കെണിയില്‍ വീഴ്ത്തുന്നത് സ്വവര്‍ഗ്ഗരതിക്കായി;അഞ്ചംഗ കവര്‍ച്ചാസംഘം പോലീസ് പിടിയില്‍

കെണിയില്‍ വീഴ്ത്തുന്നത് സ്വവര്‍ഗ്ഗരതിക്കായി;അഞ്ചംഗ കവര്‍ച്ചാസംഘം പോലീസ് പിടിയില്‍

ഭീഷണിപ്പെടുത്തി പണവും ആഭരണങ്ങളും കവര്‍ച്ച നടത്തുന്ന അഞ്ചംഗ സംഘം പോലീസ് പിടിയില്‍. ഇവര്‍ ആളുകളെ കെണിയില്‍ വീഴ്ത്തുന്നത് സ്വവര്‍ഗ്ഗരതിക്കായി പ്രേരിപ്പിച്ചാണെന്ന് പോലീസ് പറഞ്ഞു. ഞായറാഴ്ചയാണ് സംഘത്തിനെ കസബ പോലീസ് അറസ്റ്റ് ചെയ്തത്.

ആളുകളെ വിളിച്ചുവരുത്തി അവരില്‍ നിന്ന് പണവും സ്വര്‍ണവും കവരുകയാണ് ഇവരുടെ പ്രധാന ലക്ഷ്യം. മാനാഞ്ചിറ കേന്ദ്രീകരിച്ചാണ് ഇവര്‍ കവര്‍ച്ച നടത്തി വന്നത്.

ജില്ലയ്ക്ക് അകത്തും പുറത്തുമുള്ള സമാനമായ നിരവധി കേസുകള്‍ക്ക് കവര്‍ച്ചാസംഘത്തിലെ പ്രതികള്‍ പിടിയിലായതോടെ തുമ്പുണ്ടാകുമെന്നാണ് പോലീസ് പ്രതീക്ഷിക്കുന്നത്. ഇവരെ ചോദ്യം ചെയ്തതില്‍ നിന്ന് സ്ഥിരമായി ഇത്തരത്തില്‍ കവര്‍ച്ച നടത്താറുണ്ടെന്ന് പോലീസിന് വ്യക്തമായി.

മലപ്പുറം സ്വദേശികളായ തിരൂര്‍ വാണിയന്നൂര്‍ അമ്പയത്ത് വീട്ടില്‍ ഷെഫീഖ് (19), തിരൂര്‍ കൂട്ടായി പാടത്ത് പീടിയേക്കല്‍ അനസ്(20), വി.പി.അങ്ങാടി പാറക്കല്‍ ഷമീര്‍ (27), താനൂര്‍ ഒട്ടുംപുറം കുട്ടൂസന്റെ പുരയ്ക്കല്‍ മുഹമ്മദ് മുക്താര്‍ (30), തിരൂര്‍ താനാലൂര്‍ നീലിയാട്ട് ജലീല്‍ (22) തുടങ്ങിയവരാണ് പോലീസ് പിടിയിലായത്.

ഷെഫീഖാണ് ആളുകളെ പ്രലോഭിപ്പിച്ച് കെണിയില്‍ വീഴ്ത്തുന്നതെന്നും പോലീസ് പറഞ്ഞു. ഇവരുടെ പ്രവര്‍ത്തനം കോഴിക്കോട് കോട്ടപറമ്പിനു സമീപത്തെ ലോഡ്ജുകള്‍ കേന്ദ്രീകരിച്ചായിരുന്നു.

സമാനമായ രീതിയിലുള്ള കവര്‍ച്ച കോഴിക്കോട്, താനൂര്‍, വഴിക്കടവ്, കുറ്റിപ്പുറം എന്നിവിടങ്ങളില്‍ നിന്നെല്ലാം നടത്തിയിട്ടുണ്ടെന്ന് പ്രതികള്‍ പോലീസിന് മൊഴി നല്‍കി. ഇവരുടെ വലയില്‍ നിരവധിപേര്‍ കുരുങ്ങിയിട്ടുണ്ട്.

ഇവര്‍ ധാരാളം ആളുകളെ ഹോട്ടല്‍ റൂമില്‍ വിളിച്ചു വരുത്തി പിന്നീട് സദാചാര ഗുണ്ടയിസം നടത്തി ഭീഷണിപ്പെടുത്തി പണം വാങ്ങാറുണ്ടെന്നും പോലീസ് പറഞ്ഞു. നാണക്കേട് ഭയന്ന് പലരും തട്ടിപ്പിനെക്കുറിച്ച് പരാതി നല്‍കിയിട്ടില്ല.

കേസിനാസ്പദമായ സംഭവം ഞായറാഴ്ച വൈകിട്ട് എട്ടരയോടെ കോട്ടപ്പറമ്പ് ആശുപത്രിയ്ക്ക് മുന്നില്‍ വെച്ചാണ് നടക്കുന്നത്. വഴിക്കടവ് സ്വദേശിയായ അബ്ദുള്‍ മജീദിനെ ആക്രമിച്ച് പേഴ്സും 25,000 രൂപയും കവരുകയുമായിരുന്നു. നാട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കും പ്രതികള്‍ രക്ഷപ്പെട്ടു.

അബ്ദുള്‍ മജിദ് നല്‍കിയ പരാതിയില്‍ കസബ എസ്ഐ വി. സിജിത്തും സംഘവും നാലു മണിക്കൂര്‍ കൊണ്ട് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികള്‍ പിടിയിലായത്. മലപ്പുറം കോട്ടക്കലില്‍ നിന്നുമാണ് ഇവരെ പിടികൂടിയത്.

പഴയ സാധനങ്ങള്‍ വില്‍ക്കാനായാണ് ടൂവീലര്‍ വര്‍ക്ക് ഷോപ്പ് നടത്തുന്ന അബ്ദുള്‍ മജിദ് ശനിയാഴ്ച കോഴിക്കോട് എത്തിയത്. സാധനങ്ങള്‍ വിറ്റശേഷം മാനാഞ്ചിറയില്‍ ഇരിക്കുന്ന സമയത്ത് ഷെഫീഖ് പരിചയപ്പെടാനായി എത്തുകയായിരുന്നു.

സംഭാഷണത്തിനിടെ ഹോട്ടലില്‍ മുറിയെടുത്തിട്ടുണ്ടെന്നും അവിടെ വിശ്രമിച്ച ശേഷം നാട്ടിലേക്ക് പോകാമെന്നും പറഞ്ഞ് മജീദിനെ അവിടേയ്ക്ക് കൂട്ടികൊണ്ടുപോയി. ഹോട്ടലിലേക്ക് ഇടവഴിയിലൂടെ പോവുന്നതിനിടെ മറ്റു നാലുപേര്‍ കൂടി എത്തി ആക്രമിച്ച് മജീദിന്റെ കൈവശമുണ്ടായിരുന്നു പഴ്സും പണവും കൈക്കലാക്കി.

തുടര്‍ന്ന് സൈബര്‍സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ കോട്ടക്കലില്‍ ഒരു ഹോട്ടലില്‍ താമസിക്കുന്നതായി വിവരം ലഭിച്ച എസ്ഐയും സംഘവും കോട്ടക്കല്‍ പോലീസിന്റെ സഹായത്തോടെ പ്രതികളെ പിടികൂടുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*