രാജ്യം വെളിയിടവിസര്‍ജനമുക്തമായില്ല; പ്രധാനമന്ത്രിയുടെ പ്രഖ്യാപനം തെറ്റെന്നു തെളിയിച്ച് എന്‍.എസ്.ഒ റിപ്പോര്‍ട്ട്

ന്യൂദല്‍ഹി: രാജ്യത്തെ ഗ്രാമീണ മേഖലകളില്‍ 95 ശതമാനം വീടുകളിലും കക്കൂസുകളായെന്ന കേന്ദ്രസര്‍ക്കാരിന്റെ വാദം തള്ളി നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് (എന്‍.എസ്.ഒ) സര്‍വേ. സ്വച്ഛ് ഭാരത് പദ്ധതിയുടെ കീഴില്‍ ഇന്ത്യ വെളിയിടവിസര്‍ജനമുക്തമായെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിനാണ് ഇതോടെ തിരിച്ചടിയേറ്റത്.

ശനിയാഴ്ച പുറത്തുവിട്ട സര്‍വേയില്‍ 71 ശതമാനം വീടുകളില്‍ മാത്രമാണ് കക്കൂസുകള്‍ എത്തിയതെന്നു പറയുന്നുണ്ട്. ആന്ധ്രാപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളെ സര്‍വേയ്ക്കു മുന്‍പുതന്നെ ഒ.ഡി.എഫായി പ്രഖ്യാപിച്ചിരുന്നു. ഇവിടങ്ങളില്‍ 100 ശതമാനവും കക്കൂസുകളെത്തിയെന്നും അവ പൂര്‍ണമായും ഉപയോഗിക്കുന്നുണ്ടെന്നും കേന്ദ്രം അവകാശപ്പെട്ടിരുന്നു. പിന്നീട് സര്‍വേ കാലയളവില്‍ ജാര്‍ഖണ്ഡ്, കര്‍ണാടക, മധ്യപ്രദേശ്, തമിഴ്‌നാട് സംസ്ഥാനങ്ങളെയും ഒ.ഡി.എഫായി പ്രഖ്യാപിച്ചു. എന്നാൽ ജാര്‍ഖണ്ഡിലെ ഗ്രാമീണമേഖലയില്‍ ആകെ 42 ശതമാനത്തില്‍ മാത്രമാണ് കക്കൂസുകളെത്തിയതെന്ന് സര്‍വേയില്‍ കണ്ടെത്തി. തമിഴ്‌നാട്ടിൽ അത് 37 ശതമാനവും രാജസ്ഥാനില്‍ 34 ശതമാനവും ആണ്. രണ്ടുവര്‍ഷം മുന്‍പുതന്നെ ഒ.ഡി.എഫായി പ്രഖ്യാപിച്ച ഗുജറാത്തില്‍ കാല്‍ഭാഗത്തോളം വീടുകളില്‍ കക്കൂസുകളില്ല. 2017 ഒക്ടോബറിലാണ് ഗുജറാത്തിനെ ഒ.ഡി.എഫായി പ്രഖ്യാപിച്ചത്. കര്‍ണാടകയില്‍ 30 ശതമാനം, മധ്യപ്രദേശില്‍ 29, ആന്ധ്രാപ്രദേശില്‍ 22, മഹാരാഷ്ട്രയില്‍ 22 എന്നിങ്ങനെയാണ് ബാക്കിയുള്ള ‘ഒ.ഡി.എഫ് സംസ്ഥാന’ങ്ങളില്‍ ഇനിയും കക്കൂസ് ലഭിക്കേണ്ടുന്ന കണക്കുകള്‍. 2018 ഒക്ടോബറില്‍ സ്വച്ഛ് ഭാരത് അഭിയാന്‍ (ഗ്രാമീണ്‍) പദ്ധതിയുടെ കീഴില്‍ 25 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഒ.ഡി.എഫായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇപ്പോഴും 28.7 ശതമാനം വീടുകളിലും കക്കൂസുകള്‍ ലഭിക്കാനുണ്ടെന്ന് എന്‍.എസ്.ഒ വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*