യോഗ്യതാ വിവാദം : ഹർമൻ പ്രീത് കൗറിനെ തരംതാഴ്ത്തും
ട്വന്റി 20 വനിതാ ടീം ക്യാപ്റ്റന് ഡി എസ് പി സ്ഥാനം നഷ്ട്ടമാകും
ചണ്ഡീഗഡ്: ട്വന്റി 20 വനിതാ ടീം ക്യാപ്റ്റനും അർജുന അവാർഡ് ജേതാവുമായ ഹർമൻ പ്രീത് കൗറിന് ഡി എസ് പി സ്ഥാനം നഷ്ടമായേക്കും.വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തെ തുടർന്നാണ് നടപടി. വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഹാജരാക്കിയാണ് ഹർമൻ പ്രീത് കൗർ പോലീസിൽ ഡി എസ് പിയായി ജോലിയിൽ പ്രവേശിച്ചത് എന്നു ചൂണ്ടിക്കാട്ടി ഉന്നത ഉദ്യോഗസ്ഥർ ആഭ്യന്തര വകുപ്പിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ കോൺസ്റ്റബിൾ ആയി തരം താഴ്ത്താനാണ് പഞ്ചാബ് സർക്കാരിന്റെ തീരുമാനം എന്നാണ് സൂചന. പോലീസ് വേരിഫിക്കേഷന്‍റെ ഭാഗമായി നടന്ന അന്വേഷണത്തിൽ ഇങ്ങനെയൊരു വിദ്യാർത്ഥി ഇവിടെ പഠിച്ചിട്ടില്ല എന്നും സർട്ടിഫിക്കറ്റിൽ രേഖപെടുത്തിയിരിക്കുന്ന രജിസ്റ്റർ നമ്പർ നിലവിലില്ല എന്നും യൂണിവേഴ്‌സിറ്റി വൃത്തങ്ങൾ അറിയിച്ചു.
ഇതോടെ മീററ്റിലെ ചൗധരി ചരൺ സിംഗ് യൂണിവേഴ്‌സിറ്റിയിൽ നിന്നും ഡിഗ്രി നേടിയെന്ന ഹർമൻ പ്രീതിന്റെ വാദം പൊളിയുകയായിരുന്നു. എന്നാൽ തന്‍റെ പരിശീലകന്‍റെ നിർദേശ പ്രകാരം ചരൺ സിംഗ് സർവകലാശാലയിൽ പ്രവേശനം നേടുകയും പരീക്ഷകൾ കൃത്യമായി എഴുതുകയും ചെയ്തിരുന്നു എന്നും യൂണിവേഴ്‌സിറ്റി നൽകിയ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് അറിയില്ലായിരുന്നു എന്നും ഹർമൻ പ്രീത് തനിക്കെതിരെ ഉയർന്നു വന്ന വിവാദത്തോടു പ്രതികരിച്ചു.
ഡിഗ്രി സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് തെളിഞ്ഞതിനാൽ ഹയർസെക്കൻഡറി വിദ്യാഭ്യാസം അടിസ്ഥാന യോഗ്യതയായി കണക്കാക്കി കോൺസ്റ്റബിളായി പദവി തരംതാഴ്ത്താനാണ് സർക്കാർ തീരുമാനം. ഡി എസ് പി പദവി ആവശ്യപ്പെടുന്ന വിദ്യാഭ്യാസ യോഗ്യത നേടുന്ന പക്ഷം നഷ്ടപ്പെട്ട പദവി തിരികെ ലഭിക്കും.
റെയിൽവേയിൽ ജോലി ചെയ്യുകയായിരുന്ന ഹർമൻ പ്രീത് ലോകകപ്പിലെ മിന്നും പ്രകടനത്തെ തുടർന്ന് നാലു മാസം മുൻപാണ് പോലീസ് സേനയിൽ പ്രവേശിച്ചത്. റെയിൽവേയിലെ ബോണ്ട് കാലാവധിയുമായി ബന്ധപ്പെട്ട് ഉയർന്നു വന്ന പ്രശ്നങ്ങൾ മുഖ്യമന്ത്രി അമരീന്ദർ സിംഗ് റെയിൽ വകുപ്പുമായി സംസാരിച്ച് ഒഴിവാക്കുകയായിരുന്നു.
ഹർമൻ പ്രീതിന് പുറമേ 4×400 മീറ്റർ റിലേയിൽ 2010 ലെ കോമൺവെൽത്ത് ഗെയിംസ് സ്വർണ മെഡൽ ജേതാവായിരുന്ന മൻദീപ് കൗറും വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിൽപെട്ടിട്ടുള്ള താരമാണ്. 2016 ൽ പഞ്ചാബ് പോലീസിൽ ഡിഎസ്പി പദവി നൽകിയെങ്കിലും പോലീസ് വേരിഫിക്കേഷനിൽ അത് വ്യാജമാണെന്ന് തെളിഞ്ഞതിനെ തുടർന്ന് മൻദീപിനെ പദവിയിൽ നിന്നും നീക്കാൻ മുഖ്യമന്ത്രി അമരീന്ദർ സിംഗ് ഉത്തരവിടുകയായിരുന്നു.
Leave a Reply
You must be logged in to post a comment.