ശബരിമല ക്ഷേത്രനട ഇന്ന് തുറക്കും

ശബരിമല ക്ഷേത്രനട ഇന്ന് തുറക്കും

ഇടവമാസ പൂജകള്‍ക്കായി ശബരിമല ശ്രീധര്‍മ്മശാസ്താ ക്ഷേത്രനട ഇന്ന് ( 14.5.19) ന് വൈകുന്നേരം 5 മണിയ്ക്ക് തുറക്കും.ക്ഷേത്രംതന്ത്രി കണ്ഠരര് രാജീവരരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി വി.എന്‍.വാസുദേവന്‍ നമ്പൂതിരി ക്ഷേത്രശ്രീകോവില്‍ നട തുറന്ന് ദീപം തെളിക്കും.

തുടർന്ന് തന്ത്രി അയ്യപ്പഭക്തർക്ക് വിഭൂതി പ്രസാദം വിതരണം ചെയ്യും. അതിനുശേഷം പതിനെട്ടാം പടിക്ക് മുന്നിലായുള്ള ആഴിയിൽ തീ തെളിച്ച ശേഷമായിരിക്കും ഇരുമുടികെട്ടേന്തിയ അയ്യപ്പഭക്തരെ പതിനെട്ടാം പടി കയറാൻ അനുവദിക്കുക.നട തുറക്കുന്ന ദിവസം പ്രത്യേക പൂജകള്‍ ഒന്നുമുണ്ടാകില്ല.

അന്നേ ദിവസം രാത്രി 10 ന് ഹരിവരാസനം പാടി നട അടയ്ക്കും.മെയ് 15ന് രാവിലെ 5 മണിക്ക് ക്ഷേത്രനട തുറന്ന് നിര്‍മ്മാല്യവും അഭിഷേകവും നടത്തും.തുടര്‍ന്ന് ഗണപതിഹോമവും പതിവ് പൂജകളും ഉണ്ടാകും.നെയ്യഭിഷേകം,കളഭാഭിഷേകം, ഉദയാസ്തമന പൂജ,പടിപൂജ എന്നിവ നടതുറന്നിരിക്കുന്ന എല്ലാദിവസങ്ങളിലും ശബരീശ്വര സന്നിധാനത്ത് നടക്കും.

മെയ് 19 ന് രാത്രി ഹരിവരാസനം പാടി ക്ഷേത്രനട അടയ്ക്കും. നട അടയ്ക്കുന്ന ദിവസം സഹസ്രകലശാഭിഷേകവും ഉണ്ടാകും. ഇടവമാസ പൂജകള്‍ക്കായി നടതുറന്നിരിക്കുന്ന സമയത്ത് കേരളത്തിനകത്തും പുറത്തു നിന്നുമായി ആയിരക്കണക്കിന് ഭക്തര്‍ അയ്യപ്പദര്‍ശനപുണ്യത്തിനായി എത്തിച്ചേരും.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*