്യാസമുണ്ടാകും.

കഴിഞ്ഞ ദിവസം നടത്തിയ ചര്‍ച്ചയില്‍ പങ്കെടുത്ത ഡയറക്ടര്‍ പി വി മിനിയോ ഡയറക്ടര്‍ബോര്‍ഡ് അംഗംകൂടിയായ മകനോ ആശുപത്രിയുടെ ഫിനാന്‍സ് മാനേജരോ ഈ തുകയുടെ കാര്യത്തില്‍ കൃത്യമായ മറുപടി നല്‍കിയില്ല. ഇതോടെയാണ് ആശുപത്രി ജീവനക്കാരുടെയും ഡോക്ടര്‍മാരുടെയും സംഘടന സമരം ശക്തിപ്പെടുത്താനുള്ള തീരുമാനമെടുത്തത്.

ഐഎംഎ പ്രതിനിധികളായി ഡോ. ജുനൈദ് റഹ്മാന്‍, ഡോ. ഹനീഷ് മീരാസ എന്നിവരും ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും യുണൈറ്റഡ് നേഴ്‌സസ് അസോസിയേഷന്റെയും പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുത്തു.

ജീവനക്കാര്‍ ആരെങ്കിലും ഗ്രാറ്റുവിറ്റിയെ സംബന്ധിച്ച് പരാതി ഉന്നയിച്ചാല്‍ അത് 45 ദിവസത്തിനകം ലഭ്യമാക്കുന്നതിനുള്ള കര്‍ശന നടപടി സ്വീകരിക്കുമെന്നും കെ ശ്രീലാല്‍ മാനേജ്‌മെന്റിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതിനായി വേണ്ടിവന്നാല്‍ റവന്യൂ റിക്കവറി ഉള്‍പ്പെടെയുള്ള നടപടികള്‍ ലേബര്‍ കമീഷണര്‍ക്ക് ശുപാര്‍ശ ചെയ്യാനാകും.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment