ശബരിമലയിൽ സ്ത്രീ സുരക്ഷക്ക് ഇതരസംസ്ഥാനക്കാരുൾപ്പെടെ അഞ്ഞൂറോളം വനിതാ പോലീസുകാരെ വിന്യസിക്കും – ഡി.ജി.പി ലോക്നാഥ് ബെഹ്‌റ
ശബരിമലയിൽ സ്ത്രീ സുരക്ഷക്ക് ഇതരസംസ്ഥാനക്കാരുൾപ്പെടെ അഞ്ഞൂറോളം വനിതാ പോലീസുകാരെ വിന്യസിക്കും – ഡി.ജി.പി ലോക്നാഥ് ബെഹ്‌റ
തുലാമാസം 18 ന് ശബരിമല നടതുറക്കുമ്പോൾ കോടതിവിധിയുടെ ആനുകൂല്യത്തിൽ മലചവിട്ടാനെത്തുന്ന സ്ത്രീകളുടെ സുരക്ഷ മുൻനിർത്തി ശബരിമലയിൽ അഞ്ഞൂറോളം വനിതാ പൊലീസുകാരെ ഡ്യൂട്ടിക്ക് വിന്യസിക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ പറഞ്ഞു. സ്ത്രീപ്രവേശനം സംബന്ധിച്ചുള്ള പ്രതിഷേധം മുറുകുംതോറും ഈ വിഷയത്തിൽ പിന്നോട്ടില്ലെന്ന നിലപാടാണ് സംസ്ഥാന സർക്കാർ കൈക്കൊണ്ടിരിക്കുന്നത്.
കോടതിവിധിക്ക്ശേഷം ആദ്യമായി നടതുറക്കുമ്പോൾ സ്ത്രീകൾ ശബരിമലയിൽ എത്തുകയാണെങ്കിൽ അവർക്ക് സുരക്ഷ ഉറപ്പാകേണ്ടതിന്റെ പൂർണ്ണ ഉത്തരവാദിത്വം സംസ്ഥാന സർക്കാരിനുണ്ട്. ഇതിനായി അഞ്ഞൂറോളം വനിതാ പൊലീസുകാർക്കാണ് ആദ്യഘട്ടത്തിൽ പരിശീലനം നൽകുക. വനിതാപോലീസുകാരുടെ താല്പര്യം കൂടി നോക്കിയിട്ടായിരിക്കും തിരഞ്ഞെടുപ്പ് നടത്തുക.
ഓരോ പ്ളറ്റൂണ്‍ വനിതാ പൊലീസിനെയെങ്കിലും അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഡി.ജി.പി തമിഴ്നാട്, കര്‍ണാടക, ആന്ധ്രാ, തെലങ്കാന, പോണ്ടിച്ചേരി എന്നീ സംസ്ഥാനങ്ങൾക്ക് കത്തയച്ചിട്ടുണ്ട്. എന്നാൽ മറ്റൊരു സംസ്ഥാനവും ഈ വിഷയത്തിൽ അനുകൂലനിലപാട് സ്വീകരിക്കില്ല എന്നാണ് സൂചന.
വിശ്വാസികളായ വനിതാ പൊലീസുകാരെ നിർബന്ധിച്ചു മലയ്ക്ക് കൊണ്ടുപോകുന്ന സാഹചര്യമുണ്ടെങ്കിൽ ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കുമെന്ന് പന്തളം രാജകുടുംബം പ്രതികരിച്ചു.അതേസമയം, ഇഷ്ടമുള്ളവർക്ക് പോകാമെന്നും ശബരിമലയിലേക്ക് പോകുന്നസ്ത്രീകളുടെ ഉത്തരവാദിത്വം സിപിഎം ഏറ്റെടുക്കില്ലെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.ശബരിമല വിഷയം എല്ലാവരുമായും സഹകരിച്ച് നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും, ശബരിമലയിൽ പുലരേണ്ടത് ശാന്തിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Leave a Reply