മത വികാരം വ്രണപ്പെടുത്തി: രാമായണം സീരിയല്‍ സംപ്രേഷണം നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്

മത വികാരം വ്രണപ്പെടുത്തി: രാമായണം സീരിയല്‍ സംപ്രേഷണം നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്

മത വികാരം വ്രണപ്പെടുത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് പഞ്ചാബില്‍ രാമയണ കഥയെ അടിസ്ഥാനപ്പെടുത്തിയുള്ള സീരിയലിന്റെ സംപ്രേഷണം നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്. വാല്‍മീകി സമുദായത്തിന്റെ ദിവസങ്ങള്‍ നീണ്ട പ്രതിഷേധത്തിനൊടുവിലാണ് രാം സിയാ കേ ലവ കുശ് എന്ന സീരിയല്‍ നിര്‍ത്തിവെച്ചത്.

വാല്‍മീകി മഹര്‍ഷിയെ മോശമായി ചിത്രീകരിക്കുന്നു എന്ന് ആരോപിച്ച് കളേസ് ടിവി സംപ്രേക്ഷണം ചെയ്യുന്ന സീരിയലിനെതിരെ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് മുഖ്യമന്ത്രി അമരീന്തര്‍ സിങ് നിരോധിക്കുകയായിരുന്നു. സീരിയലിനെതിരെയുള്ള പ്രതിഷേധം പലയിടത്തും സംഘര്‍ഷത്തിലേക്ക് വഴിമാറിയതോടെയാണ് നടപടി. സംഭവവുമായി ബന്ധപ്പെട്ടുള്ള പ്രതിഷേധത്തിനിടെ കഴിഞ്ഞ ദിവസം ജലന്ധറില്‍ ഒരാള്‍ക്ക് വെടിയേറ്റിരുന്നു.

സീരിയലിനെതിരേ ശനിയാഴ്ച്ച പഞ്ചാബില്‍ 24 മണിക്കൂര്‍ ബന്ത് പ്രഖ്യാപിച്ചിരുന്നു. സീരിയല്‍ രാജ്യവ്യാപകമായി നിരോധിക്കണമെന്നും സംവിധായകനെയും നിര്‍മാതാവിനെയും അറസ്റ്റ് ചെയ്യണമെന്നും സംഘടന ആവശ്യപ്പെട്ടു. വാല്‍മീകി ആക്ഷന്‍ കമ്മിറ്റിയുടെ ബന്തില്‍ ജലന്തര്‍, അമൃത്സര്‍, ഹോഷിയാര്‍പൂര്‍, കപൂര്‍ത്തല, ഫഗ്വാര, ഫിറോസ്പൂര്‍ എന്നിവിടങ്ങളില്‍ വ്യാപാര സ്ഥാപനങ്ങള്‍ അടഞ്ഞുകിടന്നു. ലുധിയാനയില്‍ ബന്ത് ഭാഗികമായിരുന്നു. പ്രതിഷേധക്കാര്‍ ജലന്തറിനും അമൃത്സറിനും ഇടയില്‍ ദേശീയ പാത-1 ഉപരോധിക്കുകയുണ്ടായി.

ഇതോടെയാണ് സീരിയല്‍ സംപ്രേഷണം നിര്‍ത്തിവെക്കാന്‍ മുഖ്യമന്ത്രി ഉത്തരവിട്ടു. പഞ്ചാബിലെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സംവിധായകനെയും നിര്‍മാതാവിനെയും അറസ്റ്റ് ചെയ്തില്ലെങ്കില്‍ സമരം തുടരുമെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. സെന്‍സര്‍ ബോര്‍ഡില്‍ മതനേതാക്കളുടെ പ്രതിനിധികളെ ഉള്‍പ്പെടുത്തണമെന്നും സംഘടനാ നേതാക്കള്‍ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment