ശബരിമല സന്ദര്‍ശനം ; രഹ്ന ഫാത്തിമ നല്‍കിയ റിട്ട് ഹര്‍ജിക്കെതിരെ സുപ്രീം കോടതിയില്‍ തടസ്സ ഹര്‍ജി

ന്യൂ ഡല്‍ഹി : ശബരിമല സന്ദര്‍ശിക്കുവാന്‍ സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ നല്‍കിയ റിട്ട് ഹര്‍ജിക്കെതിരെ അഖില ഭാരതീയ അയ്യപ്പ ധര്‍മ്മ പ്രചാര സഭ തടസ്സ ഹര്‍ജി ഫയല്‍ ചെയ്തു. തങ്ങളുടെ വാദം കേള്‍ക്കാതെ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കരുതെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. അതേസമയം ശബരിമല ആചാര സംരക്ഷണ സമിതി തിങ്കളാഴ്ച തടസ്സ ഹര്‍ജി സമര്‍പ്പിച്ചേക്കും.

രഹ്ന ഫാത്തിമ നല്‍കിയ ഹര്‍ജിയില്‍ കക്ഷി ചേരാന്‍ ആണ് സുപ്രീം കോടതിയില്‍ അരയ സമാജം അപേക്ഷ നല്‍കിയതെന്നാണ് റിപ്പോര്‍ട്ട്. സ്വാർത്ഥ താല്പര്യമാണ് ലക്ഷ്യമെന്നും ബലം പ്രയോഗിച്ച്‌ യുവതികളെ ശബരിമലയില്‍ പ്രവേശിപ്പിച്ചാല്‍ അത് ശബരിമലയിലും സംസ്ഥാനത്തും നിലനില്‍ക്കുന്ന സമാധാന അന്തരീക്ഷം തകര്‍ക്കുമെന്നും അരയ സമാജം അപേക്ഷയില്‍ പറയുന്നു.

ബിന്ദു അമ്മിണിയുടെ അപേക്ഷ ശബരിമല സന്ദര്‍ശനത്തിന് സംരക്ഷണം തേടി രഹ്ന ഫാത്തിമ നല്‍കിയ റിട്ട് ഹര്‍ജിക്കൊപ്പം ഈ ആഴ്ച കേള്‍ക്കാം എന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ നേരത്തെ വ്യക്തമാക്കിയിരുന്നു. 2018ലെ ശബരിമല യുവതി പ്രവേശന വിധി അന്തിമമല്ലെന്നും വിപുലമായ ബെഞ്ച് കേസ് പരിഗണിക്കുന്നതിനാലാണ് വിധി അന്തിമമല്ലാത്തതെന്നും അദ്ദേഹം പരാമര്‍ശിച്ചിരുന്നു.

ശബരിമല യുവതീ പ്രവേശന വിധി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ബിന്ദു അമ്മിണി സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. ഭരണഘടനാ ബെഞ്ചിന്റെ വിധിക്കെതിരെ നല്‍കിയ പുനഃപരിശോധനാ ഹര്‍ജികളില്‍ തീരുമാനമെടുക്കുവാന്‍ വിശാല ബെഞ്ചിന് വിട്ട സുപ്രീം കോടതി വിധിയില്‍ ജസ്റ്റിസ് റോഹിങ്ടണ്‍ നരിമാനും ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡും എഴുതിയ ന്യൂനപക്ഷ വിധി പത്ര-ദൃശ്യമാധ്യമങ്ങളില്‍ കൂടി വ്യാപക പ്രചാരണം നല്‍കണമെന്നും, ഈ ആവശ്യപ്രകാരമുള്ള നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ബിന്ദു അമ്മിണി ആവശ്യപ്പെടുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply