രജനീകാന്തിന്റെ ഭാര്യ ലത വിചാരണ നേരിടണം : സുപ്രീംകോടതി
കർണാടക ഹൈക്കോടതിയുടെ വിധി തള്ളി സുപ്രീം കോടതി; വഞ്ചനാ കേസിൽ രജനീകാന്തിന്റെ ഭാര്യ ലത വിചാരണ നേരിടണം
വഞ്ചനാ കേസിൽ വിചാരണ നേരിടാന്‍ രജനികാന്തിന്റെ ഭാര്യ ലതയോട് സുപ്രീം കോടതി. ലതയ്ക്കെതിരായ പരാതി റദ്ദാക്കിയ കർണാടക ഹൈക്കോടതിയുടെ വിധി തള്ളി ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവു പുറപ്പെടുവിച്ചത്.വിചാരണ നേരിടേണ്ട കേസാണിതെന്നും കോടതി വിലയിരുത്തി.
എന്തുകൊണ്ടാണ് പരാതി റദ്ദാക്കിയതെന്ന് ഹൈക്കോടതി വ്യക്തമാക്കിയിട്ടില്ലെന്നും വിചാരണ വേളയിൽ ലതയ്ക്ക് നിരപരാധിത്വം തെളിയിക്കാവുന്നതാണെന്നും കോടതി വ്യക്തമാക്കി. ലതയെ കുറ്റവിമുക്തയാക്കിയതിനെതിരെ സമർപ്പിച്ച ഹർജി കോടതി സ്വീകരിച്ചു. വിചാരണ അനുവദിച്ച സാഹചര്യത്തിൽ വിചാരണക്കോടതിയിൽ നിന്നു ലത ജാമ്യം തേടേണ്ടി വരും.
പരസ്യക്കമ്പനി നൽകിയ വഞ്ചന കേസിൽ കോടതി വിധി അനുസരിക്കാതിരുന്നതിനു ലതയെ ശാസിച്ച സുപ്രീംകോടതി, കോടതി ഉത്തരവുകളെ നിസാരമായി കാണുന്നത് അനുവദിക്കാനാവില്ലെന്നും വ്യക്തമാക്കിയിരുന്നു.2014ല്‍ പുറത്തിറങ്ങിയ ‘കൊച്ചടിയാൻ’ എന്ന ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷനു വേണ്ടിയാണ് പണമിടപാട് നടത്തിയത്.
മീഡിയ വൺ ഡയറക്ടർമാരിലൊരാളായ ലത നൽകിയ വ്യക്തിഗത ഉറപ്പിന്മേലായിരുന്നു ഇത്.ഈ തുക തിരിച്ചടച്ചില്ലെന്നു മാത്രമല്ല, വാങ്ങിയ പണം പഴയ ചില കടങ്ങള്‍ വീട്ടാനായും ഇവർ ഉപയോഗിച്ചുവെന്നാണ് കമ്പനിയുടെ പരാതി. വിചാരണ കോടതി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നെങ്കിലും കർണാടക ഹൈക്കോടതി പരാതി റദ്ദാക്കി ഉയർന്ന കോടതിയെ സമീപിക്കാന്‍ നിർദേശിക്കുകയായിരുന്നു.
Leave a Reply
You must be logged in to post a comment.